Thursday, May 24, 2012

വധുവിനെ തിരഞ്ഞെടുക്കുമ്പോള്‍


 വധുവിനെ തിരഞ്ഞെടുക്കുമ്പോള്‍

വിവാഹം കൊണ്ടുള്ള ലക്ഷ്യവും ജീവിതസുഖവും നേടാനും വിവാഹബന്ധം നിലനില്‍ക്കാനും സ്ത്രീയില്‍ അത്യാവിശ്യമായി ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ .

1.മതനിഷ്ഠയുള്ള പതിവ്രതയായിരിക്കല്‍
ഇതാണ് സ്ത്രീയില്‍ പ്രധാനമായും ഉണ്ടായിരിക്കേണ്ട അടിസ്ഥാനഗുണം . സ്ത്രീ അവളുടെ ശരീരത്തെയും ഗുഹ്യസ്ഥാനത്തെയും സൂക്ഷിക്കുന്ന വിഷയത്തില്‍ മതനിഷ്ഠയില്ലാത്തവളാണെങ്കില്‍ , ദുര്‍നടപ്പുകളില്‍ എര്പെട്ടു കൊണ്ട് ഭര്‍ത്താവിനെ വഞ്ചിക്കുവാനും ജനങ്ങള്‍ക്കിടയില്‍ വഷളാക്കുവാനും വ്യഭിചാരശങ്കയാല്‍ അവന്‍റെ മനസ്സ് കുഴപ്പത്തിലാക്കുവാനും ഇട വരും .തെറ്റുകള്‍ ചൂണ്ടികാണിച്ചു ഗൌരവപ്പെട്ടു സംസാരിക്കുകയോ അച്ചടക്കനടപടികള്‍ സ്വീകരിക്കുകയോ ചെയ്താല്‍ ചിലപ്പോള്‍ അവരുടെ ദാമ്പത്യജീവിതം തന്നെ തകര്‍ന്നുപോകും.അവളുടെ ദുഷ്ചെയ്തികളില്‍ നിശബ്ദത പാലിച്ചാല്‍ അത് അവന്‍റെ ദീനിനും അഭിമാനത്തിനും കോട്ടം വരുത്തുക മാത്രമല്ല ജനമദ്ധ്യേ അവന്‍ കൊള്ളരുതാത്തവന്‍ ആയിത്തീരുകയും ചെയ്യും .

മതനിഷ്ഠ ഇല്ലാത്ത സ്ത്രീ സുന്ദരിയും കൂടെ ആണെങ്കില്‍ ഏറ്റവും വല്യ നാശത്തിനുഇടയായി തീരും .ആത്മാര്‍ത്ഥസ്നേഹം പകരാന്‍ കഴിയുകയും ഇല്ല . അവളെ ഒഴിവാക്കാനോ നിലനിര്തുവാനോ കഴിയാത്ത ഒരു അവസ്ഥ വന്നേക്കാം.ഒരിക്കല്‍ നബി(സ) യുടെ സന്നിധിയില്‍ ഒരാള്‍ വന്നു തന്‍റെ ഭാര്യ ‘ആഗ്രഹിച്ചുവരുന്ന ആരുടേയും കൈ തട്ടുന്നില്ല ‘ എന്ന പരാതി പറഞ്ഞു . അവളെ ത്വലാഖ് ചൊല്ലാന്‍ നബി(സ) നിര്‍ദേശിച്ചു . അപ്പോള്‍ അയാള്‍ ഞാന്‍ അവളെ സ്നേഹിക്കുന്നെന്നായി . “എന്നാല്‍ നീ അവളെ നിലനിര്‍ത്തി കൊള്ളുക “ എന്ന് നബി (സ) മറുപടി നല്‍കി .സ്നേഹമുള്ള ഭാര്യയെ ത്വലാഖ് ചൊല്ലിയാലും അവന്‍റെ മനസ്സ് അവളില്‍ ലയിക്കുകയും അവളോടൊപ്പം അവനും ദുഷിക്കുവാന്‍ ഇടയാക്കുകയും ചെയ്യുമെന്ന് ഭയപ്പെട്ടതിനാലാവാം നബി(സ) ഇങ്ങനെ കല്പിച്ചതു.മനപ്രയാസത്തോട്‌ കൂടിയാണെങ്കിലും വല്യനാശത്തെ തടുക്കുവാന്‍ ആ വിവാഹത്തെ നിലനിര്‍ത്തുകയാണ് ഉത്തമമെന്നതിനലാണ് ഇങ്ങനെ നബി(സ) നിര്‍ദേശിച്ചത് എന്ന് മനസ്സിലാക്കാം.

