Thursday, August 30, 2012

സ്വലാത്തിന്‍റെ മഹത്വങ്ങള്‍,(നേട്ടങ്ങള്‍ ) , അബൂസുമയ്യ


സ്വലാത്തിന്‍റെ മഹത്വങ്ങള്‍; നേട്ടങ്ങള്‍ 


"إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا" (القرأن الكريم)

സാരം: "നിശ്ചയം അല്ലാഹുവും മലക്കുകളും നബി തങ്ങളുടെ മേല്‍ സ്വലാത്ത്‌ നിര്‍വഹിക്കുന്നു. സത്യ വിശ്വാസികളേ, നിങ്ങളും നബിയുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലുക" (വിശുദ്ധ ഖുര്‍ആന്‍)

" مَنْ صَلَّى عَلَيَّ وَاحِدَةً صَلَّى الله عَلًيْهِ عَشرًا " (حديث) 
സാരം: "ആരെങ്കിലും എന്‍റെ മേല്‍ ഒരു തവണ സ്വലാത്ത്‌ ചൊല്ലിയാല്‍ അല്ലാഹു അവനു പത്തു തവണ സ്വലാത്ത്‌ ചെയ്യുന്നതാണ്" (ഹദീസ്‌ ശരീഫ്‌). മറ്റൊരു റിപ്പോര്‍ട്ടില്‍ ഇത്ര കൂടി ഉണ്ട്. "അവന്‍റെ പത്ത് പാപങ്ങള്‍ പൊറുത്തു കൊടുക്കുന്നതും അവന്‍റെ പത്തു പദവികള്‍ ഉയര്‍ത്തിക്കൊടുക്കുന്നതുമാണ്". 

അല്ലാഹു നബി തങ്ങളുടെ മേല്‍ സ്വലാത്ത്‌ ചെയ്യുക എന്നാല്‍, അല്ലാഹു തന്‍റെ മലക്കുകളുടെ സന്നിധിയില്‍ നബി തങ്ങളെ പ്രകീര്‍ത്തിക്കലാണ്. മലക്കുകളുടെ സ്വലാത്ത്‌ മഗ്ഫിറത്തിനും റഹ്മത്തിനും വേണ്ടി ഉള്ള പ്രാര്‍ത്ഥന ആണ്. മനുഷ്യര്‍ സ്വലാത്ത്‌ ചൊല്ലുക എന്നാല്‍ നബി തങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിന്‍റെ സ്വലാതിനായി ദുആ ചെയ്യലാണ്. അല്ലാഹു നമുക്ക് സ്വലാത്ത്‌ ചെയ്യുക എന്നാല്‍ അവന്‍റെ അനുഗ്രഹം ചൊരിയുക എന്നുമാണ്.

അത്തഹിയ്യാത്തില്‍ ചൊല്ലുന്ന ഇബ്രാഹീമിയ്യ സ്വലാത്ത് സ്വലാതുകളില്‍ വളരെ ശ്രേഷ്ഠമായതാണ്. എന്നാല്‍, നബി (സ) തങ്ങള്‍ക്ക് സ്വലാത്തിനായി എങ്ങിനെ, ഏതു പദം കൊണ്ട് ദുആ ചെയ്താലും അത് ആയത്തിലും ഹദീസിലും നിര്‍ദേശിക്കപ്പെട്ട സ്വലാതാകുമെന്ന് വ്യക്തമാകുന്നു. നബി (സ) തങ്ങള്‍ തന്നെ സ്വലാത്തിന് വിവിധ പദങ്ങള്‍ വിവരിച്ചു കൊടുത്തതായി വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ ഹദീസില്‍ വന്നിട്ടുണ്ട്. ഇത് സ്വലാത്തിന്‍റെ പദങ്ങള്‍ നിര്‍ണ്ണിതമല്ല എന്നതിന് സൂചകമായി മുഹദ്ദിസുകള്‍ എല്ലാം വ്യക്തമാക്കിയിട്ടുണ്ട്. കര്‍മ്മ ശാസ്ത്ര വിധിയും ഇത് തന്നെയാണ്. 

സ്വലാത്തിനോടൊപ്പം സലാമും ചേര്‍ക്കുക, നബി (സ) യുടെ കുടുംബത്തിന്‍റെ മേല്‍ കൂടി സ്വലാത്ത്‌ ചൊല്ലുക എന്നിവ സ്വലാത്തിന്‍റെ പൂര്‍ണതയ്ക്ക് അനിവാര്യമാണ്.

