Tuesday, April 30, 2013

ഇമാമുമാര്ക്ക് തെറ്റ് പറ്റുമോ? , YOOSUF HABEEB




മുസ്‌ലിം ഉമ്മത്തിന്റെ ആശയപരമായ ശിഥിലീകരണത്തിനു ചുക്കാൻ പിടിക്കുന്നവർ ഉന്നയിക്കുന്ന ഒരു പ്രധാനവാദഗതിയാണ് ഇമാമുമാര്ക്ക് പിഴവ് സംഭവിക്കും എന്നത്. യഥാര്ത്ഥത്തിൽ ആരാണ് ഇമാമുമാർ എന്ന് മനസ്സിലാക്കിയാൽ ആര്ക്കാണ് ഈ വാദഗതിക്കാർ ചൂട്ടു പിടിച്ചു കൊടുക്കുന്നതെന്ന് എളുപ്പത്തിൽ മനസ്സിലാകും. ഭാഷാർഥം സൂചിപ്പിക്കുന്നത് പോലെ തന്നെ ഇമാമുമാർ ദീനിന്റെ നായകര് ആണ്. ഉമ്മത്തിനെ മുന്നില് നിന്ന് നയിക്കുന്നവർ ആണ്. മില്ലത്തിന്റെ സത്ത ആണ്. അവരുടെ ജ്ഞാനം ആണ് ദീനിനെ ജീവസ്സുറ്റതാക്കുന്നത്. ദീൻ ആകുന്ന മഹാസാഗരത്തിൽ അവർ തങ്ങളുടെ ചിന്തയും ധിഷണയും പ്രതിഭയും കോർത്തിണക്കി ആഴത്തിൽ മുങ്ങിത്തപ്പി മുത്തുകൾ കൊണ്ട് വന്നു നമുക്ക് സമ്മാനിച്ചില്ലായിരുന്നെങ്കിൽ, വൈജ്ഞാനിക സംരക്ഷണം എന്ന മഹാകര്മ്മം അവർ അനുഷ്ടിചില്ലായിരുന്നുവെങ്കിൽ, തീര്ച്ചയായും ഈ സമുദായം ഒരു ജഡം മാത്രമാകുമായിരുന്നു.

ഇമാമുമാർ ദീനിന്റെ, ഉമ്മത്തിന്റെ അവിഭാജ്യ ഭാഗമാണ്. ഇഷ്ടദാസന്മാരുടെ പ്രാര്ഥനകളിൽ ഒന്ന്, 'നാഥാ ഞങ്ങളെ നീ മുത്തഖികൾക്ക് ഇമാമുമാർ ആക്കണേ' എന്നാണു. (സൂറത്തുൽ ഫുര്ഖാൻ) ഓരോ മനുഷ്യനും മുത്തഖി ആയി ജീവിക്കണം. അങ്ങനെ ജീവിക്കുന്നവര്ക്ക് ഇമാമുമാരെ അവലമ്പിക്കാതെ സാധ്യമല്ല. ഇമാമുമാർ ആവുമ്പോൾ അവർ മുത്തഖികളുടെ ഇമാമുമാർ ആവണം. അല്ലാതെ മറ്റാരുടെയെങ്കിലും ഇമാമായിട്ടു കാര്യമില്ല. അങ്ങനെ മുത്തഖികളുടെ, തങ്ങളിൽ നിന്ന് അദബോടെ, സമര്പ്പണത്തോടെ, സന്മനസ്സോടെ - തങ്ങള് പിഴച്ചവർ ആണെന്ന മുൻധാരണയോടെ അല്ല, തങ്ങള്ക്ക് തെറ്റ് പറ്റും, അതിൽ ഖുര്ആനും സുന്നത്തിനും യോജിച്ചത് (എന്ന് ഞങ്ങൾ തന്നെ വിധിക്കുന്നത്!) സ്വീകരിക്കും, അല്ലാത്തത് തള്ളും എന്ന ധാര്ഷ്ട്യത്തോടെയും അല്ല - ദീനിന്റെ പാരമ്പര്യം ഏറ്റു വാങ്ങുന്നവരുടെ ഇമാമുമാർ ആക്കണേ എന്നാണു ഇഷ്ടടാസന്റെ പ്രാര്ത്ഥന. അത് ഒരു ഉന്നത സൗഭാഗ്യം ആണ് എന്നത് കൊണ്ട് തന്നെയാണ് ആ പ്രാര്ത്ഥന വിശുദ്ധ ഖുർആൻ ഒരു അടയാളം എന്ന നിലയിൽ ഉദ്ധരിക്കുന്നത്. വിശ്വാസികളോട് നിരന്തരം പ്രാര്ഥിക്കാൻ ആവശ്യപ്പെടുന്നതും. അതിൽ ഇമാമുമാരുടെ പദവി ഉണ്ട്. അവരെ അനുസരിക്കേണ്ടതിന്റെ ആവശ്യകതയും ഉണ്ട്. ഖുര്ആനും സുന്നത്തും മാത്രം നോക്കുന്നവർ അല്ല മുത്തഖികൾ. അതെ, ചിന്തിക്കുന്നവര്ക്ക് എല്ലാ ആയത്തുകളിലും ദൃഷ്ടാന്തവും ഉണ്ട്.

