Tuesday, October 29, 2013

നമസ്‌കാരം വിശ്വാസിയുടെ രക്ഷാമാര്‍ഗ്ഗംഅല്‍ബഖറ സൂറത്തില്‍ അല്ലാ ഹു സത്യവിശ്വാസികളെ പരിചയപ്പെടുത്തുന്നത്‌ അവര്‍ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുന്നവരാണ്‌ എന്ന വിശേഷണം കൂടി ചേര്‍ത്തു കൊണ്ടാണ്‌. നിങ്ങള്‍ മുഹമ്മദ്‌ നബി(സ)യും അനുയായികളും ചെയ്യുന്നതു പോലെ നമസ്‌കാരം നിര്‍വഹിക്കണമെന്നും അവരോട്‌ വിശ്വാസം കൊണ്ട്‌ ആഹ്വാനം ചെയ്‌തശേഷം അല്ലാഹു കല്‍പിക്കുന്നതു കാണാം.

"ക്ഷമകൊണ്ടും നമസ്‌കാരം കൊണ്ടും നിങ്ങള്‍ അല്ലാഹുവിനോട്‌ സഹായം തേടണം" എന്ന്‌ അല്ലാഹു പഠിപ്പിക്കുന്നു. നബി(സ) തങ്ങള്‍ക്കു വല്ല പ്രയാസവും നേരിട്ടാല്‍ ധൃതിപ്പെട്ടുകൊണ്ട്‌ നബി(സ) നമസ്‌കാരത്തിലേക്ക്‌ കടക്കുമായിരുന്നുവെന്നു ഹദീസിലുണ്ട്‌. നേതൃസ്ഥാനത്തോടുള്ള സ്‌നേഹവും ആര്‍ത്തിയും മൂലം നബി(സ)തങ്ങള്‍ക്കു നുബുവ്വത്തു ലഭിച്ചതില്‍ പ്രയാസമനുഭവിച്ച ജൂതരോട്‌ വിശ്വസിച്ചുകൊണ്ട്‌ നമസ്‌കാരം നിര്‍വ്വഹിക്കാനാണ്‌ അല്ലാഹു കല്‌പിച്ചത്‌. തന്‍മൂലം അഹങ്കാരം നശിക്കുകയും ഭയഭക്തി ഉണ്ടാകുകയും ചെയ്യുമെന്ന്‌ അവരെ അല്ലാഹു ഉപദേശിച്ചതാണ്‌ പ്രസ്‌തുത ആയത്തിലൂടെ എന്ന്‌ വ്യാഖ്യാതാക്കള്‍ ഉണര്‍ത്തിയിട്ടുണ്ട്‌. അനുസരണത്തോടു മനസ്സിണങ്ങിയിട്ടില്ലെങ്കില്‍ നമസ്‌കാരം ഭാരമായി തോന്നുമെന്നും അല്ലാഹു പഠിപ്പിക്കുന്നു.
പരലോക വിജയത്തിന്‌ അല്ലാഹുവിനോട്‌ സഹായം തേടേണ്ടതും പ്രസ്‌തുത കര്‍മ്മങ്ങളെ കൊണ്ടാണ്‌ എന്ന്‌ അല്ലാഹു പറയുന്നത്‌ കാണാം. ഇത്‌ അല്ലാഹു ആവര്‍ത്തിച്ച്‌ ഊന്നല്‍ നല്‍കിക്കൊണ്ട്‌ പറയുന്നുണ്ട്‌.
