Wednesday, October 10, 2012

പരീക്ഷണം


പരീക്ഷണം


അല്‍പമൊരു ഭയവും വിശപ്പും മൂലവും സ്വത്തുക്കളിലും ആളുകളിലും ഫലങ്ങളിലുമുള്ള കുറവുമൂലവും നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും . വല്ല വിപത്തും തങ്ങള്‍ക്കു നേരിടുമ്പോള്‍ “നിശ്ചയമായും ഞങ്ങള്‍ അല്ലാഹുവിന്നുള്ളവരും അവങ്കലേക്ക് മടങ്ങുന്നവരും ആണ് “ എന്ന് പറയുന്ന ക്ഷമാശീലന്മാര്‍ക്ക് താങ്കള്‍ സന്തോഷവാര്‍ത്ത അറിയിക്കുക.അവര്‍ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് പാപമോചനങ്ങളും കാരുണ്യവുമുള്ളവര്‍ ആകുന്നു . അവര്‍ തന്നെയാണ് നേര്മാര്‍ഗ്ഗം പ്രാപിച്ചവരും .(അല്‍ ബഖറ)


പരിശുദ്ധ ഇസ്ലാമിന്റെ വിജയത്തിനും നിലനില്‍പിന്നും വേണ്ടി അല്ലാഹുവിന്‍റെ വഴിയില്‍ പരിശ്രമിക്കുന്നവര്‍ക്ക് യാതൊരുവിധ ബുദ്ടിമുട്ടുകളും കഷ്ടനഷ്ടങ്ങളും കൂടാതെ ഉദ്ദേശ്യം നിറവേറുമെന്നു കരുതാന്‍ പാടില്ലെന്നും അവര്‍ പലവിധ കഷ്ടനഷ്ടങ്ങള്‍ക്കും പാത്രീഭാവിക്കുമെന്നും അതെല്ലാം അല്ലാഹുവില്‍ നിന്നുള്ള ചില പരീക്ഷണങ്ങള്‍ ആണെന്നും അങ്ങനെയുള്ള പരീക്ഷണ ഘട്ടങ്ങളില്‍ പാദം പതറാതെയും ചിത്തം ചിതറാതെയും ഏതു പ്രതിബന്ധങ്ങളെയും മല്ലിടുവാനുള്ള ശക്തിയായ ക്ഷമ കൈകൊള്ളുന്നവര്‍ പരലോകത്ത്‌ സൌഭാഗ്യവാന്മാര്‍ ആയിരിക്കുമെന്നും അവര്‍ അല്ലാഹുവിങ്കല്‍ നിന്ന് കരുണാകടാക്ഷങ്ങളും പാപപരിഹാരവും ഉണ്ടായിരിക്കുമെന്നും ഈ വചനങ്ങള്‍ മൂലം അല്ലാഹു നമ്മെ ഉണര്‍ത്തിയിരിക്കുന്നു .

ആദ്യ കാല മുസ്ലിങ്ങള്‍ ശത്രുക്കളില്‍ നിന്ന് നിരവധി ദ്രോഹങ്ങള്‍ അനുഭവിക്കേണ്ടതായി വന്നിട്ടുണ്ടെന്ന ചരിത്ര യാഥാര്‍ത്ഥ്യം ആര്‍ക്കും അജ്ഞാതമല്ല. ശത്രുക്കളുടെ ശല്യം അസഹനീയമായി സ്വദേശം വിട്ടു അവര്‍ ഓടിപ്പോയി . ക്രമപ്രകാരം ഭക്ഷണാദികള്‍ കഴിക്കുവാനോ തങ്ങളുടെ സ്വത്തുകള്‍ ആയിരുന്ന കന്നുകാലികളെയോ ഫലവൃക്ഷാദികളെയോ സംരക്ഷിക്കുവാനോ കാലദേശപ്പകര്ച്ചകള്‍ കൊണ്ട് ശരീരങ്ങള്‍ക്കുണ്ടാകുന്ന സുഖക്കേടുകള്‍ക്ക് പരിഹാരം തേടുവാനോ കഴിയാതെ പലവിധ ദുരിതങ്ങളും അനുഭവിച്ചിരുന്നു അവര്‍ . കൂടാതെ ഇടക്കിടക്ക്‌ ശത്രുക്കളുമായി സമരം ചെയ്യാന്‍ നിര്‍ബന്ധിതര്‍ ആയിരുന്നതിനാല്‍ സ്വന്തം സഹോദരങ്ങളില്‍ പലരും നഷ്ടപ്പെടെണ്ടതായും വന്നിരുന്നു . അത്തരം പരീക്ഷണഘട്ടങ്ങളില്‍ അവര്‍ക്കുണ്ടായിരുന്ന താങ്ങും തണലും അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസവും അതിന്‍റെ ഫലമായ സഹനശക്തിയും ആയിരുന്നു . അത് തന്നെയായിരുന്നു അവരുടെ വിജയരഹസ്യവും.ആ മഹാത്മാക്കളുടെ കാലടിപ്പാടുകള്‍ ഉള്‍കാഴ്ച്ചയോടെ യഥായോഗ്യം പിന്‍പറ്റിയാല്‍ നമുക്ക് വിജയവും സൗഭാഗ്യവും ഉണ്ട്, നിശ്ചയം.

വല്ല വിപത്തുകളും നേരിടുമ്പോള്‍ അതെത്ര ചെറിയതായാലും

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون
എന്ന് ചൊല്ലണം . അത് ക്ഷമാശീലരുടെ വിശേഷണമായാണല്ലോ ഇവിടെ പറഞ്ഞത്. ഇതിനു വമ്പിച്ച പ്രതിഫലം ഉള്ളതായി ഹദീസുകളില്‍ കാണാം. ഏതു വിപല്‍സന്ധിയിലും അല്ലാഹുവിലുള്ള വിശ്വാസം മുറുകെപിടിക്കുവാന്‍ കഴിഞ്ഞുവെന്ന് മാത്രമല്ല തജ്ജന്യമായ സഹനം വാക്കുകളിലൂടെ പ്രകടിപ്പിക്കാനും സര്‍വവും അല്ലാഹുവില്‍ അര്‍പിക്കുവാനും അവന്‍ സന്നദ്ധനായി എന്നാണതിന് കാരണം. ഒരിക്കല്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ) പറഞ്ഞു : “ഒരാളുടെ കുട്ടി മരണപ്പെട്ടാല്‍ അല്ലാഹു മലക്കുകളോട് ചോദിക്കും : നിങ്ങള്‍ എന്‍റെ അടിമയുടെ മകന്‍റെ ആത്മാവ് പിടിച്ചോ ? മലക്കുകള്‍ : അതെ . അല്ലാഹു : നിങ്ങളവന്‍റെ കരള്‍കഷണതിന്റെ ആത്മാവ് പിടിച്ചോ . മലക്കുകള്‍ : അതെ.
അല്ലാഹു : അപ്പോള്‍ അവനെന്തു പ്രതികരിച്ചു ? മലക്കുകള്‍ : അവന്‍ നിന്നെ സ്തുതിക്കുകയും ഇന്നാലില്ലാഹി ... ചൊല്ലുകയും ചെയ്തു . അല്ലാഹു : അവനു നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ ഒരു മന്ദിരം പണിയുകയും അതിനു ‘ബൈത്തുല്‍ഹംദ്’ എന്ന് പേരിടുകയും ചെയ്യുക . (അഹ്മദ്‌ , തിര്‍മിദി).

