Monday, September 12, 2011

ഖബറിലെ സ്ഥിതി

സജ്ജനങ്ങള്‍ ഖബറില്‍ 


സ്വാലിഹായ ഒരു മനുഷ്യനെ ഖബറില്‍ വെച്ച് കഴിഞ്ഞാല്‍ മുന്കര്‍, നകീര്‍ (അ) എന്ന രണ്ടു മലക്കുകള്‍ വന്നു അവനെ എഴുന്നേല്പിച്ചു ഇരുത്തി ചോദ്യങ്ങള്‍ ചോദിക്കുന്നു , " നിന്റെ റബ്ബ് ആര്‍?" അദ്ദേഹം മറുപടി പറയുന്നു " എന്റെ റബ്ബ് അല്ലാഹുവാണ് . അതിനെ തുടര്‍ന്നു "നിന്റെ ദീന്‍ ഏതു, എന്റെ ദീന്‍ ഇസ്ലാം ; നിങ്ങളിലേക്ക് അയക്കപ്പെട്ട ഈ മനുഷ്യന്‍ ആര്, അത് അല്ലാഹുവിന്റെ റസൂല്‍ ആകുന്നു ; നിന്റെ അറിവെന്ത്‌, ഞാന്‍ അല്ലാഹുവിന്റെ കിത്താബ് വായിക്കുകയും വിശ്വസിക്കുകയും ചെയ്തിരിക്കുന്നു ' എന്നിങ്ങനെ ചോദ്യങ്ങള്‍ ചോദിക്കപെടുകയും അതിനു തക്കതായ മറുപടി നല്‍കുകയും ചെയ്യുന്നു . അപ്പോള്‍ വാനലോകത്ത് നിന്ന് ഒരു വിളി കേള്‍ക്കുന്നു " എന്റെ അടിമ സത്യം പറഞ്ഞിരിക്കുന്നു . അവന്നു നിങ്ങള്‍ സ്വര്‍ഗ്ഗീയ വസ്ത്രങ്ങളും വിരിപ്പുകളും നല്‍കുക.അവടെ ഖബറില്‍ നിന്ന് സ്വര്‍ഗത്തിലേക്കു ഒരു വാതില്‍ തുറന്നു വെക്കുകയും ചെയ്യുക'. അപ്പോള്‍ റഹ്മതിന്റെ  മലക്കുകള്‍ വന്നു ആ ഖബര്‍ വിശാലമാക്കുകയും സ്വര്‍ഗത്തില്‍ നിന്നുള്ള വസ്തുക്കള്‍ കൊണ്ട് ഖബര്‍ പ്രകാശമുള്ളതാക്കി തീര്‍ക്കുകയും ചെയ്യുന്നു. സ്വര്‍ഗത്തിലെ പരിമളം അവിടെ അങ്ങ് വീശും.അപ്പോള്‍ സുമുഖനായ ഒരാള്‍ വന്നു പറയുന്നു , "സന്തോഷിച്ചു കൊള്ളൂ , നിനക്ക് വേണ്ടി സന്തോഷകരമായ എല്ലാ കാര്യങ്ങളും ഒരുക്കി വെച്ചിരിക്കുന്നു ". അപ്പോള്‍ അവന്‍ നിങ്ങളാരാണ് എന്ന് ചോദിക്കുകയും അതിന്നു മറുപടി ആയി "നീ ദുനിയാവില്‍ വെച്ച് ചെയ്ത സ്വാലിഹായ അമലുകളാണ് ഞാന്‍" എന്ന് മറുപടി ലഭിക്കുകയും ചെയ്യും. അയാളെ ഖബറില്‍ നിന്ന് പുനര്ജീവിപ്പിക്കുന്ന നാള്‍ വരേയ്ക്കും  അയാള്‍ക്ക്‌ ആ സൗകര്യവും പ്രകാശവും ലഭിക്കുന്നതാണ് എന്ന് ഒരു ഹദീസ്‌ കഹ്ബുല്‍ അഖ്ബാര്‍ (റ) നിവേദനം ചെയ്തിരിക്കുന്നു.

ജനങ്ങള്‍ ഒരാളെ മറവു ചെയ്തു പിരിഞ്ഞു പോകുമ്പോള്‍  അവരുടെ ചെരുപ്പിന്റെ ശബ്ദം പോലും അവന്‍ കേള്‍ക്കുന്നുണ്ടാവും ഖബറില്‍ കിടക്കുന്നവര്‍ തങ്ങള്‍ക്കു വേണ്ടപ്പെട്ടവരുടെ വര്‍ത്തമാനങ്ങള്‍ അറിയുവാന്‍ ആഗ്രഹിച്ചു കാത്തിരിക്കുന്നതാണ്. അവരുടെ വീട്ടുകാരും മക്കളും അവര്‍ക്ക് വേണ്ടി ചെയ്യുന്ന സല്‍കര്‍മ്മങ്ങളുടെ  സന്തോഷവാര്‍ത്ത അവരെ ഖബറില്‍ അറിയിക്കുന്നതാണെന്ന് മുജാഹിദ്‌(റ) പറഞ്ഞിരിക്കുന്നു.മുഅമിന്‍ ആയ മനുഷ്യന്‍ അവന്റെ ഖബറില്‍ പച്ചനിറത്തില്‍ ഉള്ള തോട്ടത്തിലായിരിക്കും വസിക്കുന്നത് എന്നും വിശാലമായ പൂര്‍ണച്ചന്ദ്രനെ പ്പോലെ പ്രകാശവും ഉള്ള സ്ഥലത്തായിരിക്കും അതു എന്ന് പറഞ്ഞിട്ടുണ്ട്.
തീര്‍ച്ചയായും മയ്യിത്ത്‌ ഖബറില്‍ വെച്ച് കയിഞ്ഞാല്‍ അത് എഴുന്നേറ്റു ഇരിക്കുകയും മയ്യിത്ത്‌ സംസ്കാരത്തിന് പങ്കെടുത്തവര്‍ മടങ്ങിപോകുന്ന കാലടിയുടെ ശബ്ദം കേള്‍ക്കുകയും ചെയ്യുമെന്നും ഖബര്‍ അവനോടു സംസാരിക്കുമെന്ന്  നബി(സ) പറഞ്ഞതായി ഒരു ഹദീസ്‌ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ഒരു മയ്യിത്ത് സംസ്കാരകര്‍മ്മത്തില്‍ വെച്ച് അബ്ദുല്ലാഹിബ്നു ഉമൈര്‍(റ) പറയുകയുണ്ടായി.