ഇമാം സുലൈമാന്‍ അല്‍ ജസൂലി (റ) അവര്‍കള്‍ ക്രോഡീകരിച്ച ദലാഇലുല്‍ ഖൈറാത്ത് എന്ന സ്വലാത്ത്‌ മുസ്‌ലിം ലോകത്ത്‌ ഏറെ സ്വീകാര്യത നേടിയ സ്വലാതാകുന്നു. ഹദീസില്‍ വാരിദായ മുഴുവന്‍ സ്വലാതുകളെയും ഏകോപിപ്പിച്ച് കൊണ്ട് ഒരാഴ്ച കൊണ്ട് മുഴുവന്‍ ചൊല്ലി തീര്‍ക്കാവുന്ന തരത്തില്‍ ഓരോ ദിവസത്തേക്കും വിഭജിച്ചു കൊണ്ടാണ് ഈ സ്വലാത് രൂപപ്പെടുത്തിയത്‌. ഇജാസത് (അനുമതി) പ്രകാരം ഈ സ്വലാത്ത്‌ ചൊല്ലുക എന്നത് സ്വാലിഹീങ്ങളുടെ ചര്യയാണ്. അതിന്‍റെ പ്രത്യേക കാരണം, മാര്‍ഗദര്‍ശനം നല്‍കാന്‍ യോഗ്യരായ ആത്മീയ ഗുരുക്കന്‍മാരെ (ശൈഖ് മുറബ്ബീ) ലഭിക്കാതിരിക്കുമ്പോള്‍ അതിന് പരിഹാരമായി മഹാന്‍മാര്‍ നിര്‍ദ്ദേശിച്ചത്‌ നബി (സ) തങ്ങളുടെ മേല്‍ സ്വലാത്ത്‌ വര്‍ദ്ധിപ്പിക്കലാണ്. 

സ്വലാത്ത് ചൊല്ലാനുള്ള ഖുര്‍ആന്‍റെ കല്‍പന പൂര്‍ണമായി നിര്‍വഹിക്കാന്‍ ഒരാളുടെ ഒഴിവു വേള മുഴുവന്‍ സ്വലാത്ത്‌ ചൊല്ലണമെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാര്‍ ഉണ്ട്. എന്നാല്‍, ഒരു ദിവസം ൩൦൦ (മുന്നൂറ്) സ്വലാത്ത്‌ എങ്കിലും ചൊല്ലിയാല്‍ സ്വലാത്തിനോടുള്ള ധര്‍മനിര്‍വഹണം ആവുമെന്നാണ് പ്രബല വീക്ഷണം.

ചില സ്വലാതുകളെ പുത്തന്‍വാദികള്‍ വിമര്‍ശിക്കാറുണ്ട്. അജ്ഞത കാരണം അവര്‍ പല സ്വലാതുകളെയും ശിര്‍ക്കോ ബിദ്അത്തോ ആക്കി ചിത്രീകരിക്കുന്നു. നാരിയത്തുസ്സ്വലാത്ത് ഒരു ഉദാഹരണം. 

اللهم صل صلاة كاملة و سلم سلاما تاما على سيدنا محمد الذي تنحل به العقد و تنفرج به الكرب و تقضى به الحوائج و تنال به الرغائب و حسن الخواتم و يستسقى الغمام بوجهه الكريم و على اله و صحبه في كل لمحة و نفس بعدد كل معلوم لك 
നബി (സ) തങ്ങള്‍ മൂലം പ്രയാസത്തിന്‍റെ കെട്ടുകള്‍ അഴിയും, വേദനകള്‍ നിശ്ശേഷം നീങ്ങും, ആവശ്യങ്ങള്‍ സാധിക്കും, മോഹങ്ങള്‍ പൂവണിയും, അവസാനം നന്നായി മരിക്കാന്‍ സാധിക്കും, അവിടുത്തെ മുഖം കൊണ്ട് മേഘത്തോടു മഴ വര്‍ഷിക്കാന്‍ തേടപ്പെടും ഇത്രയും കാര്യങ്ങള്‍ നാരിയത്തുസ്സ്വലാത്തില്‍ പറയുന്നുണ്ട്. എന്നാല്‍, ഇവയത്രയും അക്ഷരം പ്രതി ശരിയാണെന്ന് നിരവധി പ്രമാണങ്ങള്‍ കൊണ്ട് തെളിയുന്നതാണ്. 