ഏതു പ്രതിസന്ധികളിലും ക്ഷമ കൈകൊള്ളുകയും അല്ലാഹുവിലുള്ള അചഞ്ചലവിശ്വാസം മുറുകെപ്പിടിക്കുകയും ചെയ്യുന്ന സൗഭാഗ്യവാന്മാരുടെ മികച്ച പ്രതിഫലം ഇവിടെ വ്യക്തമാക്കി പറയുകയാണ്‌ . അല്ലാഹുവിങ്കല്‍ നിന്നുള്ള മഹത്തായ പാപമോചനം അവര്‍ക്കുണ്ടായിരിക്കും. അവന്‍റെ കരുണാകടാക്ഷം കൊണ്ട് സായൂജ്യമടയാനും അവര്‍ക്ക് കഴിയും.മാത്രമല്ല അവര്‍ സന്മാര്‍ഗപ്രാപ്തര്‍ ആണെന്നും സര്‍വശക്തന്‍ വ്യക്തമാക്കുകയാണ്.
ഉമര്‍ (റ) പറയുന്നു : ‘ഏതൊരു വിപത്ത് വന്നെത്തുമ്പോഴും ഞാന്‍ അതില്‍ മൂന്നു അനുഗ്രഹങ്ങള്‍ കാണുന്നുണ്ട് . ഒന്ന്: ആ വിപത്ത് എന്‍റെ മതകാര്യത്തില്‍ ആയിരിക്കില്ല . രണ്ടു: അതിന്‍റെ മുന്പ് സംഭവിച്ചതിനെ അപേക്ഷിച്ചു അത് ലഘുവായിരിക്കും. മൂന്നു: അല്ലാഹു അതിന്നു മികച്ച പ്രതിഫലം നല്‍കും‘.

അനസ്‌(റ) റിപ്പോര്‍ട്ട്‌ ചെയ്യുന്നു : നബി (സ) അരുളി : “ അല്ലാഹു (സു) തആല പറഞ്ഞു : “എന്‍റെ അടിമയെ അവനു ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു കണ്ണ് നഷ്ടപ്പെടുത്തി കൊണ്ട് ഞാന്‍ പരീക്ഷിക്കുകയും , അവന്‍ അതില്‍ ക്ഷമിക്കുകയും ചെയ്‌താല്‍ ഞാന്‍ അവന്നു സ്വര്‍ഗ്ഗം നല്‍കും " (ബുഖാരി)

അബൂസഈദില്‍ ഖുദ്രി അബൂഹുറൈറ (റ) നിന്ന് റിപ്പോര്‍ട്ട്‌ ചെയ്യുന്നു : നബി (സ) അരുളി : “ ഒരു മുസ്ലിമിന്നു എന്തെങ്കിലും രോഗമോ ബുദ്ധിമുട്ടോ വരാനിരിക്കുന്ന കാര്യത്തെ കുറിച്ച് മുഷിപ്പോ , കഴിഞ്ഞ കാര്യത്തെക്കുറിച്ച് മനോവേദനയോ എന്തെങ്കിലും പ്രയാസങ്ങളോ – കാലില്‍ ഒരു മുള്ള് തറക്കുക പോലും ചെയ്‌താല്‍ അല്ലാഹു അവന്‍റെ പാപങ്ങള്‍ പൊറുത്തുകൊടുക്കും “. (ബുഖാരി , മുസ്‌ലിം)

അബൂഹുറൈറ(റ) തൊട്ടു ബുഖാരി ഉദ്ധരിക്കുന്നു , നബി (സ) അരുളി : “ അല്ലാഹു ഒരു അടിമക്ക് നന്മ ഉദ്ദേശിച്ചാല്‍ അവന്നു പരീക്ഷണങ്ങള്‍ നല്‍കും”

അനസ്‌(റ) നിന്ന് തിര്‍മിദി റിപ്പോര്‍ട്ട്‌ ചെയ്യുന്നു , നബി (സ) അരുളി : “ ഒരു അടിമക്ക് അല്ലാഹു നന്മ ഉദ്ദേശിച്ചാല്‍ അവന്‍ ചെയ്ത പാപത്തിനുള്ള ശിക്ഷ ദുനിയാവില്‍ വെച്ച് തന്നെ നല്‍കും , തിന്മയാണ് അവനെ കൊണ്ട് ഉദേശിച്ചതെങ്കില്‍ ഖിയാമത്ത്‌ നാളില്‍ ശിക്ഷ നല്‍കാന്‍ അവന്‍റെ പാപത്തെ പിന്തിച്ചു വെക്കും “ . (തിര്‍മിദി)

നബി (സ) അരുളി : “ പരീക്ഷണങ്ങളുടെ വലിപ്പം അനുസരിച്ച് പ്രതിഫലത്തിന്റെ വലിപ്പം കൂട്ടും.അല്ലാഹു ഒരു സമൂഹത്തെ സ്നേഹിച്ചാല്‍ അവര്‍ക്ക് പരീക്ഷണം നല്‍കും . അതില്‍ ക്ഷമിച്ചവര്‍ക്ക് അല്ലാഹുവിന്‍റെ തൃപ്തി ലഭിക്കും. കോപിച്ചവന്നു അല്ലാഹുവിന്‍റെ കോപവും ഉണ്ടാകും” (തിര്‍മിദി)

അബൂഹുറൈറ(റ) തൊട്ടു തിര്‍മിദി ഉദ്ധരിക്കുന്നു , അല്ലാഹുവിന്‍റെ റസൂല്‍ (സ) അരുളി ; “ സത്യവിശ്വാസികളായ  സ്ത്രീ പുരുഷന്മാരുടെ ശരീരം സന്താനം സമ്പത്ത് എന്നിവയില്‍ പരീക്ഷണം വന്നു കൊണ്ടേ ഇരിക്കും . ഇതില്‍ ക്ഷമിക്കുന്നവന്നു പാപങ്ങള്‍ പൊറുത്തു കൊടുത്തു അവന്‍ മരിക്കുമ്പോള്‍ അവന്‍റെ മേല്‍ ഒരു പാപവും ഉണ്ടാവുകയില്ല” . (തിര്‍മിദി)



അല്ലാഹുവിന്‍റെ റസൂല്‍ (സ) അരുളി “ ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നേരിടുന്നവര്‍ അമ്പിയാക്കളും പിന്നെ ഔലിയാക്കളും പിന്നെ തഖ്‌വയില്‍ അവരോടു അടുത്തവരും ആയിരിക്കും “ .

ചുരുക്കത്തില്‍ പാപം ചെയ്‌താല്‍ അതിന്‍റെ പേരില്‍ പരീക്ഷണം നല്‍കി അല്ലാഹു പൊറുക്കുമ്പോള്‍ , അമ്പിയാക്കള്‍ക്കും പിന്നെ ഔലിയാക്കള്‍ക്കും
പരീക്ഷണങ്ങള്‍ നല്‍കി അല്ലാഹുവിലേക്ക് കൂടുതല്‍ അടുപ്പിക്കുകയും ചെയ്യുന്നു.

ഒരു മുസ്വീബത്ത് രണ്ടു മുസ്വീബത്ത് ആക്കാതിരിക്കാന്‍ ശ്രദ്ധിക്കുക . ഒന്ന് അവന്‍ നേരിട്ട മുസ്വീബത്ത് രണ്ടു അവന്‍ അക്ഷമന്‍ ആയതിന്റെ പേരില്‍ വലിയ പ്രതിഫലം നഷ്ടപ്പെടുക.

وَلَا يَظْلِمُ رَبُّكَ أَحَدًا

നബിയെ , അങ്ങയുടെ റബ്ബ് ആരോടും അനീതി കാണിക്കുകയില്ല

അബൂഹുറൈറ (റ) പറയുന്നു : "  അല്ലാഹുവിന്‍റെ റസൂല്‍ (സ) പറഞ്ഞതായി ഞാന്‍ കേട്ടിരിക്കുന്നു : " തീര്‍ച്ചയായും അല്ലാഹുവിന്‍റെ  അടിമയെ രോഗം കൊണ്ട് പരീക്ഷിക്കുക തന്നെ ചെയ്യും , ആ രോഗം അവന്‍റെ മുഴുവന്‍ പാപങ്ങളെയും  പരിഹരിക്കുന്നത് വരെ ". (ഹാക്കിം)

وَمَآ أَصَـبَكُمْ مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُواْ عَن كَثِيرٍ

നിങ്ങളെ എന്തെങ്കിലും വിപത്ത് ബാധിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചത് നിമിത്തമായിരിക്കും, പലതിനെക്കുറിച്ചും അവന്‍ നിങ്ങള്‍ക്ക് മാപ്പ് നല്‍കുകയും ചെയ്യുന്നു.(അശൂറാ-30)