സ്ത്രീ ഭര്‍ത്താവിന്റെ സമ്പത്ത് നാശപ്പെടുത്തിയോ മറ്റോ മതനിഷ്ഠയില്ലാത്തവളാണെങ്കിലും അവന്‍റെ ജീവിതം കുഴപ്പം തന്നെ.കാരണം നിഷിദ്ധങ്ങളില്‍ അവന്‍ മൗനം പാലിച്ചാല്‍ അവനും കുറ്റവാളിയാകും.”നിങ്ങള്‍ നിങ്ങളുടെ ശരീരത്തെയും ഭാര്യാ-സന്താനങ്ങളെയും നരകത്തില്‍ നിന്ന് കാത്തുരക്ഷിക്കുക” എന്ന അല്ലാഹുവിന്‍റെ കല്‍പനക്ക് വിപരീതം പ്രവര്‍ത്തിച്ചവനാകും , എതിര്‍ത്താല്‍ കുടുംബജീവിതം കുഴപ്പത്തിലാകാനും സാധ്യതയുണ്ട്.അതുകൊണ്ടാണ് മതനിഷ്ഠയുള്ള സ്ത്രീയെ വിവാഹം ചെയ്യാന്‍ നബി(സ) കൂടുതല്‍ പ്രേരിപ്പിച്ചത്.

നബി(സ) പറഞ്ഞു “സ്ത്രീയെ വിവാഹം ചെയ്യുന്നത് അവളുടെ ധനത്തിന് വേണ്ടിയോ സൗന്ദര്യത്തിനു വേണ്ടിയോ കുലീനതക്ക് വേണ്ടിയോ മതനിഷ്ഠ നോക്കിയോ ആയിരിക്കും എന്നാല്‍ മതനിഷ്ഠയുള്ളവളെ വിവാഹം ചെയ്തുകൊണ്ട് നീ വിജയം നേടുക “.മറ്റൊരു ഹദീസ്‌ ആരെങ്കിലും ഒരു സ്ത്രീയെ അവളുടെ ധനത്തിനും സൗന്ദര്യത്തിനും വേണ്ടി മാത്രം വിവാഹം ചെയ്താല്‍ അവളുടെ ധനവും സൗന്ദര്യവും നഷ്ടപ്പെട്ടുപോകാന്‍ ഇടയുണ്ട് , അവളുടെ മതനിഷ്ഠക്ക് വേണ്ടി വിവാഹം ചെയ്താല്‍ അല്ലാഹു അവര്‍ക്ക് ധനവും സൗന്ദര്യവും നല്‍കും”. വീണ്ടും ഒരു ഹദീസ്‌ കാണുക “ഒരു സ്ത്രീയെയും അവളുടെ സൗന്ദര്യത്തിനു പ്രാധാന്യം നല്‍കി വിവാഹം ചെയ്യരുത്‌.അത് അവളെ നാശത്തിലെക്കായിരിക്കാം.സ്ത്രീയുടെ സമ്പത്തിന് പ്രാധാന്യം നല്‍കി കൊണ്ടും വിവാഹം ചെയ്യരുത്‌ സമ്പത്ത് അവളെ അതിക്രമം കാണിക്കാന്‍ ഇടയാക്കിയേക്കാം .സ്ത്രീകളെ വിവാഹം ചെയ്യുമ്പോള്‍ മതനിഷ്ഠക്ക് പ്രാധാന്യം നല്‍കുക”.
മതനിഷ്ഠയുള്ള സ്ത്രീയെ വിവാഹം ചെയ്യുന്നതിന് നബി(സ) ഇത്രയധികം പ്രോത്സാഹിപ്പിച്ചത് അത്തരം സ്ത്രീകള്‍ ഭര്‍ത്താവിന് മതനിഷ്ഠ പാലിക്കുവാന്‍ സഹായകമായി തീരുന്നതിനലാണ്.ഭാര്യ മതനിഷ്ഠയുള്ളവള്‍ അല്ലെങ്കില്‍ അവന്‍റെ ശ്രദ്ധയെ തിരിക്കുന്നവളും അവനു കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നവളുമായിരിക്കും.