ഉബയ്യു ബ്നു കഅബ് (റ) പറഞ്ഞു: നബിയേ, ഞാന്‍ ധാരാളം ദുആ ചെയ്യാറുണ്ട്. എന്‍റെ ദുആയില്‍ നിന്ന് അവിടുത്തേക്ക് ഞാന്‍ എത്ര നീക്കി വെക്കണം ? തങ്ങള്‍ നിന്‍റെ ഇഷ്ടം പോലെ എന്ന് പ്രതികരിച്ചു. "കാല്‍ ഭാഗമായാലോ?" "താങ്കളുടെ ഇഷ്ടം പോലെ. കൂടുതലെങ്കില്‍ നിങ്ങള്‍ക്ക് തന്നെ ഗുണം." "എങ്കില്‍ പകുതിയാകട്ടെ!" "ഇഷ്ടം പോലെ! കൂടിയാല്‍ നിങ്ങള്‍ക്ക് നേട്ടം" "എങ്കില്‍ എന്‍റെ പ്രാര്‍ത്ഥന മുഴുക്കെ തങ്ങള്‍ക്ക് വേണ്ടിയാക്കാം". നബി പ്രതികരിച്ചു: എങ്കില്‍ നിന്‍റെ എല്ലാ മന:പ്രയാസങ്ങളും നിനക്കു തീര്‍ക്കപ്പെടും. പാപങ്ങള്‍ മുഴുക്കെ പൊറുക്കുപ്പെടും. മറ്റൊരു റിപ്പോര്‍ട്ടില്‍ "നിങ്ങളുടെ ഇഹലോകത്തെയും പരലോകത്തെയും പ്രശ്നങ്ങള്‍ മുഴുക്കെ അല്ലാഹു തീര്‍ത്തു തരു"മെന്നാണ് നബിയുടെ പ്രതികരണം. ഇമാം അഹമദ്, തുര്‍മുദി, നസാഈ, ഇബ്നു ഹിബ്ബാന്‍, ത്വബ്‌റാനി, ഹാകിം, എന്നിവരെല്ലാം നിവേദനം ചെയ്ത ഹദീസ്‌ ആണിത്. ഇതിന്‍റെ സനദുകള്‍ പ്രമാണയോഗ്യവും സ്വീകാര്യവുമാണെന്ന് മുഹദ്ദിസുകള്‍ വിവരിച്ചിട്ടുണ്ട്. പുത്തന്‍വാദികളുടെ ഇഷ്ട പണ്ഡിതനായ ശൌക്കാനി പോലും തന്‍റെ തുഹ്ഫത്തുദ്ദാകിരീനില്‍ ഈ ഹദീസും സനദും വിവരിച്ചിട്ടുണ്ട്. മന:പ്രയാസങ്ങളും വേദനകളും വരുമ്പോള്‍ സ്വലാത്ത് ചൊല്ലാന്‍ നിര്‍ദ്ദേശിക്കുന്ന ഹദീസുകള്‍ തന്നെ വന്നിട്ടുണ്ട്. 
സ്വലാത്ത്‌ കൊണ്ട് ലഭിക്കുന്ന നേട്ടം നബി (സ) യെ കൊണ്ട് ലഭിക്കുന്നതാണല്ലോ. അപ്പോള്‍ നബി (സ) യെ കൊണ്ട് പ്രയാസങ്ങള്‍ തീരും എന്ന് പറയുന്നതില്‍ എന്ത് അനൌചിത്യം ആണുള്ളത്? അങ്ങിനെ അനൌചിത്യം ധരിക്കുന്നത് തികഞ്ഞ അജ്ഞതയും വസ്'വാസുമാകുന്നു. 

നബി (സ) തങ്ങളുടെ മുഖം കൊണ്ട് മേഘത്തോടു മഴ വര്‍ഷിക്കാന്‍ തേടപ്പെടുമെന്നത് നബി തങ്ങളുടെ കാലത്ത് തന്നെ നബിയേ പ്രകീര്‍ത്തിച്ചു കൊണ്ട് തങ്ങളുടെ പിതൃവ്യന്‍ അബൂത്വാലിബ്‌ ചൊല്ലിയ വിശേഷണമാണ്. 