Sunday, October 7, 2012

ഒരു വീട്ടില്‍ കയറിച്ചെല്ലുമ്പോള്‍‍ പാലിക്കേണ്ട മര്യാദകള്‍ , അബൂഹാദി


ഒരു വീട്ടില്‍ കയറിച്ചെല്ലുമ്പോള്‍‍ പാലിക്കേണ്ട മര്യാദകള്‍
സൂറത്ത് നൂര്‍ (27, 28) വചനങ്ങള്‍

ഒരു വീട്ടില്‍ കയറിച്ചെല്ലുമ്പോള്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ചാണ് ഈ സൂക്തങ്ങളില്‍ പറയുന്നത് :

بسم الله الرحمن الرحيم
{ يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَدْخُلُواْ بُيُوتاً غَيْرَ بُيُوتِكُمْ حَتَّىٰ تَسْتَأْنِسُواْ وَتُسَلِّمُواْ عَلَىٰ أَهْلِهَا ذٰلِكُمْ خَيْرٌ لَّكُمْ لَعَلَّكُمْ تَذَكَّرُونَ }
{ فَإِن لَّمْ تَجِدُواْ فِيهَآ أَحَداً فَلاَ تَدْخُلُوهَا حَتَّىٰ يُؤْذَنَ لَكُمْ وَإِن قِيلَ لَكُمْ ٱرْجِعُواْ فَٱرْجِعُواْ هُوَ أَزْكَىٰ لَكُمْ وَٱللَّهُ بِمَا تَعْمَلُونَ عَلِيمٌ }
{സത്യ വിശ്വാസികളേ, നിങ്ങളുടേതല്ലാത്ത വീടുകളില്‍ ആ വീട്ടുകാരോട് അനുവാദം ചോദിക്കുകയും അവര്‍ക്ക് സലാം പറയുകയും ചെയ്യുന്നത് വരെ പ്രവേശിക്കരുത്. അത് നിങ്ങള്‍ക്ക് ഗുണകരമാണ്. നിങ്ങള്‍ ഓര്‍മ്മ വെക്കാനാണ്‍(ഇത് അവതരിപ്പിച്ചു തന്നിട്ടുള്ളത്)}(സൂറത്ത് നൂര്‍ 27){ഇനി (അനുവാദം നല്‍കുവാന്‍) ആരെയും നിങ്ങള്‍ കണ്ടില്ലെങ്കില്‍, അനുമതി ലഭിക്കുന്നത് വരെ നിങ്ങളതില്‍ പ്രവേശിക്കരുത്. മടങ്ങിപ്പോവുക എന്ന് നിങ്ങളോട് പറയപ്പെട്ടാല്‍ മടങ്ങുക, അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അള്ളാഹു ഏറ്റവും അറിയുന്നവനാണ്}(സൂറത്ത് നൂര്‍ 28)

വിശദീകരണം :

“നിങ്ങളുടെതല്ലാത്ത വീടുകള്‍” എന്നു പറഞതില്‍ വാടകക്കോ അല്ലാതെയോ മറ്റൊരാള്‍ക്ക് താമസിക്കാന്‍ കൊടുത്ത വീടുകളും പെടുന്നതാണ്. മറ്റൊരാള്‍ താമസിക്കുന്ന വീടുകളില്‍ ചെല്ലുമ്പോള്‍ പാലിക്കേണ്ട ചില മര്യാദകളാണ് അള്ളാഹു ഇവിടെ നിര്‍ദ്ദേശിക്കുന്നത്. ഒരു വീട്ടില്‍ അന്യന് കാണാന്‍ പാടില്ലാത്ത അപമാന കരമായ പലതുമുണ്ടാകാം. ചിലപ്പോള്‍ അകത്തുള്ളവര്‍ ശരിക്ക് വസ്ത്രം ധരിച്ചിട്ടില്ലായിരിക്കാം. മറ്റൊരാള്‍ കേള്‍ക്കാന്‍ പാടില്ലാത്ത സംസാരങ്ങളോ കാണാന്‍ പറ്റാത്ത പ്രവര്‍ത്തിയോ നടക്കുന്നുണ്ടായിരിക്കാം. ഇത്തരം സന്ദര്‍ഭങ്ങള്‍ വീട്ടുകാര്‍ക്ക് മാത്രമല്ല പ്രവേശിക്കുന്നവര്‍ക്കും വിഷമമുണ്ടാക്കും. അത് കൊണ്ട് മുന്‍’കൂട്ടി സമ്മതം ചോദിച്ച് അനുവാദം ലഭിച്ചാലല്ലാതെ ആ വീട്ടില്‍ പ്രവേശിക്കരുത്.പ്രവേശന മര്യാദ വിവരിക്കുന്ന ധാരാളം ഹദീസ് വന്നിട്ടുണ്ട്.. അതില്‍ ചിലത് താഴെ വിവരിക്കാം : (ഇന്‍ഷാന്‍ അല്ലാഹ്)

മുന്നു വട്ടം സമ്മതം ചോദിക്കണം:

ഒരിക്കല്‍ അബൂ മുസല്‍ അശ്’അരി(റ) എന്ന സ്വഹാബി ഉമര്‍(റ)ന്റെ വീട്ടില്‍ ചെന്നു, മൂന്നു പ്രാവശ്യം സമ്മതം ചോദിച്ചിട്ടും കിട്ടിയില്ല. തന്നിമിത്തം അദ്ദേഹം മടങ്ങിപ്പോന്നു. പിന്നീട് ഉമര്‍(റ) പറഞ്ഞു : അബൂ മുസല്‍ അശ്’അരി(റ) അനുവാദം ചോദിക്കുന്ന ശബ്ദമല്ലെ ഞാന്‍ കേട്ടത്? സമ്മതം കൊടുക്കുക. അപ്പോള്‍ വീട്ടിലുള്ളവര്‍ അദ്ദേഹത്തെ അന്വേഷിച്ചു. അപ്പോഴേക്കും അബൂ മുസല്‍ അശ്’അരി(റ) പോയിക്കഴിഞിരുന്നു.പിന്നീട് അബൂ മുസല്‍ അശ്’അരി(റ) വന്നപ്പോള്‍ നേരത്തെ മടങ്ങിപ്പോവാന്‍ കാരണമെന്തെന്ന് ഉമര്‍(റ) ചോദിച്ചു. അദ്ദേഹം പ്രതികരിച്ചു : ഞാന്‍ മൂന്നു വട്ടം അനുവാദം ചോദിച്ചു കിട്ടിയില്ല. നിങ്ങളില്‍ ഒരാള്‍ മുന്നു പ്രാവശ്യം അനുവാദം ചോദിച്ച് കിട്ടിയില്ലെങ്കില്‍ അവന്‍ തിരിച്ചു പോരട്ടെ എന്ന് നബി(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് എന്ന് അബൂ മുസല്‍ അശ്’അരി(റ) പറഞ്ഞു

ഒരിക്കല്‍ നബി(സ) സ’അദുബ്നു ഉബാദ(റ) വീട്ടില്‍ പ്രവേശിക്കുവാന്‍ അനുവാദം ചോദിച്ചു കൊണ്ട് സലാം ചൊല്ലി. സ’അദ്(റ) സലാം മടക്കിയെങ്കിലും നബി(സ) കേള്‍ക്കത്തക്ക വിധം ഉച്ചത്തിലായിരുന്നില്ല. ഇപ്രകാരം മൂന്നു വട്ടം ആവര്‍ത്തിച്ചു നബി(സ) മടങ്ങി. അപ്പോള്‍ സ’അദ്(റ) പിന്നാലെ ചെന്ന് ഇങ്ങനെ പറഞ്ഞു : അള്ളാഹുവിന്റെ ദൂതരെ, സത്യമായും സലാമുകളെല്ലാം എന്റെ കാതില്‍ പതിയുകയും ഞാല്‍ സലാം മടക്കുകയും ചെയ്തിട്ടുണ്ട്. അവിടന്ന് കേള്‍ക്കത്തക്ക വിധം ഉച്ചത്തില്‍ മടക്കാതിരുന്നത് ആ സലാമും ബറക്കത്തും എനിക്ക് അധികം ലഭിക്കേണ്ടതിനായിരുന്നു.അങ്ങനെ നബി(സ)യെ അദ്ദേഹം വീട്ടില്‍ പ്രവേശിപ്പിക്കുകയും അവിടന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. (ഇമാം അഹ്മദ്, അബുദാവൂദ് എന്നിവര്‍ ഇത് ഉദ്ധരിച്ചിരിക്കുന്നു)പ്രവേശനത്തിന് അനുവാദം ചോദിക്കുന്നതിന് മുമ്പാണ് സലാം ചോല്ലേണ്ടത് എന്നാണ് അധിക ഉലമാക്കളുടെയും അഭിപ്രായം