എന്ത് തര്ക്ക വിഷയം വന്നാലും നിങ്ങൾ ഖുര്ആനിലേക്കും സുന്നത്തിലേക്കും മടക്കൂ എന്ന് മുറവിളി കൂട്ടുന്നവർ എപ്പോഴും ഉദ്ധരിക്കുന്ന ഒരു ആയത്ത് ഉണ്ട്. വാസ്തവത്തിൽ തനിച്ച ദുര് വ്യാഖ്യാനം മാത്രം ആണ് ഇവർ ഈ ആയത്തിനോട് ചെയ്യുന്നത്.
സൂറത്ത് നിസാഇലെ 59ആം ആയത്ത്.
{ يَا أَيُّهَا ٱلَّذِينَ آمَنُواْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِي ٱلأَمْرِ مِنْكُمْ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنْتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلآخِرِ ذٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلاً } (النساء 59)

‘ഓ സത്യവിശ്വാസികളേ , നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക. അവന്റെ ദൂതരെയും നിങ്ങളിൽ നിന്നുള്ള കൈകാര്യ കര്ത്താക്കളെയും അനുസരിക്കുക. നിങ്ങളിൽ വല്ല വിഷയത്തിലും അഭിപ്രായവിത്യാസം ഉടലെടുത്താൽ, നിങ്ങൾ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർ ആണെങ്കിൽ, അല്ലാഹുവിലേക്കും അവന്റെ ദൂതരിലേക്കും അതിനെ നിങ്ങൾ മടക്കുക. അതാണ്‌ നിങ്ങള്ക്ക് ഗുണവും ഏറ്റവും നല്ല പരിഹാരവും’. ഇതാണ് ആയത്തിന്റെ സാരം.

ഈ ആയത്തിന്റെ പരിഭാഷയും വെച്ച് പിഴച്ച പ്രസ്ഥാനങ്ങളിലേക്ക് വിളിക്കുന്ന കുട്ടി മൌലവിമാരുടെ വലയിൽ വീഴുന്നതിനു മുമ്പ്, മുസ് ലിം ലോകത്തിന്റെ ആധികാരിക മുഫസ്സിർ മഹാനായ ഇമാം റാസി(റ) ഈ ആയത്തിനെ വിശദീകരിക്കുന്നത് ഒന്ന് കാണുക ....