2.സല്‍സ്വഭാവം

മതനിഷ്ഠ പാലിക്കുന്നതില്‍ സഹായകമാകുന്നതില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നതാണ് സല്‍സ്വഭാവം . സ്ത്രീ നാവ്‌ ദുഷിച്ചവളും മൂര്‍ച്ചയുള്ളവളും സ്വഭാവം ചീത്തയായവളും നന്ദികേട്‌ കാണിക്കുന്നവളുമാണെങ്കില്‍ അവളുടെ ഉപദ്രവം ഉപകാരത്തെ ക്കാള്‍ കൂടുതല്‍ ആയിരിക്കും . അല്ലാഹുവിന്‍റെ പുണ്യാത്മാക്കളായ ഔലിയാക്കളെ അല്ലാഹു പലവിധത്തില്‍ പരീക്ഷിക്കാറുണ്ട് . അതില്‍ പെട്ടതാണ് ഭാര്യയുടെ നാക്കുകളില്‍ നിന്നുണ്ടാകുന്ന കൊള്ളരുതാത്ത വാക്കുകളില്‍ ക്ഷമ കൊള്ളുന്നുണ്ടോ എന്നത്.അറേബ്യന്‍ തത്വജ്ഞാനികളില്‍ പെട്ട ഒരാള്‍ പറഞ്ഞു.നിങ്ങള്‍ ആറിനത്തില്‍ പെട്ട സ്ത്രീകളെ വിവാഹം ചെയ്യരുത്‌.

     I.        അന്നാന്നത്ത്: എപ്പോഴും ഞരങ്ങി കൊണ്ടിരിക്കുകയും ആവലാതിപ്പെടുകയും ചെയ്യുന്നവള്‍ . രോഗം ബാധിച്ചവളെയും രോഗിയായി അഭിനയിക്കുന്നവരെയും വിവാഹം ചെയ്യുന്നതില്‍ ഒരു നന്മയും ഇല്ല.
   II.        മന്നാന്നത്ത് : ഭര്‍ത്താവിന് ഔദാര്യമായി ചെയ്തുകൊടുത്ത ഉപകാരങ്ങള്‍ എടുത്തുപറയുന്നവള്‍. ഞാന്‍ നിങ്ങള്‍ക്ക്‌ ഇന്നയിന്ന ഉപകാരങ്ങള്‍ ചെയ്തു തന്നില്ലേ; എന്ന് പറഞ്ഞു ഭര്‍ത്താവിനെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കും.
  III.        ഹന്നാന്നത്ത് : ആദ്യമുണ്ടായിരുന്ന ഭര്‍ത്താവിനെ ആശിക്കുന്നവള്‍ , അല്ലെങ്കില്‍ ആദ്യഭര്‍ത്താവില്‍  നിന്നുണ്ടായ അവളുടെ കുട്ടിയോട് പ്രത്യേക താല്പര്യം പ്രകടിപ്പിക്കുന്നവള്‍, ഇത്തരം സ്ത്രീകളെ വിവാഹം ചെയ്യരുത്‌.
 IV.        ഹദ്ദാഖത്ത് : കണ്ണില്‍പെടുന്ന വസ്തുക്കല്‍ക്കെല്ലാം ആശ വെക്കുകയും അത് വാങ്ങികൊടുക്കാന്‍ ഭര്‍ത്താവിനെ നിര്‍ബന്ധിക്കുകയും ചെയ്യുന്നവള്‍ .
   V.        ബര്‍റാഖത്ത് : മുഖത്തിന്‌ കൃത്രിമ തെളിച്ചവും ഭംഗിയുമുണ്ടാകാന്‍ പകല്‍ മുഴുവനും അതില്‍ വ്യാപൃതയാകുന്നവള്‍.മറ്റൊരു അര്‍ത്ഥത്തിലും ഇത്  പറയാറുണ്ട് , ഭക്ഷണത്തോട് ദേഷ്യപ്പെടുന്നവള്‍. അവള്‍ ഒറ്റയ്ക്കേ ഭക്ഷണം കഴിക്കൂ . ഏതു വസ്തുവില്‍ നിന്നും അവള്‍ക്കുള്ള ഓഹരി കുറഞ്ഞതായി കാണും.
 VI.        ശദ്ദാഖത്ത് : വായാടി . സൂക്ഷ്മത ഇല്ലാതെ സംസാരം വര്‍ദ്ധിപ്പിക്കുന്നവള്‍  , കടവായ വിസ്താരമാക്കി ചറപറ പറഞ്ഞു സംസാരം വര്‍ധിപ്പിക്കുന്നവരോട് അല്ലാഹു കോപിക്കുമെന്നു നബി(സ) പറഞ്ഞിട്ടുണ്ട് .