സമ്മതം ചോദിക്കുന്നവര്‍ വാതിലിനു നേരെ നില്‍ക്കരുത് :

വാതിലിന്റെ വലഭാഗത്തോ ഇടഭാഗത്തോ നില്‍ക്കണം.നബി(സ) ഏതെങ്കിലും ഒരു വീട്ടിലേക്ക് ചെന്നാല്‍ വാതിലിന്റെ നേര്‍ക്ക് മുഖമിട്ട് നില്‍ക്കുകയില്ല. അതിന്റെ വലത് ഭാഗമോ ഇടത് ഭാഗമോ നിന്നു കൊണ്ട് സലാം പറയും. ഇത് അബൂദാവൂദ് ഉദ്ധരിച്ചിട്ടുണ്ട്.അതു പോലെത്തന്നെ ആരാണെന്ന് ചോദിച്ചാല്‍ ഞാനാണ് എന്ന് പറയരുത്. ചോദ്യകര്‍ത്താവിന് മനസ്സിലാകുന്ന വിധം മറുപടി നല്‍കണം. ജാബിര്‍(റ) പറയുന്നു : എന്റെ പിതാവിനുണ്ടായിരുന്ന ഒരു കടത്തെ പറ്റി പറയേണ്ടതിനായി ഞാന്‍ നബി(സ) യുടെ അടുത്ത് പോയി. അങ്ങനെ ഞാന്‍ വാതില്‍ക്കല്‍ മുട്ടി, അപ്പോള്‍ “ആരാണത്?” എന്ന് നബി(സ) ചോദിച്ചു. ഇത് ഞാനാണ് എന്ന് മറുപടി പറഞ്ഞപ്പോള്‍ നബി(സ) “ഞാന്‍ ഞാന്‍ തന്നെ” എന്ന് അല്പം വെറുപ്പോടെ പ്രതികരിച്ചു.

Thursday, August 30, 2012

സ്വലാത്തിന്‍റെ മഹത്വങ്ങള്‍,(നേട്ടങ്ങള്‍ ) , അബൂസുമയ്യ


സ്വലാത്തിന്‍റെ മഹത്വങ്ങള്‍; നേട്ടങ്ങള്‍ 


"إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا" (القرأن الكريم)

സാരം: "നിശ്ചയം അല്ലാഹുവും മലക്കുകളും നബി തങ്ങളുടെ മേല്‍ സ്വലാത്ത്‌ നിര്‍വഹിക്കുന്നു. സത്യ വിശ്വാസികളേ, നിങ്ങളും നബിയുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലുക" (വിശുദ്ധ ഖുര്‍ആന്‍)

" مَنْ صَلَّى عَلَيَّ وَاحِدَةً صَلَّى الله عَلًيْهِ عَشرًا " (حديث) 
സാരം: "ആരെങ്കിലും എന്‍റെ മേല്‍ ഒരു തവണ സ്വലാത്ത്‌ ചൊല്ലിയാല്‍ അല്ലാഹു അവനു പത്തു തവണ സ്വലാത്ത്‌ ചെയ്യുന്നതാണ്" (ഹദീസ്‌ ശരീഫ്‌). മറ്റൊരു റിപ്പോര്‍ട്ടില്‍ ഇത്ര കൂടി ഉണ്ട്. "അവന്‍റെ പത്ത് പാപങ്ങള്‍ പൊറുത്തു കൊടുക്കുന്നതും അവന്‍റെ പത്തു പദവികള്‍ ഉയര്‍ത്തിക്കൊടുക്കുന്നതുമാണ്". 

അല്ലാഹു നബി തങ്ങളുടെ മേല്‍ സ്വലാത്ത്‌ ചെയ്യുക എന്നാല്‍, അല്ലാഹു തന്‍റെ മലക്കുകളുടെ സന്നിധിയില്‍ നബി തങ്ങളെ പ്രകീര്‍ത്തിക്കലാണ്. മലക്കുകളുടെ സ്വലാത്ത്‌ മഗ്ഫിറത്തിനും റഹ്മത്തിനും വേണ്ടി ഉള്ള പ്രാര്‍ത്ഥന ആണ്. മനുഷ്യര്‍ സ്വലാത്ത്‌ ചൊല്ലുക എന്നാല്‍ നബി തങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിന്‍റെ സ്വലാതിനായി ദുആ ചെയ്യലാണ്. അല്ലാഹു നമുക്ക് സ്വലാത്ത്‌ ചെയ്യുക എന്നാല്‍ അവന്‍റെ അനുഗ്രഹം ചൊരിയുക എന്നുമാണ്.

അത്തഹിയ്യാത്തില്‍ ചൊല്ലുന്ന ഇബ്രാഹീമിയ്യ സ്വലാത്ത് സ്വലാതുകളില്‍ വളരെ ശ്രേഷ്ഠമായതാണ്. എന്നാല്‍, നബി (സ) തങ്ങള്‍ക്ക് സ്വലാത്തിനായി എങ്ങിനെ, ഏതു പദം കൊണ്ട് ദുആ ചെയ്താലും അത് ആയത്തിലും ഹദീസിലും നിര്‍ദേശിക്കപ്പെട്ട സ്വലാതാകുമെന്ന് വ്യക്തമാകുന്നു. നബി (സ) തങ്ങള്‍ തന്നെ സ്വലാത്തിന് വിവിധ പദങ്ങള്‍ വിവരിച്ചു കൊടുത്തതായി വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ ഹദീസില്‍ വന്നിട്ടുണ്ട്. ഇത് സ്വലാത്തിന്‍റെ പദങ്ങള്‍ നിര്‍ണ്ണിതമല്ല എന്നതിന് സൂചകമായി മുഹദ്ദിസുകള്‍ എല്ലാം വ്യക്തമാക്കിയിട്ടുണ്ട്. കര്‍മ്മ ശാസ്ത്ര വിധിയും ഇത് തന്നെയാണ്. 

സ്വലാത്തിനോടൊപ്പം സലാമും ചേര്‍ക്കുക, നബി (സ) യുടെ കുടുംബത്തിന്‍റെ മേല്‍ കൂടി സ്വലാത്ത്‌ ചൊല്ലുക എന്നിവ സ്വലാത്തിന്‍റെ പൂര്‍ണതയ്ക്ക് അനിവാര്യമാണ്.

ഇമാം സുലൈമാന്‍ അല്‍ ജസൂലി (റ) അവര്‍കള്‍ ക്രോഡീകരിച്ച ദലാഇലുല്‍ ഖൈറാത്ത് എന്ന സ്വലാത്ത്‌ മുസ്‌ലിം ലോകത്ത്‌ ഏറെ സ്വീകാര്യത നേടിയ സ്വലാതാകുന്നു. ഹദീസില്‍ വാരിദായ മുഴുവന്‍ സ്വലാതുകളെയും ഏകോപിപ്പിച്ച് കൊണ്ട് ഒരാഴ്ച കൊണ്ട് മുഴുവന്‍ ചൊല്ലി തീര്‍ക്കാവുന്ന തരത്തില്‍ ഓരോ ദിവസത്തേക്കും വിഭജിച്ചു കൊണ്ടാണ് ഈ സ്വലാത് രൂപപ്പെടുത്തിയത്‌. ഇജാസത് (അനുമതി) പ്രകാരം ഈ സ്വലാത്ത്‌ ചൊല്ലുക എന്നത് സ്വാലിഹീങ്ങളുടെ ചര്യയാണ്. അതിന്‍റെ പ്രത്യേക കാരണം, മാര്‍ഗദര്‍ശനം നല്‍കാന്‍ യോഗ്യരായ ആത്മീയ ഗുരുക്കന്‍മാരെ (ശൈഖ് മുറബ്ബീ) ലഭിക്കാതിരിക്കുമ്പോള്‍ അതിന് പരിഹാരമായി മഹാന്‍മാര്‍ നിര്‍ദ്ദേശിച്ചത്‌ നബി (സ) തങ്ങളുടെ മേല്‍ സ്വലാത്ത്‌ വര്‍ദ്ധിപ്പിക്കലാണ്. 