المسألة الثانية: اعلم أن هذه الآية آية شريفة مشتملة على أكثر علم أصول الفقه، وذلك لأن الفقهاء زعموا أن أصول الشريعة أربع: الكتاب والسنة والاجماع والقياس، وهذه الآية مشتملة على تقرير هذه الأصول الأربعة بهذا الترتيب. أما الكتاب والسنة فقد وقعت الاشارة إليهما بقوله: { أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ }.

ശരീഅത്തിന്റെ നാല് അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുര്ആൻ, തിരുസുന്നത്ത്, ഇജ്മാ:, ഖിയാസ് എന്നിവയെ സൂചിപ്പിക്കുന്നതാണ് ഈ ആയത്ത്.

(1) നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക എന്ന കല്പന വിശുദ്ധ ഖുര്ആൻ ആണ് ദീനിൽ ഒന്നാമത്തെ പ്രമാണം എന്ന് വ്യക്തമാക്കുന്നു. (2) നിങ്ങൾ അല്ലാഹുവിന്റെ ദൂതരെയും അനുസരിക്കൂ എന്ന കല്പന തിരുസുന്നത്തും ദീനിൽ പ്രമാണമാണെന്നു പ്രഖ്യാപിക്കുന്നു. (3) നിങ്ങൾ നിങ്ങളിൽ നിന്ന് തന്നെയുള്ള കൈകാര്യ കര്ത്താക്കളെയും അനുസരിക്കൂ എന്ന കല്പനയാകട്ടെ ഇമാമുമാർ ഏകോപിച്ച വിധികൾ, അഥവാ ഇജ്മാ: ദീനിന്റെ മൂന്നാം പ്രമാണം ആണെന്നും പഠിപ്പിക്കുന്നു.
(4) നിങ്ങളുടെ അഭിപ്രായ വിത്യാസങ്ങൾ നിങ്ങൾ അല്ലാഹുവിലേക്കും അവന്റെ ദൂതരിലേക്കും മടക്കുക എന്ന കല്പന ഖിയാസിനെയാണ് സൂചിപ്പിക്കുന്നത്. (അഥവാ ഖുര്ആനിലെയും ഹദീസിലെയും വ്യക്തമായ വിധികളോട് തുലനം ചെയ്തു കൊണ്ട് അവയിൽ വ്യക്തമാക്കാത്ത വിഷയങ്ങളിലെ വിധികൾ യോഗ്യരായ മുജ്തഹിദുകൾ കണ്ടെത്തി നിങ്ങളോട് വിശദീകരിക്കുന്നതാണ്). അത് നിങ്ങൾ അനുസരിക്കുക എന്നാണു ഖുർആന്റെ കല്പന. അതാണ്‌ നിങ്ങള്ക്ക് ഗുണവും

ഖുർആനും സുന്നത്തും അനുസരിക്കൂ എന്ന കല്പനക്ക് ശേഷം അഭിപ്രായവിത്യാസങ്ങൾ ഖുർആനിലേക്കും സുന്നത്തിലേക്കും മടക്കൂ എന്ന് പറഞ്ഞതിൽ നിന്ന് തന്നെ വ്യക്തമാണ്, ആദ്യത്തെ രണ്ടു ഭാഗം വിധി വ്യക്തമായതിന്റെ കാര്യത്തിലും അവസാനത്തെ ഭാഗം വിധി അവ്യക്തമായ, പുതിയ പ്രശ്നങ്ങള്‍ പോലുള്ളവയുടെ കാര്യത്തിലും ആണെന്ന്. എല്ലാ വിഷയത്തിലും ഖുര്ആനിൽ നിന്നും സുന്നത്തിൽ നിന്നും നേരിട്ട് വിധി കരസ്ഥമാക്കാനാണ് ഉദ്ദേശം എങ്കിൽ ഈ ആവര്ത്തനത്തിന്റെ കാര്യം ഇല്ലല്ലോ?

ഇജ്മാ: എങ്ങനെ പ്രമാണം ആകുന്നു എന്ന് മഹാനായ ഇമാം റാസി(റ) വിശദീകരിക്കുന്നു.

