Wednesday, June 27, 2012

ദുനിയാവ് കയറിയ വീട്..., by aboo zahid


ഉമര്‍ബനുല്‍ ഖത്താബിന്റ (റ) ഭരണകാലത്ത് സിറിയന്‍ തലസ്ഥാനമായ ഹിമ്മാസ്സിലെ ഗവര്‍ണറായിരുന്നു സഈദ്ബ്നു ആമിര്‍. ഒരിക്കല്‍ ഉമര്‍(റ) ആ പ്രദേശങ്ങളില്‍ പര്യടനം നടത്തി. ജനങ്ങളുടെ പട്ടിണിയും ദാരിദ്യ്രവും ഇല്ലാതാക്കാന്‍ ഒരു പദ്ധതി അദ്ദേഹം ആസൂത്രണം ചെയ്തു. പദ്ധതി വിജയത്തിനായി ആ പ്രദേശത്തെ എല്ലാ സാധു ദരിദ്രജനങ്ങളുടെയും പട്ടിക തയ്യാറാക്കാന്‍ അദ്ദേഹം അവിടുത്തുകാരോട് ആവശ്യപ്പെട്ടു. പട്ടിക തയ്യാറാക്കി നോക്കുമ്പോള്‍ ഒന്നാം സ്ഥാനത്ത് സഈദ്ബ്നു ആമിര്‍ തന്നെ.
ഉമര്‍ ചോദിച്ചു, 'ഈ സഈദ്ബ്നു ആമിര്‍ ആരാണ്?'
'നമ്മുടെ ഗവര്‍ണര്‍ തന്നെ.' മറുപടി കേട്ടപ്പോള്‍ വീണ്ടും ഉമര്‍ ചോദിച്ചു, 'അദ്ദേഹത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് വേതനം ലഭിക്കുന്നില്ലേ?'
ജനങ്ങള്‍ പറഞ്ഞു. 'ഉണ്ട്, പക്ഷേ അതെല്ലാം സാധുജനങ്ങള്‍ക്ക് വീതിച്ചുകൊടുക്കുകയാണ് പതിവ്.' ഇതുകേട്ട ഉമര്‍ കരഞ്ഞുപോയി. പിന്നീട് ആയിരം ദീനാറിന്റ ഒരു കിഴിയും ഒരു കത്തും അദ്ദേഹം സഈദ്ബ്നു ആമിറിനു കൊടുത്തയച്ചു. ദൂതനോട് ഉമര്‍ ഇപ്രകാരം പറയുകയും ചെയ്തു. 'സഈദ്ബ്നു ആമിറിന് എന്റെ സലാം പറയുക. ഈ സംഖ്യ അദ്ദേഹത്തിന് സ്വന്തം ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു എന്ന് പറയുക.' ദൂതന്‍ സഈദിന്റെ സന്നിധിയില്‍ ചെന്നു. കിഴി സമര്‍പ്പിച്ച ശേഷം ഉമറിന്റെ സന്ദേശം കേള്‍പ്പിച്ചു. സഈദ് കിഴി കെട്ടഴിച്ച് നോക്കിയപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന സ്വര്‍ണനാണയങ്ങള്‍. അദ്ദേഹം ഒരു ഞെട്ടലോടെ പറഞ്ഞു. 'ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍' ഇത് കേട്ട് ഭാര്യ പരിഭ്രാന്തിയോടെ ഓടിവന്ന് ചോദിച്ചു, 'അമീറുല്‍ മുഅ്മിനീന്‍ ഉമറിന് എന്തെങ്കിലും പറ്റിയോ?' 'അതിലും വമ്പിച്ച വിപത്ത്.' സഈദ് മറുപടി പറഞ്ഞു. 'വല്ല ദൈവികടയാളങ്ങളും അല്ലെങ്കില്‍ വല്ല അത്യാഹിതങ്ങളും' -ഭാര്യ വീണ്ടും ചോദിച്ചു. 'അതാണെങ്കിലും ക്ഷമിക്കാമായിരുന്നു. ഇത് അതിനേക്കാള്‍ വമ്പിച്ച സംഭവമാണ്. ഇതാ നോക്കൂ, ഇവിടെ ദുനിയാവ് വന്നിരിക്കുന്നു. എന്റെ വീട്ടില്‍ ഫിത്ന പ്രവേശിച്ചു.'
സഈദിന്റെ പരിഭ്രാന്തിക്കും അസ്വാസ്ഥ്യത്തിനും ശമനമുണ്ടായത് ആ നല്ല സ്ത്രീയുടെ ഈ വാക്കുകള്‍ കേട്ടപ്പോഴാണ്, 'ഇത്ര പരിഭ്രമിക്കാനെന്താണ് അത് യഥേഷ്ടം ദൈവമാര്‍ഗത്തിലങ്ങ് വിനിയോഗിച്ചു കൂടെ.' സഈദ് പണക്കിഴി കെട്ടിവെച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആ വഴികടന്നുപോയ ഒരു പോരാളി സംഘത്തിന് ആ സംഖ്യ മുഴുവന്‍ വീതിച്ചു കൊടുക്കുകയാണുണ്ടായത്.
--------------------------------------------------------------------------------------------------------------------------------
അല്ലാഹുവിന്റെ മഹാന്മാരായ അടിമകള്‍ - അവര്‍ക്ക് ദുനിയാവിലെ പ്രയാസങ്ങളിലുള്ള സന്തോഷം ആഖിരമാകുന്ന കാല കാല സന്തോഷതിലെക്കുള്ള പ്രതീക്ഷ ആയിരുന്നു....നാമോ....?

No comments:

Post a Comment