സ്വലാത്ത് ചൊല്ലാനുള്ള ഖുര്‍ആന്‍റെ കല്‍പന പൂര്‍ണമായി നിര്‍വഹിക്കാന്‍ ഒരാളുടെ ഒഴിവു വേള മുഴുവന്‍ സ്വലാത്ത്‌ ചൊല്ലണമെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാര്‍ ഉണ്ട്. എന്നാല്‍, ഒരു ദിവസം ൩൦൦ (മുന്നൂറ്) സ്വലാത്ത്‌ എങ്കിലും ചൊല്ലിയാല്‍ സ്വലാത്തിനോടുള്ള ധര്‍മനിര്‍വഹണം ആവുമെന്നാണ് പ്രബല വീക്ഷണം.

ചില സ്വലാതുകളെ പുത്തന്‍വാദികള്‍ വിമര്‍ശിക്കാറുണ്ട്. അജ്ഞത കാരണം അവര്‍ പല സ്വലാതുകളെയും ശിര്‍ക്കോ ബിദ്അത്തോ ആക്കി ചിത്രീകരിക്കുന്നു. നാരിയത്തുസ്സ്വലാത്ത് ഒരു ഉദാഹരണം. 

اللهم صل صلاة كاملة و سلم سلاما تاما على سيدنا محمد الذي تنحل به العقد و تنفرج به الكرب و تقضى به الحوائج و تنال به الرغائب و حسن الخواتم و يستسقى الغمام بوجهه الكريم و على اله و صحبه في كل لمحة و نفس بعدد كل معلوم لك 
നബി (സ) തങ്ങള്‍ മൂലം പ്രയാസത്തിന്‍റെ കെട്ടുകള്‍ അഴിയും, വേദനകള്‍ നിശ്ശേഷം നീങ്ങും, ആവശ്യങ്ങള്‍ സാധിക്കും, മോഹങ്ങള്‍ പൂവണിയും, അവസാനം നന്നായി മരിക്കാന്‍ സാധിക്കും, അവിടുത്തെ മുഖം കൊണ്ട് മേഘത്തോടു മഴ വര്‍ഷിക്കാന്‍ തേടപ്പെടും ഇത്രയും കാര്യങ്ങള്‍ നാരിയത്തുസ്സ്വലാത്തില്‍ പറയുന്നുണ്ട്. എന്നാല്‍, ഇവയത്രയും അക്ഷരം പ്രതി ശരിയാണെന്ന് നിരവധി പ്രമാണങ്ങള്‍ കൊണ്ട് തെളിയുന്നതാണ്. 

ഉബയ്യു ബ്നു കഅബ് (റ) പറഞ്ഞു: നബിയേ, ഞാന്‍ ധാരാളം ദുആ ചെയ്യാറുണ്ട്. എന്‍റെ ദുആയില്‍ നിന്ന് അവിടുത്തേക്ക് ഞാന്‍ എത്ര നീക്കി വെക്കണം ? തങ്ങള്‍ നിന്‍റെ ഇഷ്ടം പോലെ എന്ന് പ്രതികരിച്ചു. "കാല്‍ ഭാഗമായാലോ?" "താങ്കളുടെ ഇഷ്ടം പോലെ. കൂടുതലെങ്കില്‍ നിങ്ങള്‍ക്ക് തന്നെ ഗുണം." "എങ്കില്‍ പകുതിയാകട്ടെ!" "ഇഷ്ടം പോലെ! കൂടിയാല്‍ നിങ്ങള്‍ക്ക് നേട്ടം" "എങ്കില്‍ എന്‍റെ പ്രാര്‍ത്ഥന മുഴുക്കെ തങ്ങള്‍ക്ക് വേണ്ടിയാക്കാം". നബി പ്രതികരിച്ചു: എങ്കില്‍ നിന്‍റെ എല്ലാ മന:പ്രയാസങ്ങളും നിനക്കു തീര്‍ക്കപ്പെടും. പാപങ്ങള്‍ മുഴുക്കെ പൊറുക്കുപ്പെടും. മറ്റൊരു റിപ്പോര്‍ട്ടില്‍ "നിങ്ങളുടെ ഇഹലോകത്തെയും പരലോകത്തെയും പ്രശ്നങ്ങള്‍ മുഴുക്കെ അല്ലാഹു തീര്‍ത്തു തരു"മെന്നാണ് നബിയുടെ പ്രതികരണം. ഇമാം അഹമദ്, തുര്‍മുദി, നസാഈ, ഇബ്നു ഹിബ്ബാന്‍, ത്വബ്‌റാനി, ഹാകിം, എന്നിവരെല്ലാം നിവേദനം ചെയ്ത ഹദീസ്‌ ആണിത്. ഇതിന്‍റെ സനദുകള്‍ പ്രമാണയോഗ്യവും സ്വീകാര്യവുമാണെന്ന് മുഹദ്ദിസുകള്‍ വിവരിച്ചിട്ടുണ്ട്. പുത്തന്‍വാദികളുടെ ഇഷ്ട പണ്ഡിതനായ ശൌക്കാനി പോലും തന്‍റെ തുഹ്ഫത്തുദ്ദാകിരീനില്‍ ഈ ഹദീസും സനദും വിവരിച്ചിട്ടുണ്ട്. മന:പ്രയാസങ്ങളും വേദനകളും വരുമ്പോള്‍ സ്വലാത്ത് ചൊല്ലാന്‍ നിര്‍ദ്ദേശിക്കുന്ന ഹദീസുകള്‍ തന്നെ വന്നിട്ടുണ്ട്. 
സ്വലാത്ത്‌ കൊണ്ട് ലഭിക്കുന്ന നേട്ടം നബി (സ) യെ കൊണ്ട് ലഭിക്കുന്നതാണല്ലോ. അപ്പോള്‍ നബി (സ) യെ കൊണ്ട് പ്രയാസങ്ങള്‍ തീരും എന്ന് പറയുന്നതില്‍ എന്ത് അനൌചിത്യം ആണുള്ളത്? അങ്ങിനെ അനൌചിത്യം ധരിക്കുന്നത് തികഞ്ഞ അജ്ഞതയും വസ്'വാസുമാകുന്നു. 

നബി (സ) തങ്ങളുടെ മുഖം കൊണ്ട് മേഘത്തോടു മഴ വര്‍ഷിക്കാന്‍ തേടപ്പെടുമെന്നത് നബി തങ്ങളുടെ കാലത്ത് തന്നെ നബിയേ പ്രകീര്‍ത്തിച്ചു കൊണ്ട് തങ്ങളുടെ പിതൃവ്യന്‍ അബൂത്വാലിബ്‌ ചൊല്ലിയ വിശേഷണമാണ്. 

وأبيض يستسقى الغمام بوجه *** ثمال اليتامى عصمة للأرامل 
ഇത് നബിതങ്ങള്‍ അംഗീകരിക്കുകയും നബി മേല്‍പ്പോട്ട്‌ മുഖം കാണിച്ചു പ്രാര്‍ഥിച്ചപ്പോള്‍ മഴ വര്‍ഷിച്ച ഒരു സന്ദര്‍ഭത്തില്‍ അവിടുന്ന് കൌതുകത്തോടെ സഹാബാക്കളോട് ഈ വര്‍ണ്ണനയുള്ള പദ്യ ശകലം ചൊല്ലാനാവശ്യപ്പെടുകയും ചെയ്തത് സ്വഹീഹുല്‍ ബുഖാരി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

തിരുനബി (സ) യുടെ പൗത്രന്‍ ഹുസൈന്‍ (റ) യുടെ മകന്‍ അലി സൈനുല്‍ ആബിദീന്‍ (റ) എന്നവര്‍ ഈ സ്വലാത്ത്‌ പതിവാക്കിയിരുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അപ്പോള്‍ ഹിജ്റയുടെ പ്രഥമ നൂറ്റാണ്ടില്‍ത്തന്നെ ഈ സ്വലാത്ത് നിലവിലുണ്ടായിരുന്നുവെന്നും അടിസ്ഥാനമുള്ളതാണെന്നും മനസ്സിലാക്കാം. 