അഞ്ചുനേരത്തെ നമസ്‌കാരങ്ങളെയും കൃത്യസമയത്ത്‌ നിര്‍വ്വഹിച്ചു കൊണ്ട്‌ നിങ്ങള്‍ സൂക്ഷ്‌മത പാലിക്കണമെന്നല്ലാഹു കല്‍പിക്കുന്നു. ഇതില്‍ "വുസ്‌ത്വാ" എന്ന ഒരു നമസ്‌കാരം പ്രത്യേകം ശ്രേഷ്‌ഠതയുള്ളതായി അല്ലാ ഹു എടുത്തു പറഞ്ഞിരിക്കുന്നു. ഇത്‌ അസ്‌ര്‍ നമസ്‌കാരമാണെന്നാണ്‌ പ്രബല അഭിപ്രായം. ഈ അഭിപ്രായത്തെ ഇമാം ശാഫിഈ(റ)ബലപ്പെടുത്തുന്നു. പകലിലെ മലക്കുകള്‍ തത്സമയം കയറി ആകാശത്തിലേക്ക്‌ പോകുകയും രാത്രിയിലെ മലക്കുകള്‍ ഇറങ്ങിവരികയും ചെയ്യുന്നതാണ്‌ ഇതിനു കാരണം. ഇത്‌ സുബ്‌ഹ്‌ ആണെന്നും ളുഹ്‌റ്‌ ആണെന്നും അഭിപ്രായമുണ്ട്‌. പ്രഭാതത്തില്‍ എന്റെ സമുദായത്തിന്ന്‌ അല്ലാഹു ധന്യത നല്‍കിയിരിക്കുന്നു എന്ന ഹദീസിനുപുറമെ ജനങ്ങള്‍ ഉറക്കില്‍ നിന്നുണര്‍ന്നു പ്രയാസം സഹിച്ചു നിര്‍വ്വഹിക്കുന്ന നമസ്‌കാരമാണതെന്നത്രെ സുബ്‌ഹാണെന്നു പറയുന്നവരുടെ ന്യായം. ഇതാണ്‌ മാലികി(റ)ന്റെ അഭിപ്രായം. ഇസ്‌ലാമില്‍ ആദ്യമായി പ്രകടമായി കണ്ട നമസ്‌കാരമാണ്‌ ളുഹ്‌റെന്ന്‌ ആ നമസ്‌കാരമെന്ന്‌ അഭിപ്രായപ്പെടുന്നവരുടെ പിന്‍ബലം. ഒറ്റയായ നമസ്‌കാരമായത്‌ കൊണ്ട്‌ മഗ്‌രിബാണെന്നും ജനങ്ങള്‍ അലസമായിരിക്കുന്ന സമയത്ത്‌ നിര്‍വഹിക്കുന്നത്‌ കൊണ്ട്‌ ഇശാആണെന്നും അഭിപ്രായമുണ്ട്‌. ജുമുഅയാണെന്നും ജനാസയാണെന്നും നബി(സ)യുടെ മേല്‍ സ്വലാത്താണെന്നും നിഗമനങ്ങള്‍ വേറെയുമുണ്ട്‌. ലൈലത്തുല്‍ ഖദ്‌റ്‌, ജുമുഅ ദിവസത്തിലെ ഉത്തരം കിട്ടുന്ന സമയം എന്നിവ ഗോപ്യമാക്കിയതു പോലെ ജനങ്ങള്‍ എല്ലാം ശ്രദ്ധിച്ച്‌ നിര്‍വഹിക്കാന്‍ വേണ്ടിയാണ്‌ ഇതും മറച്ചു വച്ചത്‌. സുബ്‌ഹ്‌ നമസ്‌കാരത്തിന്റെയും അസ്‌റിന്റെയും ശ്രേഷ്‌ഠത വ്യക്തമാക്കുന്ന ധാരാളം ഹദീസുകള്‍ തെളിവായി നിരത്തികൊണ്ട്‌ ഇത്‌ രണ്ടുമാണ്‌ "വുസ്‌ത്വാ" എന്ന്‌ ഇബ്‌നുല്‍ അറബി, ഇബ്‌നു അബീജംറ എന്നിവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.