وأبيض يستسقى الغمام بوجه *** ثمال اليتامى عصمة للأرامل 
ഇത് നബിതങ്ങള്‍ അംഗീകരിക്കുകയും നബി മേല്‍പ്പോട്ട്‌ മുഖം കാണിച്ചു പ്രാര്‍ഥിച്ചപ്പോള്‍ മഴ വര്‍ഷിച്ച ഒരു സന്ദര്‍ഭത്തില്‍ അവിടുന്ന് കൌതുകത്തോടെ സഹാബാക്കളോട് ഈ വര്‍ണ്ണനയുള്ള പദ്യ ശകലം ചൊല്ലാനാവശ്യപ്പെടുകയും ചെയ്തത് സ്വഹീഹുല്‍ ബുഖാരി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

തിരുനബി (സ) യുടെ പൗത്രന്‍ ഹുസൈന്‍ (റ) യുടെ മകന്‍ അലി സൈനുല്‍ ആബിദീന്‍ (റ) എന്നവര്‍ ഈ സ്വലാത്ത്‌ പതിവാക്കിയിരുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അപ്പോള്‍ ഹിജ്റയുടെ പ്രഥമ നൂറ്റാണ്ടില്‍ത്തന്നെ ഈ സ്വലാത്ത് നിലവിലുണ്ടായിരുന്നുവെന്നും അടിസ്ഥാനമുള്ളതാണെന്നും മനസ്സിലാക്കാം. 

പ്രധാനപ്പെട്ട കാര്യങ്ങള്‍ സാധിക്കുവാനും ആപത്ത്‌ തടുക്കുവാനും ഉദ്ദേശമുള്ളവര്‍ നാരിയത്തുസ്വലാത്ത്‌ ൪൪൪൪ (നാലായിരത്തി നാനൂറ്റി നാല്‍പത്തിനാല്) തവണ ചൊല്ലിയാല്‍ ഉദ്ദേശം സഫലമാകുമെന്ന് സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാതാവായ ഇമാം ഇബ്നു ഹജറുല്‍ അസ്ഖലാനി (റ) യും പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇമാം ഖുര്‍തുബി (റ) യും പ്രസ്താവിച്ചിട്ടുണ്ട്. 

ഇമാം ഖുര്‍തുബി (റ) "സ്വലാത്തു തഫ്'രീജിയ്യ" (പ്രയാസങ്ങള്‍ നീക്കുന്ന സ്വലാത്ത്‌) എന്ന് വിശേഷിപ്പിച്ച ഈ സ്വലാത്തിന് ക്ഷണത്തില്‍ ഫലം കാണുന്നത് കൊണ്ട് പെട്ടെന്ന് പ്രതിഫലനം ഉണ്ടാക്കുന്ന അഗ്നിയോട് ഉപമിച്ചാണ് നാരിയത്തുസ്സ്വലാത്ത് എന്ന പേര് പാശ്ചാത്യന്‍ നാടുകളിലെ പണ്ഡിതന്‍മാര്‍ക്കിടയില്‍ പ്രചാരം വന്നത്. ഇത്രയും മഹത്തായ പാരമ്പര്യം ഉള്ള നാരിയത്തുസ്സ്വലാത്ത് നരകത്തില്‍ കടക്കുന്ന സ്വലാത്ത് ആണെന്ന് പറയാന്‍ ധാര്‍ഷ്ട്യം കാണിച്ചവരുടെ ഹൃദയ കാഠിന്യവും തൊലിക്കട്ടിയും അപാരം തന്നെ!

സ്വലാത്ത്‌ ചൊല്ലാന്‍ നിര്‍ദ്ദേശിക്കപ്പെട്ട വിവിധ സന്ദര്‍ഭങ്ങള്‍, സ്വലാത്തിന്‍റെ വിവിധ നേട്ടങ്ങള്‍ എന്നിവയെല്ലാം മഹാന്‍മാരായ ഇമാമുകള്‍ വിവരിച്ചിട്ടുണ്ട്. ഇന്‍ഷാ അല്ലാഹ്, അവ പിന്നീടാകാം. 
നബി (സ) തങ്ങളുടെ മേല്‍ സ്വലാത്ത്‌ വര്‍ദ്ധിപ്പിക്കാന്‍ അല്ലാഹു നമുക്ക് തൗഫീഖ് നല്‍കി അനുഗ്രഹിക്കട്ടെ - ആമീന്‍. 

وصلى الله علي خير خلقه سيدنا محمد وعلى آله وصحبه وسلم والحمد لله رب العالمين