പ്രധാനപ്പെട്ട കാര്യങ്ങള്‍ സാധിക്കുവാനും ആപത്ത്‌ തടുക്കുവാനും ഉദ്ദേശമുള്ളവര്‍ നാരിയത്തുസ്വലാത്ത്‌ ൪൪൪൪ (നാലായിരത്തി നാനൂറ്റി നാല്‍പത്തിനാല്) തവണ ചൊല്ലിയാല്‍ ഉദ്ദേശം സഫലമാകുമെന്ന് സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാതാവായ ഇമാം ഇബ്നു ഹജറുല്‍ അസ്ഖലാനി (റ) യും പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇമാം ഖുര്‍തുബി (റ) യും പ്രസ്താവിച്ചിട്ടുണ്ട്. 

ഇമാം ഖുര്‍തുബി (റ) "സ്വലാത്തു തഫ്'രീജിയ്യ" (പ്രയാസങ്ങള്‍ നീക്കുന്ന സ്വലാത്ത്‌) എന്ന് വിശേഷിപ്പിച്ച ഈ സ്വലാത്തിന് ക്ഷണത്തില്‍ ഫലം കാണുന്നത് കൊണ്ട് പെട്ടെന്ന് പ്രതിഫലനം ഉണ്ടാക്കുന്ന അഗ്നിയോട് ഉപമിച്ചാണ് നാരിയത്തുസ്സ്വലാത്ത് എന്ന പേര് പാശ്ചാത്യന്‍ നാടുകളിലെ പണ്ഡിതന്‍മാര്‍ക്കിടയില്‍ പ്രചാരം വന്നത്. ഇത്രയും മഹത്തായ പാരമ്പര്യം ഉള്ള നാരിയത്തുസ്സ്വലാത്ത് നരകത്തില്‍ കടക്കുന്ന സ്വലാത്ത് ആണെന്ന് പറയാന്‍ ധാര്‍ഷ്ട്യം കാണിച്ചവരുടെ ഹൃദയ കാഠിന്യവും തൊലിക്കട്ടിയും അപാരം തന്നെ!

സ്വലാത്ത്‌ ചൊല്ലാന്‍ നിര്‍ദ്ദേശിക്കപ്പെട്ട വിവിധ സന്ദര്‍ഭങ്ങള്‍, സ്വലാത്തിന്‍റെ വിവിധ നേട്ടങ്ങള്‍ എന്നിവയെല്ലാം മഹാന്‍മാരായ ഇമാമുകള്‍ വിവരിച്ചിട്ടുണ്ട്. ഇന്‍ഷാ അല്ലാഹ്, അവ പിന്നീടാകാം. 
നബി (സ) തങ്ങളുടെ മേല്‍ സ്വലാത്ത്‌ വര്‍ദ്ധിപ്പിക്കാന്‍ അല്ലാഹു നമുക്ക് തൗഫീഖ് നല്‍കി അനുഗ്രഹിക്കട്ടെ - ആമീന്‍. 

وصلى الله علي خير خلقه سيدنا محمد وعلى آله وصحبه وسلم والحمد لله رب العالمين

Sunday, July 29, 2012

വിശുദ്ധ റമളാന്‍ ( പുണ്യങ്ങളുടെ പൂക്കാലം ) PDF.


to download click on the below link


വിശുദ്ധ റമളാന്‍ ( പുണ്യങ്ങളുടെ പൂക്കാലം ) PDF.



റംസാന്‍ വ്രതശുദ്ധിയുടെ മാസം ആണ് , ആത്മസംസ്‌കരണത്തിന്റെ ദിനരാത്രങ്ങള്‍ ആണ് .പാപത്തിന്റെ കറകള്‍ കഴുകികളഞ്ഞു തഖ്‌വയിലൂന്നിയ ജീവിതം പാകപ്പെടുത്തിയെടുക്കാനുള്ള അവസരമാണ് .സ്രിഷ്ടികളിലേക്ക് പുണ്യങ്ങളുംഅനുഗ്രഹങ്ങളും അധികമായി വര്‍ഷിക്കുന്ന സമയങ്ങളാണ് .

റമസാനില്‍ സല്‍കര്‍മ്മങ്ങളില്‍ നിരതരാവുന്നവര്‍ക്ക് റബ്ബുല്‍ ഇസ്സത്തു നല്‍കുന്ന പ്രതിഫലം അളവറ്റതാണ് -  പരലോകത്ത് സ്വര്‍ഗ്ഗവും ഉന്നതപദവികളും നല്‍കുന്നു . ഈ സൌഭാഗ്യം സ്വായത്തമാക്കണമെങ്കില്‍ പക്ഷെ റമസാനിന്റെ മഹത്വവും വ്രതത്തിന്റെ നിയമങ്ങളും മനസ്സിലാക്കി സല്‍കര്‍മ്മങ്ങള്‍ അനുഷ്ടിക്കണം .

അതിനു സഹായകമാകുന്ന ഒരു കൊച്ചു കൃതിയാണിത് .