“ഈ ആയത്തില്‍ അല്ലാഹുവിനും റസൂലിനും വഴിപ്പെടാന്‍ പറഞ്ഞതിനോടൊപ്പമാണ് ഉലുല്‍അംറിനും വഴിപ്പെടാന്‍ അല്ലാഹു കലല്‍പ്പിച്ചത്. അപ്പോള്‍ അല്ലാഹുവിനെയും റസൂലിനെയും പോലെത്തന്നെ തെറ്റു സംഭവിക്കാത്ത വിഭാഗമായിരിക്കണം ഉലുല്‍അംറ്. കാരണം തെറ്റ് സംഭവിക്കുന്നവര്‍ക്ക് വഴിപ്പെടാന്‍ അല്ലാഹു തറപ്പിച്ച് പറയില്ല. അല്ലാഹുവിനും റസൂലിനും വഴിപ്പെടണമെന്ന് കല്‍പിച്ച അതേ ശൈലിയിലാണ് ഉലുല്‍ അംറിനു വഴിപ്പെടാനും പറയുന്നത്. അതിനാല്‍ ഉലുല്‍അംറ് തെറ്റ് സംഭവിക്കാത്തവരാണെന്ന് തീര്‍ച്ച. അമ്പിയാക്കള്‍ക്കുള്ള ഈ സവിശേഷതയുള്ളവര്‍ ഒരു നിശ്ചിത സമൂഹമാകണം. അവരത്രെ അഹ് ലുല്‍ ഹല്ലിവല്‍ അഖ്ദ് (മുജ്തഹിദുകള്‍). അപ്പോള്‍ അല്ലാഹുവി ന്റെയും റസൂലിന്റെയും വാക്കുകള്‍ രേഖയാകുന്ന പ്രകാരം മുജ്തഹിദുകളാകുന്ന സമൂഹത്തിന്റെ അഭിപ്രായവും രേഖയാണെന്ന് സ്ഥിരപ്പെട്ടു (തഫ്സീറു റാസി: വാള്യം 10, പേജ് 144).
ഖുര്‍ആന്‍ സുന്നത്തുപോലെയുള്ള ഒരു രേഖയായി ഗണിക്കപ്പെടുന്നത് അവരുടെ ഏകോപനം മാത്രമാണ്. ഒറ്റപ്പെട്ട അഭിപ്രായങ്ങളല്ല, ഇമാം റാസി (റ) പറയുന്നു: “മേല്‍ ആയത്തില്‍ മൊത്ത വിഷയങ്ങളെ രണ്ടായി അല്ലാഹു വിഭജിച്ചിരിക്കുന്നു.
(1) വിധി വ്യക്തമായത്. അവയില്‍ അല്ലാഹുവിനും റസൂലിനും ഉലുല്‍അംറിനും വഴിപ്പെടാനാണ് അല്ലാഹുവിന്റെ നിര്‍ദ്ദേശം. (2) വിധി വ്യക്തമല്ലാത്തത്. അവയില്‍ ഇജ്തിഹാദ് നടത്താനാണ് നിര്‍ദ്ദേശം. അതിലേക്കുള്ള സൂചനയാണ് നിസാഅ് സൂറത്തിലെ അമ്പത്തി ഒമ്പതാം ആയത്ത് (റാസി: വാള്യം 10, പേജ് 148).

ദീനിന്റെ വിധി വിലക്കുകൾ പറയുന്ന വിഷയത്തിൽ ഇമാമുമാർക്ക് ഒന്നടങ്കം തെറ്റ് പറ്റില്ലെന്ന് ഈ ആയത്തിന്റെ ഘടന വിശകലനം ചെയ്തു കൊണ്ട് ഇമാം റാസി(റ) സമർഥിക്കുന്നു. മഹാനവര്കളുടെ ബുദ്ധിവൈഭവം നോക്കൂ ....