"അല്ലാഹുവിന്‌ വഴിപ്പെട്ടവരായി നിങ്ങള്‍ നമസ്‌കാരത്തില്‍ നില്‍ക്കണം" എന്ന്‌ ഈ ആയത്തില്‍ കാണാം. നമസ്‌കാരത്തില്‍ സംസാരിക്കാറുണ്ടായിരുന്ന ഞങ്ങളോട്‌ ഈ ആയത്ത്‌ ഇറങ്ങിയതോടെ സംസാരം നിരോധിക്കപ്പെട്ടു എന്ന്‌ സൈദുബ്‌നു അര്‍ഖം(റ) റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസിലുണ്ട്‌.

ശത്രു, വെള്ളം, അഗ്‌നി തുടങ്ങിയവ ഭയപ്പെട്ടാല്‍ നടന്നു കൊണ്ടും വാഹനം കയറിയും ഖിബ്‌ലക്കു മുന്നിടുകപോലുള്ള നിബന്ധനകള്‍ ഒഴിവാക്കി കൊണ്ടും റുകൂഅ്‌, സുജൂദ്‌ തുടങ്ങിയ ഘടകങ്ങള്‍ ലഘൂകരിച്ച്‌ കൊണ്ടും നമസ്‌കരിക്കാന്‍ ശറഅ്‌ നിര്‍ദ്ദേശിക്കുന്നു.
ദിക്‌റിന്റെ ഇനങ്ങള്‍ നിറഞ്ഞതു കൊണ്ട്‌ ചില സ്ഥലങ്ങളില്‍ ദിക്‌റ്‌ എന്ന പ്രയോഗമാണ്‌ നമസ്‌കാരത്തെക്കുറിച്ച്‌ അല്ലാഹു നടത്തിയിരിക്കുന്നത്‌. സ്വലാത്തുല്‍ ഘൗഫ്‌ വിവരിക്കുന്ന സ്ഥലത്തും ഈ പ്രയോഗം കാണാം.

നബി(സ)തങ്ങള്‍ക്ക്‌ മുമ്പും നമസ്‌കാരം ഇബാദത്തായുണ്ടായിരുന്നു.എന്നാല്‍ ഇതേപ്രകാരം അഞ്ചു നമസ്‌കാരവും നിര്‍ബ്ബന്ധമില്ലായിരുന്നുവെന്ന്‌ മാത്രം. നമ്മുടെ അഞ്ച്‌ നമസ്‌കാരങ്ങളില്‍ തന്നെ ചിലത്‌ ഫര്‍ളാക്കപ്പെട്ട നബിമാരും ഉണ്ട്‌. സകരിയ്യ(അ) പള്ളിയില്‍ നമസ്‌കരിച്ചുകൊണ്ടിരുന്നപ്പോള്‍ യഹ്‌യാ നബി(അ)യെ പുത്രനായി നല്‍കാന്‍ അല്ലാഹു തിരുമാനിച്ചതായി ജിബ്‌രീല്‍(അ) വിളിച്ചു പറഞ്ഞതായി ഖുര്‍ആനിലുണ്ട്‌. മര്‍യം ബീവി(റ)യോട്‌ നിങ്ങള്‍ അല്ലാഹുവിന്ന്‌ വഴിപ്പെടുകയും നമസ്‌കരിക്കുന്നവരോട്‌ കൂടെ നമസ്‌കരിക്കുകയും ചെയ്യണമെന്ന്‌ അല്ലാഹു കല്‍പിച്ചിട്ടുണ്ട്‌ എന്നും ആലുഇംറാന്‍ സൂറത്തില്‍ കാണാം.

നമസ്‌കാരത്തില്‍ ഭയഭക്തിയും അടക്കവും കാണിക്കുന്നവരെയും സുന്നത്ത്‌ നമസ്‌കരിക്കുന്നവരെയും അല്ലാഹു പ്രത്യേകം പുകഴ്‌ത്തി പറഞ്ഞതായ ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണാം. നമസ്‌കാരത്തിലേക്കുള്ള വിളി കേള്‍ക്കുമ്പോള്‍ പരിഹസിക്കുന്നവരെ "ചിന്താശക്തി ഉപയോഗിക്കാത്തവര്" എന്ന്‌ അല്ലാഹു വിമര്‍ശിക്കുന്നു. എന്റെ നമസ്‌കാരവും മറ്റു ഇബാദത്തുകളും ലോകരക്ഷിതാവായ അല്ലാഹവിന്‌ മാത്രമാണ്‌ എന്ന്‌ പറയാന്‍ അല്ലാഹു പഠിപ്പിച്ചിരിക്കുന്നു. തൗറാത്‌കൊണ്ട്‌ മുറുകെ പിടിക്കുകയും നമസ്‌കാരം നില നിറുത്തുകയും ചെയ്‌ത അബ്‌ദുല്ലാഹിബ്‌നു സലാമിനെ പോലെയുള്ള യഹൂദീ പണ്ഡിതരെ ഖുര്‍ആനില്‍ അല്ലാഹു സന്‍മാര്‍ഗ്ഗികളും പരിഷ്‌കര്‍ത്താക്കളുമായി വിശേഷിപ്പിച്ചിരിക്കുന്നു.
സമസ്‌കാരത്തില്‍ മടിയന്‍മാരായും നമസ്‌കാരത്തെഭാരമായി കണ്ടുകൊണ്ടും അതില്‍ പ്രവേശിക്കുന്നവരെ അല്ലാഹു അവിശ്വാസികളുടെ ഗണത്തില്‍ പെടുത്തിയിരിക്കുന്നു. ഇതിനു വിപരീതമായിട്ടുള്ളവര്‍ക്ക്‌ അവന്റെ കരുണ കൊണ്ടുള്ള വാഗ്‌ദാനവും നടത്തിയിരിക്കുന്നു. അവിശ്വാസികള്‍ ചിലപ്പോള്‍ പ്രവാചകന്‍മാരെ ആക്ഷേപിക്കാന്‍ നമസ്‌കാരത്തെ മറയാക്കിയതായി ചരിത്രത്തില്‍ കാണാം. ഞങ്ങളുടെ പിതാക്കന്‍മാര്‍ ആരാധിക്കുന്നതിനെ ഞങ്ങള്‍ ഉപേക്ഷിക്കണമെന്ന്‌ നിന്നോട്‌ കല്‍പിക്കുന്നത്‌ നിന്റെ നമസ്‌കാരമാണോ എന്ന്‌ ശുഐബ്‌ നബി(അ)യോട്‌ അവിടുത്തെ ജനത ചോദിക്കാറുണ്ടായിരുന്നു.