Wednesday, July 25, 2012

റസൂല്‍(( (((()(((സ) യുടെ മുത്തുമൊഴികള്‍


അബൂ ഹുറൈറ (റ) യും അബൂ സയീദും പറയുന്നു : നബി (സ്വ) അരുളി : ദിക്ര്‍ ചൊല്ലിക്കൊണ്ട് ഒരു കൂട്ടര്‍ ഇരിക്കുമ്പോള്‍ മലക്കുകള്‍ അവരെ വലയം ചെയ്യാതിരിക്കില്ല അനുഗ്രഹം അവരെ പൊതിയുകയും ശാന്തി ഇറങ്ങി വരികയും അല്ലാഹു അവരെ പറ്റി തന്റെ സമീപസ്തരോട് പറയുകയും ചെയ്യും ( സ്വഹിഹ് മുസ്ലിം )
അബൂ ഹുറൈറ (റ) യും അബൂ സയീദും പറയുന്നു : നബി (സ്വ) അരുളി : ദിക്ര്‍ ചൊല്ലിക്കൊണ്ട് ഒരു കൂട്ടര്‍ ഇരിക്കുമ്പോള്‍ മലക്കുകള്‍ വലയം ചെയ്യാതിരിക്കില്ല.അനുഗ്രഹം അവരെ പൊതിയുകയും ശാന്തി ഇറങ്ങി വരികയും അല്ലാഹു അവരെ പറ്റി തന്റെ സമീപസ്തരോട് പറയുകയും ചെയ്യും ( സ്വഹിഹ് മുസ്ലിം )
അബൂ ഉമാമ (റ) പറയുന്നു : നബി (സ്വ) അരുളുന്നത് കേട്ടു : ഖുര്‍ആന്‍ ഓതുവിന്‍.അത് അന്ത്യ നാളില്‍ ഓത്തുകാര്‍ക്ക് ശുപാര്‍ശകനായി വരും ( സ്വഹീഹ് മുസ്ലിം )
നവാസ് (റ) പറയുന്നു : നബി (സ്വ) അരുളുന്നത് കേട്ടു : അന്ത്യ നാളില്‍ ഖുര്‍-ആനിനെ കൊണ്ട് വരും.അതനുസരിച്ച് കര്‍മ്മം ചെയ്തവരെയും.അല്‍ ബഖറ ,ആലു ഇമ്രാന്‍ എന്നീ അധ്യായങ്ങളാകും മുമ്പില്‍.ഓത്തുകാര്‍ക്കായി അവ രണ്ടും വാദിക്കും (മുസ്ലിം)
ഉസ്മാന്‍ (റ) പറയുന്നു : നിങ്ങളില്‍ ഉന്നതന്‍ ഖുര്‍-ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവരാണ്.(ബുഖാരി)
അബൂ മൂസ (റ) പറയുന്നു : നബി (സ്വ) അരുളി : ഖുര്‍-ആന്‍ ഓതുന്ന സത്യ വിശ്വാസി ഓറഞ്ചു പോലെയാണ്.മണവും നന്ന്.രുചിയും നന്ന്.ഖുര്‍-ആന്‍ ഓതാത്ത വിശ്വാസി കാരക്ക പോലെയാണ്.മണം ഇല്ലെങ്കിലും രുചി മധുരം.ഖുര്‍-ആന്‍ ഓതുന്ന കപടന്‍ റൈഹാന്‍ പുഷ്പം പോലെ ആണ്.മണം നല്ലത് എങ്കിലും രുചി കൈപ്പ്.ഖുര്‍-ആന്‍ ഓതാത്ത കപടന്‍ ആട്ടങ്ങ പോലെ ആണ്.മണം ഇല്ല - രുചി കയ്പ്പും ( ബുഖാരി )
ബറാഉ (റ) പറയുന്നു : ഒരാള്‍ അല്‍ കഹ്ഫ്‌ സൂറത്ത് ഓതുക ആയിരുന്നു .അയാളുടെ കുതിരയെ രണ്ടു കയറു കൊണ്ട് കെട്ടിയിട്ടുണ്ട്.ഒരു മേഘം അതിനെ വലയം ചെയ്തു.അത് താഴോട്ടു അടുക്കാന്‍ തുടങ്ങി.അത് അടുത്ത് വന്നപ്പോള്‍ കുതിരക്ക് വിറളി എടുത്തു.അദ്ദേഹം രാവിലെ നബി (സ്വ) അരുളി : ഖുര്‍-ആന്‍ ഓതുന്ന ഇടത്ത് ഇറങ്ങിയ ശാന്തിയാണ് അത് ( ബുഖാരി , മുസ്ലിം )
ഇബ്നു മസ്ഊദ് (റ) പറയുന്നു : നബി (സ്വ) അരുളി : അല്ലാഹുവിന്റെ വേദത്തില്‍ നിന്നൊരു അക്ഷരം ഓതിയാല്‍ ഒരു നന്മ ഉണ്ട്.ഒന്നിന് പത്തു പുണ്യം ഉണ്ട്.' അലിഫ് ലാം മീം ' ഒരു അക്ഷരം എന്ന് ഞാന്‍ പറയില്ല.അലിഫ് ഒരക്ഷരം,ലാം ഒരക്ഷരം , മീം ഒരക്ഷരം (തുര്മുദി)
ഇബ്നു അബ്ബാസ് (റ) പറയുന്നു : നബി (സ്വ) അരുളി : ഉള്ളില്‍ ഒരക്ഷരം ഖുര്‍-ആന്‍ ഇല്ലാത്ത മനുഷ്യന്‍ തകര്‍ന്നു കിടക്കുന്ന വീട് പോലെ ആണ്.(തുര്മുദി)
അബൂ ഹുറൈറ (റ) പറയുന്നു : നബി (സ്വ) അരുളുന്നത് കേട്ടു : ഉറക്കെ ,ഈണത്തില്‍ ഖുര്‍-ആന്‍ ഓതുന്ന ഒരു നബിയുടെ ശബ്ദം കേള്‍ക്കുന്നത് പോലെ മറ്റൊന്നും അല്ലാഹു ശ്രദ്ധിക്കുക ഇല്ല (ബുഖാരി - മുസ്ലിം )
ബറാഉ (റ) പറയുന്നു : നബി (സ്വ) ഒരിക്കല്‍ ഇശാഅ് നിസ്ക്കാരത്തില്‍ 'വത്തീനി' ഓതുന്നത് കേട്ടു.അതിനേക്കാള്‍ തേനോഴുകുന്ന ശബ്ദം ഞാന്‍ വേറെ കേട്ടിട്ടില്ല (ബുഖാരി - മുസ്ലിം )
ഇബ്നു മസ് ഊദ് (റ) പറയുന്നു : നബി (സ്വ) എന്നോട് അരുളി : എനിക്ക് ഖുര്‍-ആന്‍ ഓതി തരൂ.ഞാന്‍ ചോദിച്ചു : അങ്ങേക്ക് അവതരിച്ച ഖുര്‍-ആന്‍ ഞാന്‍ ഓതി തരുകയോ ? നബി (സ്വ) അരുളി : മറ്റുള്ളവരില്‍ നിന്ന് അത് കേള്‍ക്കുന്നത് ഇഷ്ടമാണു എനിക്ക്.ഞാന്‍ നബി (സ്വ) ക്ക് സൂറത്ത് നിസാ ഓതി കൊടുത്തു.താഴെ സൂക്തം വരെ
فكيف إذا جئنا من كل أمة بشهيد وجئنا بك على هؤلاء شهيدا
(എല്ലാ സമൂഹങ്ങളില്‍ നിന്നും സാക്ഷിയെ നാം ഹാജരാക്കുന്ന നാളില്‍ നബിയെ ,താങ്കളെ ഇവര്‍ക്ക് സാക്ഷി ആയും നാം ഹാജരാക്കും )
ഇത്രയും ആയപ്പോള്‍ നബി (സ്വ) അരുളി : മതി .ഞാന്‍(ഇബ്നു മസ് ഊദ് ) തിരിഞ്ഞു നോക്കുമ്പോള്‍ നബിയുടെ (സ്വ) കണ്ണുകള്‍ നിറഞ്ഞു ഒഴുകുക ആയിരുന്നു ( ബുഖാരി - മുസ്ലിം )

അബൂ മൂസ (റ) പറയുന്നു : നബി (സ്വ) അരുളി : ഖുര്‍-ആന്‍ സൂക്തങ്ങളെ ഭദ്രമായി മനസ്സില്‍ കെട്ടി ഇടുവിന്‍.(മനപ്പാഠം ഉള്ള ഖുര്‍-ആന്‍ മറന്നു പോകാതിരിക്കാന്‍ ശ്രദ്ധ വെക്കണം എന്ന് അര്‍ഥം ) ,മുഹമ്മദ്‌ (സ്വ) യുടെ ആത്മ നിയന്താവാണെ സത്യം ,കണങ്കാലില്‍ കയറിട്ടു കെട്ടിയിട്ട ഒട്ടകതെക്കാള്‍ ശക്തിയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതാണ് ഖുര്‍-ആന്‍ ( ബുഖാരി ) ( അഥവാ ഖുര്‍-ആന്‍ ഉള്ള മനസ്സിലേക്ക് മാലിന്യങ്ങള്‍ വരുമ്പോഴാണ് അത് കയറു പൊട്ടിച്ചോടുക - നാറുന്ന ഹൃദയത്തില്‍ ഖുര്‍-ആന്‍ കിടക്കില്ല )
ഇബ്നു ഉമര്‍ (റ) പറയുന്നു : നബി (സ്വ) അരുളി : ഖുര്‍-ആന്‍ ഹൃദിസ്ഥം ആക്കിയവനും ഒട്ടകത്തെ കെട്ടിയവനും തുല്യം .ശ്രദ്ധിച്ചാല്‍ കയറു പൊട്ടിക്കാതെ നിര്‍ത്താം.കയറു അഴിച്ചിട്ടാല്‍ അത് തടി തപ്പും ( ബുഖാരി - മുസ്ലിം )
അബൂ സയീദ്‌ (റ) പറയുന്നു : എന്നോട് നബി (സ്വ) അരുളി : നീ പള്ളിയില്‍ നിന്നും ഇറങ്ങും മുമ്പ് ഞാന്‍ നിനക്ക് മഹത്വം ഏറിയ ഒരു സൂറത്ത് പഠിപ്പിച്ചു തരട്ടയോ?നബി (സ്വ) എന്റെ കൈ പിടിച്ചു .ഞങ്ങള്‍ പുറത്തിറങ്ങാന്‍ തുനിഞ്ഞപ്പോള്‍ നബിയോട് (സ്വ) ഞാന്‍ ചോദിച്ചു:അങ്ങേനിക്ക് മഹത്തായ സൂറത്ത് പഠിപ്പിച്ചു തരാം എന്ന് പറഞ്ഞിരുന്നുവല്ലോ .നബി (സ്വ) അരുളി: ' 
الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ
ആവര്ത്തിചോതുന്ന മഹത്തായ ഏഴു ആയത്തുകള്‍ ആണത്.എനിക്ക് ലഭിച്ച മഹത്തായ ഖുര്‍-ആന്‍ (ബുഖാരി ) - ഫാത്തിഹ സൂറത്ത് ആണിത്.