3.സൗന്ദര്യം

  ചാരിത്ര്യശുദ്ധിയും  മനസംതൃപ്തിയും ഭര്‍ത്താവിനുണ്ടാക്കുന്നതില്‍ അതിനു വല്യ പങ്കുണ്ട് . വിരൂപിണിയെ സാധാരണ ആരും ഇഷ്ടപ്പെടാറില്ല. അതുകൊണ്ടാണ് വിവാഹത്തിന് മുന്‍പ്‌ സ്ത്രീയെ കാണല്‍ സുന്നത്തായത്.മതനിഷ്ഠയില്ലാത്ത സ്ത്രീയെ അവളുടെ സൗന്ദര്യം മാത്രം നോക്കി വിവാഹം ചെയ്താല്‍ അത് ദോഷമായി ഭവിക്കലാണ് പതിവ്.സൗന്ദര്യം, സല്‍സ്വഭാവം, വെളുത്തനിറം , വലിയ കണ്ണ് , മുടിയും കൃഷ്ണമണിയും കറുപ്പ് , ഭര്‍ത്താവിനോട് ആത്മാര്‍ത്ഥമായ സ്നേഹം , അന്യപുരുഷന്മാരിലേക്ക് നോക്കാതിരിക്കല്‍ എന്നീ ഗുണങ്ങളുള്ള സ്ത്രീകള്‍ സ്വര്‍ഗ്ഗസുന്ദരികളുടെ വിശേഷണങ്ങള്‍ ഉള്ളവളാണ് എന്ന് പറയപ്പെട്ടിട്ടുണ്ട് .


4.മഹര്‍ കുറഞ്ഞവളായിരിക്കല്‍.

സൗന്ദര്യമുള്ളവളും മഹര്‍ കുറഞ്ഞവളും ആണ് ഉത്തമസ്ത്രീയെന്നു ഒരു ഹദീസില്‍ കാണാം .സ്ത്രീയുടെ ഭാഗത്ത്‌ നിന്ന് മഹര്‍ വര്‍ധിപ്പിക്കല്‍ കറാഹത്ത് ഉള്ള പോലെ പുരുഷന്‍റെ ഭാഗത്ത്‌ നിന്ന് സാമ്പത്തിക സ്ഥിധി അന്വേഷിക്കലും കറാഹത്ത് ആണ്.എന്നാല്‍ പുരുഷന്‍ സ്ത്രീക്കും സ്ത്രീ പുരുഷനും സമ്മാനം നല്‍കല്‍ സുന്നത്തുണ്ട്‌.അത് പരസ്പരസ്നേഹത്തിനു കാരണമാണ്.നിങ്ങള്‍ അന്യോന്യം സമ്മാനം നല്‍കണം . എന്നാല്‍ നിങ്ങള്‍ക്കിടയില്‍ സ്നേഹമുണ്ടാകുമെന്നു നബി(സ) പറഞ്ഞിട്ടുണ്ട്.കൂടുതല്‍ സ്നേഹം തിരിച്ചു ലഭിക്കണമെന്ന ഉദ്ദേശ്യത്തില്‍ സമ്മാനം നല്‍കുന്നത് തെറ്റുമാണ് .

Wednesday, May 23, 2012

വിവാഹം




നബി (സ) അരുളി : “ യുവാക്കളെ നിങ്ങളില്‍നിന്നും വിവാഹം കഴിക്കാന്‍ കഴിവുള്ളവര്‍ അത് ചെയ്യുക , അത് നിങ്ങളുടെ കണ്ണുകളെ താഴ്ത്തും , നിങ്ങളുടെ ഗുഹ്യസ്ഥാനത്തെ സുരക്ഷിതമാക്കും , ഇനി അതിനു കഴിവില്ലെങ്കില്‍ നോമ്പ് അനുഷ്ഠിക്കുക , അത് കാമത്തെ തടുക്കും”.

നബി (സ) അരുളി : “നിങ്ങള്‍ നിങ്ങളുടെ സന്താനത്തെ പെരുപ്പിക്കുക , അന്ത്യനാളില്‍ ഞാന്‍ മറ്റുള്ളവരോട് ഇതില്‍ അഭിമാനം കൂറും”.