സ്വലാത്തുല്‍ ഫജ്‌റ്‌, സ്വലാത്തുല്‍ ഇശാഅ്‌ എന്നീ സമസ്‌കാരങ്ങള്‍ പേരെടുത്ത്‌ ഖുര്‍ആനില്‍ പറഞ്ഞതുകാണാം. രാത്രിയില്‍ ഉറക്കം കഴിഞ്ഞ്‌ നമസ്‌കരിക്കുന്നവരെ അല്ലാ ഹു പുകഴ്‌ത്തിയിരിക്കുന്നു. വഹ്‌യിന്റെ ആരംഭവേളയില്‍ തന്നെ ഇത്തരത്തില്‍ നമസ്‌കരിക്കാന്‍ അല്ലാഹു നബിയോട്‌ കല്‍പിച്ചിരുന്നു. നബി(സ)ഇപ്രകാരം നമസ്‌കരിച്ചു കാലുകള്‍ തളരാറുണ്ടായിരുന്നവെന്നും പാപ സുരക്ഷിതരായ തങ്ങള്‍ ഇങ്ങനെ ചെയ്യുന്നത്‌ എന്തിനാണ്‌ എന്ന്‌ ചോദിച്ച ആഇശ ബീവി(റ)യോട്‌ ഏറ്റവും നന്ദിയുള്ള അടിമയാവേണ്ടത്‌ ഞാനല്ലയോ! എന്ന്‌ റസൂല്‍ കരീം(സ) ചോദിച്ചിരുന്നുവെന്നും ഹദീസിലുണ്ട്‌.

നരകത്തില്‍ നിന്ന്‌ പുറപ്പെടുവിക്കപ്പെട്ട്‌ സ്വര്‍ഗ്ഗത്തില്‍ എത്തിയ വിശ്വാസികളോട്‌ നിങ്ങള്‍ നരകത്തില്‍ കടന്നതെന്തു കൊണ്ടാണ്‌ എന്ന്‌ ചോദിക്കുമ്പോള്‍ ഞങ്ങള്‍ നമസ്‌കരിക്കുന്നവരില്‍ പെട്ടവരായിരുന്നില്ല എന്ന്‌ അവര്‍ പറയുമത്രെ. ഖിയാമ ദിവസം ഇത്തരക്കാരുടെ മുഖം ചുളിഞ്ഞിരിക്കുകയും ചെയ്യും. അപ്പോള്‍ അഞ്ചു വഖ്‌ത്‌ നമസ്‌കാരവും മുറപോലെ നിര്‍വഹിച്ചവന്‍ ആഖിറത്തില്‍ വിജയിച്ചവനത്രെ. അതേസമയം നമസ്‌കാരത്തെ വിട്ടു പിന്തിക്കുന്നവര്‍ക്ക സര്‍വ്വനാശവുമുണ്ടെന്നും "വൈല്‍ " എന്ന നരകത്തില്‍ അവരെ പ്രവേശിക്കപ്പെടുമെന്നും ഖുര്‍ആനില്‍ വന്നിരിക്കുന്നു.

No comments:

Post a Comment