Wednesday, June 27, 2012

ടെന്‍ഷന്‍ ടെന്‍ഷന്‍....by aboo zahid


ഇബ്രാഹീം ഇബ്നു അദ്ഹം (റ) ഒരിക്കല്‍ വളരെ ദുഖിതനായി ഇരിക്കുന്ന ഒരാളുടെ അടുത്ത് കൂടെ നടന്നു പോകാനിടയായി.മഹാന്‍ അവിടെ ദുഖിചിരിക്കുന്ന ആളുടെ അടുത്ത് ചെന്ന് പറഞ്ഞു :
മൂന്നു കാര്യങ്ങള്‍ഞാന്‍ നിന്നോട് ചോദിക്കും അതിനു നീ മറുപടി പറയണം.അയാള്‍ സമ്മതിച്ചപ്പോള്‍ ഇബ്രാഹീമുബ്നു അദ് ഹം തങ്ങള്‍ ചോദിച്ചു:
1 ) അല്ലാഹുവിന്റെ തീരുമാനത്തിനെതിരായി എന്തെങ്കിലും കാര്യം ഈ പ്രപഞ്ചത്തില്‍ നടക്കുമോ?
-അയാള്‍ പറഞ്ഞു " ഇല്ല"
2 ) അള്ളാഹു ഓരോ ദിവസത്തേക്കും നിനക്ക് നിശ്ചയിച്ച ഭക്ഷണത്തില്‍ നിന്നും വല്ലതും നിനക്ക് കുറയുമോ?
-അയാള്‍ പറഞ്ഞു " ഇല്ല "
3 ) അള്ളാഹു നിനക്ക് നിശ്ചയിച്ച ആയുസ്സില്‍ നിന്നും ഒരു നിമിഷമെങ്കിലും നേരത്തെ നീ മരിക്കുമോ?
-അയാള്‍ വീണ്ടും പറഞ്ഞു "ഇല്ല "
അപ്പോള്‍ ഇബ്രാഹിം ഇബ്നു അദ്ഹം തങ്ങള്‍ അയാളോട് ചോദിച്ചു : " പിന്നെ എന്തിനാണ് നിങ്ങള്‍ ദുഖിക്കുന്നത്? "
------------------------------------------------------------------------------------------------------------------------------------------------------------
എന്തിനും ഏതിനും ടെന്‍ഷന്‍ ആണ് നമുക്കിപ്പോള്‍..സത്യാ വിശ്വാസം മനസ്സില്‍ ഉറച്ചവര്‍ക്ക് എന്ത് ടെന്‍ഷന്‍...ഈമാന്‍ കാര്യങ്ങളിലെ ആറാമതെതായി നമ്മളും പഠിച്ചതല്ലേ.'എല്ലാ നന്മകളും തിന്മകളും അല്ലാഹുവില്‍ നിന്നുള്ളതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു' എന്ന്...

ചിന്തിക്കാന്‍ 10 കാര്യങ്ങള്‍ , by aboo zahid


ഒരിക്കല്‍ മഹാനരായ ഇബ്രാഹീം ഇബ്നു അദ് ഹം(റ) ബസറ പട്ടണത്തിലൂടെ കടന്നു പോകുകയായിരുന്നു .ജനങ്ങള്‍ മഹാനരുടെ ചുറ്റും തടിച്ചു കൂടിയിട്റ്റ് ചോദിച്ചു

'' അല്ലയോ അബു ഇസ് ഹാക് എന്നവരെ , അള്ളാഹു അവന്റെ ഖുര്‍ - ആനില്‍ പറയുന്നു .നിങ്ങള്‍ എന്നോട് ചോദിക്ക് ഞാന്‍ നിങ്ങള്‍ ഉത്തരം നല്‍കാം എന്ന് .പക്ഷെ കാലമെത്രയോ ആയി ഞങ്ങള്‍ ചോദിക്കുന്നു പക്ഷെ അവന്‍ ഞങ്ങളുടെ പ്രാര്തനകള്‍ക്ക് ഉത്തരം നല്‍കുന്നില്ല.''
ഇത് കേട്ട മഹാനവര്കള്‍ മറുപടി നല്‍കി. '' അല്ലയോ ജനങ്ങളെ നിങ്ങള്‍ക്ക് ഉത്തരം കിട്ടാത്തതിന്റെ കാരണം നിങ്ങളുടെ ഹൃദയം 10 കാര്യങ്ങളാല്‍ മരിച്ചിരിക്കുന്നു.

1 ) നിങ്ങള്‍ക്ക് അല്ലാഹുവിനെ അറിയാം - പക്ഷെ അല്ലാഹുവിന്റെ അവകാശങ്ങള്‍ നിങ്ങള്‍ അവനു നല്‍കുന്നില്ല
2 ) നിങ്ങള്‍ അല്ലാഹുവിന്റെ ഖുര്‍ - ആന്‍ വായിക്കുന്നു - പക്ഷെ അതിനനുസരിച് പ്രവര്‍ത്തിക്കുന്നില്ല
3 ) നിങ്ങള്‍ നബി തങ്ങളെ (സ്വ) സ്നേഹിക്കുന്നു എന്ന് അവകാശപ്പെടുന്നു - എന്നാല്‍ നിങ്ങള്‍ നബി തങ്ങളുടെ (സ്വ) സുന്നത് വിട്ടൊഴിയുന്നു
4 ) നിങ്ങള്‍ ശയ്താന്റെ ശത്രു ആണെന്ന് അവകാശപ്പെടുന്നു - എന്നാല്‍ നിങ്ങള്‍ അവന്റെ വഴിയെ പിന്‍ പറ്റുന്നു
5 ) നിങ്ങള്‍ പറയുന്നു നിങ്ങള്‍ സ്വര്‍ഗത്തെ ഇഷ്ടപ്പെടുന്നു എന്ന് - പക്ഷെ അതിനു വേണ്ടി നിങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല
6 ) നിങ്ങള്‍ പറയുന്നു നിങ്ങള്‍ നരകാഗ്നി ഭയപ്പെടുന്നു എന്ന് - പക്ഷെ നിങ്ങള്‍ എപ്പോഴും പാപങ്ങളിലൂടെ അതിലേക്ക് അടുത്ത് നില്‍ക്കുന്നു
7 ) നിങ്ങള്‍ പറയുന്നു മരണം സത്യമാണെന്ന് - പക്ഷെ നിങ്ങള്‍ അതിനു വേണ്ടി ഒരുങ്ങുന്നില്ല
8 ) നിങ്ങള്‍ മറ്റുള്ളവരുടെ പാപങ്ങളെ പറ്റി സംസാരിക്കുന്നു - പക്ഷെ നിങ്ങളുടെ പാപങ്ങളെ ശ്രദ്ധിക്കുന്നില്ല
9 ) നിങ്ങള്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ ആസ്വദിക്കുന്നു - പക്ഷെ അതിനു അവനോട നന്ദി ചെയ്യുന്നില്ല
10 ) നിങ്ങള്‍ നിങ്ങളില്‍ നിന്ന് മരിച്ചവരെ മറവു ചെയ്തു പോരുന്നു - അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുന്നില്ല._________________________________________________________________________________________
നോക്കൂ...എത്ര സത്യം.നാമോരോരുത്തരും ഇതില്‍ നിന്നും വ്യത്യാസപ്പെട്ടവര്‍ അല്ല.എല്ലാ ഓരോ മനസ്സ് മരിക്കുന്ന 10 കാര്യങ്ങളും നമ്മളില്‍ കാണാം...മരണം ആരെയും കാത്രിക്കുന്നില്ല.മഹാനായ അലി (റ) പറഞ്ഞ പോലെ ''ദുനിയാവില്‍ വിചാരനയില്ല കര്‍മം മാത്രം.ആഖിരത്തില്‍ കര്മാമില്ല വിചാരണ മാത്രം''.ആ ലോകത്തേക്ക് മടങ്ങി പോകേണ്ട നമ്മള്‍ സ്വയം വിചാരണ ചെയ്യുന്നില്ല എങ്കില്‍ വിരല്‍ കടിക്കേണ്ട അവസ്ഥ വരും എന്നതില്‍ തര്‍ക്കമില്ല.നന്മയില്‍ ജീവിച് നന്മയിലായി മരിക്കാന്‍ അല്ലാഹു തുനക്കട്ടെ.......