وظاهر قوله: { أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِى ٱلأَمْرِ مِنْكُمْ } يقتضي الاطلاق، وأيضا ففي الآية ما يدفع هذا الاحتمال، وذلك لأنه تعالى أمر بطاعة الرسول وطاعة أولي الأمر في لفظة واحدة، وهو قوله: { وَأَطِيعُواْ ٱلرَّسُولَ وَأُوْلِى ٱلأَمْرِ مِنْكُمْ } واللفظة الواحدة لا يجوز أن تكون مطلقة ومشروطة معا، فلما كانت هذه اللفظة مطلقة في حق الرسول وجب أن تكون مطلقة في حق أولي الأمر.

“നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക. അവന്റെ ദൂതരെയും നിങ്ങളിൽ നിന്നുള്ള കൈകാര്യ കര്ത്താക്കളെയും അനുസരിക്കുക” എന്ന വചനം പ്രത്യക്ഷമായി തന്നെ നിരുപാധികം ഉള്ള അനുസരണ ആവശ്യപ്പെടുന്നു .
വീണ്ടും പറയട്ടെ , ഈ വിഷയത്തെ പ്രബലമാക്കുന്ന ഘടകം ആയത്തിലുണ്ട്. അതായത് , അല്ലാഹു തആലാ റസൂലിനെ(സ)യും ഉലുൽ അമ്രിനെയും അനുസരിക്കുവാനുള്ള കല്പന ഒറ്റ വാചകത്തിൽ ഒതുക്കിയിരിക്കുന്നു. { وَأَطِيعُواْ ٱلرَّسُولَ وَأُوْلِى ٱلأَمْرِ مِنْكُمْ }
ഒറ്റ വാചകത്തിൽ തന്നെയുള്ള കല്പന ഒരേ സമയം സ്വാപാധികവും നിരുപാധികവും ആകില്ലല്ലോ. അപ്പോൾ റസൂലിനെ(സ) അനുസരിക്കുക എന്ന കല്പന ഈ വാചകത്തിൽ നിരുപാധികം ആണ് എന്നത് കൊണ്ട് തന്നെ, ഉലുൽ അമ്ര് ആകുന്ന ഇമാമുമാരെ അനുസരിക്കുക എന്ന കല്പനയും നിരുപാധികം ആണ് എന്നത് അനിവാര്യമായിരിക്കുന്നു.
(തഫ്സീർ റാസി)

അപ്പോൾ നോക്കൂ,,, തര്ക്ക വിഷയങ്ങളിൽ ഇമാമുമാരെ അവലമ്പിക്കുവാനുള്ള ഖുര്ആന്റെ കല്പനയെയാണ് പച്ചയായി ദുര് വ്യഖ്യാനം ചെയ്ത് ആ ഇമാമുമാരെ പുറംകാൽ കൊണ്ട് തട്ടിയകറ്റി ഖുർആനിൽ നിന്നും ഹദീസിൽ നിന്നും നേര്ക്ക് നേരെ വിധി കണ്ടെത്തുവാൻ വേണ്ടി ചവിട്ടി മെതിക്കുന്നത്. നാഴികക്ക് നാല്പതു വട്ടം പുത്തൻ പുരോഹിതവര്ഗം അണികളെ പറ്റിക്കുന്നത് ഈ ആയത്ത് ഓതി കൊണ്ടാണ്. വിവരമില്ലാത്ത അണികളാവട്ടെ, കേട്ട പാതി, കേള്ക്കാത്ത പാതി പരിഭാഷയും എടുത്തു ഇമാമുമാരെ ഖണ്ടിക്കുവാൻ ഇറങ്ങുകയായി. ചുടു ചോറ് വാരുന്നവർ ഉണ്ടോ അറിയുന്നു, തങ്ങളേക്കാൾ നന്ദി കെട്ട വര്ഗം വേറെ ഇല്ലെന്നു?