നബി (സ) അരുളി : “ നിങ്ങള്‍ യുവത്വത്തിന്റെ ആരംഭത്തില്‍ത്തന്നെ വിവാഹം ചെയ്താല്‍ പിശാച് വിലപിക്കും , ഹാ ! ഇവന്‍ എന്നില്‍ നിന്നും ദീന്‍ സംരക്ഷിച്ചുവല്ലോ”.

നബി (സ) അരുളി : “ നിങ്ങള്‍ നിങ്ങളുടെ കുടുംബത്തിന് വേണ്ടി ചിലവഴിക്കുന്നതെന്തും അല്ലാഹുവിങ്കല്‍ നിങ്ങള്‍ക്ക് പ്രതിഫലം നേടിത്തരും , നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ ഊട്ടുന്ന ഒരു പിടി ഭക്ഷണം പോലും”.

നബി (സ) അരുളി : “ നിങ്ങള്‍ ഒരു ദീനാര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചിലവഴിച്ചു , അടിമയെ സ്വതന്ത്രന്‍ ആക്കാനോ , ആവശ്യക്കാരന് ദാനം ചെയ്തോ .. അതില്‍ ഏറ്റവും ശ്രേഷ്ഠമായത് കുടുംബത്തിന് വേണ്ടി ചിലവഴിച്ചതു ആണ് “.

നബി (സ) അരുളി : “ എന്‍റെ ഉമ്മത്തിലെ ഉത്കൃഷ്ടര്‍ നല്ല സ്ത്രീകളെ വിവാഹം ചെയ്യുന്നവര്‍ ആണ് , നികൃഷ്ടര്‍ വിവാഹത്തെ തൊട്ടു അകന്നു നില്ക്കുകയും , ബ്രഹ്മചാരിയായി കഴിയുന്നവര്‍ ആണ് :.

ദാരിദ്യം ഭയന്നു വിവാഹം ചെയ്യാത്തവന്‍ നമ്മില്‍ പെടില്ല (ഹദീസ്‌),


 ഭൗതിക ലോകം മുഴുവനും ഭോഗവസ്തുവാണ് . അതില്‍ ഏറ്റവും ഉത്തമമായത് സ്വലിഹതായ വനിതയാണ്. (ഹദീസ്‌).


തഖ്‌വ ഒഴിച്ചാല്‍ പിന്നെ ഉത്തമ ചാരിത്ര്യവതിയായ ഭാര്യയെക്കാള്‍ അധികം നല്ലതായി മറ്റൊന്നുമില്ല . അവള്‍ കല്പന സ്വീകരിക്കും , അവന്‍ കടാക്ഷിച്ചാല്‍ അവള്‍ അവനെ സന്തോഷിപ്പിക്കും . അവന്‍ ശപഥം ചെയ്‌താല്‍ അവള്‍ അത് നിറവേറ്റും . അവനില്ലാത്തപ്പോള്‍ അവളുടെ ദേഹവും അവന്‍റെ സ്വത്തും അവള്‍ കാക്കും (ഹദീസ്‌). 


നിങ്ങള്‍ കന്യകളെ വരിപ്പിന്‍ കാരണം അവര്‍ കിളിമൊഴികളും , ശുദ്ധഗര്‍ഭാശയക്കാരും , ഉള്ളത് കൊണ്ട് മതിയാവുന്നവരും ആണ്  (ഹദീസ്‌). 




ഏറെ സ്നേഹം ഏറെ പ്രസവം ഈ രണ്ടു ഗുണങ്ങള്‍ ഉള്ളവരെ നിങ്ങള്‍ വിവാഹം ചെയ്യുവിന്‍ , നിങ്ങളുടെ പെരുപ്പത്താല്‍ ഞാന്‍ ഇതരസമുദായങ്ങളില്‍ അഭിമാനം കൂറും. (ഹദീസ്‌).


 മക്കളുണ്ടായാല്‍ നിങ്ങള്‍ നല്ല പേരിട്ട് ഉത്തമ ചിട്ട പഠിപ്പിക്കുക . പ്രായപൂര്‍ത്തിയായാല്‍ കെട്ടിച്ചു കൊടുക്കുക അങ്ങിനെ ചെയ്തില്ലെങ്കില്‍ സന്താനം വല്ല വേണ്ടാതീനവും ചെയ്‌താല്‍ കുറ്റം പിതാവിന്നാണ് . (ഹദീസ്‌).