ദുര്‍ജ്ജനങ്ങള്‍ ഖബറില്‍ 


അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അവഗണിച്ചു ആഡംബരപൂര്‍ണ്ണമായ ജീവിതം നയിച്ച്‌ ഒടുവില്‍ ഈമാനില്ലാതെ മരിക്കുന്ന ഒരാളുടെ മയ്യിത്ത് ഖബറില്‍ വെച്ചാല്‍  കറുത്തിരുണ്ട രൂപത്തില്‍ മുന്കര്‍ നകീര്‍ (അ) അവനോടു "നിന്റെ റബ്ബ് ആര്‍?" , നിന്റെ നബി ആര് ? നിന്റെ മതം ഏതാണ്? എന്നെല്ലാം ചോദിക്കും , എനിക്കറിയില്ല എന്ന് അവന്‍ ഉത്തരം പറയുകയും ചെയ്യും . അപ്പോള്‍ വികൃതമുഘവും ചീഞ്ഞ വസ്ടവും ദുര്‍ഗ്ഗന്തവുമുള്ള ഒരാള്‍ അവിടെ വന്നു അവനെ ശപിച്ചു "നിന്റെ നാശത്തിനായി വന്നതാണ് ഞാന്‍" എന്ന് പറയും , നീ ആരാണ് എന്ന ചോദ്യത്തിന് നിന്റെ ചീത്ത പ്രവര്‍ത്തികളാണ് ഞാനെന്നും അള്ളാഹു നിനക്ക് തക്കതായ ശിക്ഷ പ്രതിഫലമായി നല്‍കട്ടെ എന്നും പറയും.

അതിന്ന് ശേഷം കണ്ണ് കാണാത്തതും ചെവി കേള്‍ക്കാത്തതും ആയ ഒരു മലക്ക്  വലിയ ഒരു ഇരുമ്പ്  ദണ്ടുമായി അവന്റെ അടുത്ത് വന്നു അതിനെ അടിക്കുന്നു.അപ്പോള്‍ ഒരു അശരീരി  വിളിച്ചു പറയുന്നു: " തീ കൊണ്ടുള്ള രണ്ടു പലകകള്‍ നിങ്ങള്‍ അവന്നു വിരിച്ചു കൊടുക്കുകയും നരകത്തിലേക്കുള്ള ഒരു വാതില്‍ നിങ്ങള്‍ അവന്നു തുറന്നു വെക്കുകയും ചെയ്യണം". അതനുസരിച്ചു കാര്യങ്ങള്‍ നടക്കുന്നു  . പിന്നെ ഭൂമിയോട് അവന്റെ മേല്‍ കൂടിച്ചേരുക എന്നു പറയപ്പെടുകയും ചെയ്യുന്നു അതോടെ അവന്റെ വാരിയെല്ലുകള്‍ തമ്മില്‍ കോര്‍ക്കതക്ക നിലയില്‍ ഭൂമി അവന്റെ മേല്‍ കൂടിച്ചേരുകയും ചെയ്യും.

അല്ലാഹുവിന്റെ കല്പനകളെ അവഗണിച്ചു ജീവിച്ചു ഈമാന്‍ കിട്ടാതെ മരിക്കുന്നവരെ കുറിച്ച് അള്ളാഹു (swt) പറയുന്നു : ' വല്ലവനും എന്റെ സ്മരണയില്‍ നിന്ന് മുഖം തിരിച്ചു കളഞ്ഞാല്‍ , ഇടുങ്ങിയ ജീവിതമാണ് അവന്നു അനുഭവപ്പെടുക. പുനരുദ്ധാരണ ദിവസം അന്ധനായാണ് (മറ്റുള്ളവരുടെ കൂട്ടത്തില്‍) നാം അവനെ കൊണ്ട് വരിക '. (വി ..ഖു . 20:124) . അവന്റെ ഖബറില്‍ വലിയ പാമ്പുകളും തേളുകളും ഉണ്ടാവും , അവ ഖിയാമത്ത്‌ നാള്‍ വരേയ്ക്കും അവനെ ഊതുകയും കടിക്കുകയും ചെയ്തു കൊണ്ടിരിക്കും എന്ന് നബി(സ) പറഞ്ഞതായി ഒരു ഹദീസ് അബൂഹുറൈറ(റ) നിവേദനം ചെയ്തിരിക്കുന്നു.അവന്‍ ചെയ്തിട്ടുള്ള തെറ്റ് കുറ്റങ്ങള്‍ അനുസരിച്ചായിരിക്കും അവനുള്ള ശിക്ഷയും .

അവന്‍ ഖബറില്‍ നിന്ന് പുനരുജ്ജീവിക്കുന്നത് വരെ അങ്ങിനെ പലതരത്തിലും ശിക്ഷിക്കപെടുന്നതാണ് എന്ന് നബി(സ) പ്രസ്താവിച്ചതായി അബൂഹുറൈറ(റ) നിവേദനം ചെയ്തിരിക്കുന്നു.