ഇക്കാലത്തെ ഗതാഗത സൌകര്യങ്ങളോ, വാര്ത്താ വിനിമയോപാധികളോ ഇല്ലാതെ, നൂറ്റാണ്ടുകൾക്ക് മുമ്പ് തങ്ങളുടെ കുടുമ്പജീവിതവും മറ്റു ഭൌതിക സുഖ സൌകര്യങ്ങളും ത്യജിച്ചു കൊണ്ട് അവർ പര് വതങ്ങളും മരുഭൂമികളും മഹാനഗരങ്ങളും താണ്ടിയത് വിശുദ്ധ ഖുര്ആനിലെയും തിരു ഹദീസിലെയും വിജ്ഞാനം കരസ്ഥമാക്കി ലാഭേച്ച ഒന്നും കൂടാതെ വരും തലമുറകൾക്ക് പകര്ന്നു നല്കാൻ വേണ്ടി മാത്രമാണ്.

താരതമ്യേന പില്ക്കാലക്കാരനായ ഇമാം സുയുഥി(റ)യുടെ ചരിത്രം തന്നെ എടുക്കൂ...
അനാഥനായി വളര്‍ന്ന്‍ എട്ടാം വയസ്സില്‍ ഖുര്‍ആന്‍ മുഴുവനും ഹൃദിസ്ഥമാക്കി, ഹിജാസിലും യമനിലും ശാമിലും മിസ്രിലും മൊറോകോയിലും ഇന്ത്യയിലും വിജ്ഞാനത്തിന് വേണ്ടി അലഞ്ഞു തിരിഞ്ഞു നൂറ്റി അമ്പതോളം ശൈഖുമാരില്‍ നിന്ന് ഇല്‍മ് കരസ്ഥമാക്കി അഞ്ഞൂറോളം കിതാബുകള്‍ രചിച്ച, ഒരു ലക്ഷത്തോളം ഹദീസുകള്‍ മന:പാഠമാക്കിയ, ഹദീസ് വിജ്ഞാനത്തിന്റെ ആഴിയില്‍ മുങ്ങിതപ്പിയ, പത്താം നൂറ്റാണ്ടിലെ നവോഥാനനായകന്‍ ഹാഫിള് ജലാലുദ്ദീന്‍ അബ്ദുള്‍റഹ്മാന്‍ അസ്സുയൂഥി(റ). നൈല്‍നദീ തീരത്തെ തന്റെ പര്ണ്ണശാലക്കു മുന്നില്‍ സുല്‍ത്താന്മാരും സമ്പന്നരും സ്വര്‍ണകിഴികളുമായി കാത്തിരിക്കുമായിരുന്നു. അവരെയൊന്നും ഗൌനിക്കാതെ വിജ്ഞാന സപര്യക്കായി മാത്രം ഒരായുഷ്കാലം വിനിയോഗിച്ച ത്യാഗിവര്യൻ.

ഇരുപത്തൊന്നാം വയസ്സില്‍ തഫ്സീറുകളുടെ ലോകത്തെ
നിത്യതാരകം 'തഫ്സീര്‍ ജലാലൈനി'യുടെ പകുതിയോളം,
തന്റെ ഉസ്താദ് ജലാലുദ്ദീന്‍ മഹല്ലി(റ) രചിച്ചു വെച്ചതിന്റെ ബാക്കി ഭാഗം, വെറും നാല്പതു ദിവസം കൊണ്ട് പൂര്‍ത്തിയാക്കി പണ്ടിതലോകത്തെ വിസ്മയിപ്പിച്ച മഹാപ്രതിഭ. 'ദുററുല്‍ മന്‍സൂര്‍' എന്ന മറ്റൊരു തഫ്സീറും ആ അനുഗ്രഹീത കരങ്ങളാല്‍ രചിക്കപ്പെട്ടു. ഹദീസ് വിജ്ഞാനീയത്തില്‍ 'ജാമിഉസ്സഘീര്‍' മുതല്‍ ഒരു പാട് രചനകള്‍. ആ മഹാന്‍ വിജ്ഞാനത്തിനായി സഞ്ചരിച്ച വഴികളിലെ ഒരു മണല്തരിയായി തീരാന്‍ മാത്രം ഭാഗ്യമൊന്നും നമുക്ക് ലഭിച്ചിട്ടില്ല.

അങ്ങനെ അവർ നേടിയെടുത്ത ഇല്മിനെയാണ് ഇക്കൂട്ടര് സ്വന്തം താല്പര്യങ്ങല്ക്ക് വേണ്ടി പടച്ചുണ്ടാക്കിയ ദുർവ്യാഖ്യാനങ്ങൾ കൊണ്ട് കുഴിച്ചു മൂടാൻ ശ്രമിക്കുന്നത്.

ഇമാമുമാര്‍ പ്രവാചകന്മാര്‍ അല്ലാത്തതിനാല്‍ അവര്‍ ഒരു നിലക്കും തെറ്റ് പറ്റാത്ത മനുഷ്യര് ആണെന്ന വാദമൊന്നും നമുക്കില്ല. നാമൊക്കെ ദിനേനയെന്നോണം വന്‍ പാപങ്ങള്‍ ചെയ്തു കൂട്ടുന്നു. അത് പോലെ ഇമാമുമാരുടെ ജീവിതത്തിലും വല്ലപ്പോഴും വല്ല കറാഹതും അപൂർവമായി ഹറാമും സംഭവിച്ചേക്കാം. അതാണ്‌ അതിനര്‍ത്ഥം.

അല്ലാതെ ഖുര്‍ആന്റെയും ഹദീസിന്റെയും മൌലിക തത്വങ്ങള്‍ വിശദീകരിക്കുന്ന രംഗത്ത്‌ അവര്‍ക്ക് തെറ്റ് പറ്റുമെന്നല്ല. അത് അസംഭവ്യമാണ്. കാരണം ഇമാമുമാരിലൂടെയാണ് ഈ ദീന്‍ നിലനില്‍ക്കുന്നത്. ഈ ദീന്‍ സംരക്ഷിക്കുന്ന കാര്യം അല്ലാഹു ഏറ്റെടുത്തതാണ്. എന്റെ സമുദായം പിഴവില്‍ ഒരുമിക്കുകയില്ല എന്ന് നബി(സ) പറഞ്ഞതുമാണ്. അഥവാ ആര്‍ക്കെങ്കിലും എവിടെയെങ്കിലും പിഴച്ചാല്‍ മറ്റു ഇമാമുമാര്‍ അത് തിരുത്തും.
ഇമാമുമാർ തമ്മിലുള്ള ഭിന്നത ഒരിക്കലും അടിസ്ഥാന വിഷയങ്ങളിൽ അല്ല. ശാഖാപരമായ വിഷയങ്ങളിൽ ഭിന്നത സ്വാഭാവികം ആണ് താനും. ഇമാം ബൈളാവി(റ) അക്കാര്യം വ്യകതമാക്കുന്നു:

ശാഖാപരമായ കാര്യങ്ങളില്‍ മാത്രമാണ് മദ്ഹബുകളുടെ അഭിപ്രായാന്തരം. മതത്തിന്റെ മൌലിക കാര്യങ്ങളിലല്ല, മൌലിക കാര്യങ്ങളില്‍ ഭിന്നിക്കരുത് എന്നു മാത്രമാണ് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. ഇജ്തിഹാദു ചെയ്ത് സത്യത്തിലെത്തിയാല്‍ രണ്ടു കൂലിയും പിഴച്ചാല്‍ ഒരു കൂലിയുമുണ്ടെന്നു നബി (സ്വ) പറഞ്ഞത് അതിനു തെളിവാണ് (ബൈളാവി 1-225).

2 comments: