Thursday, January 2, 2014

നബിദിനാഘോഷത്തിനു ദീനിൽ അടിസ്ഥാനമില്ലെന്നോ? , yoosuf habeeb

നബിദിനാഘോഷത്തിനു ദീനിൽ അടിസ്ഥാനമില്ലെന്നോ?

നബി(സ)യുടെ തിരുജന്മത്തെ അനുസ്മരിച്ചു കൊണ്ട് നടത്തപ്പെടുന്ന ദീനിൽ അടിസ്ഥാനമുള്ള പുണ്യകർമ്മങ്ങളെ പൊതുവെ വ്യവഹരിക്കപ്പെടുന്ന പദാവലികളിൽ പെട്ടതാണ് നബിദിനാഘോഷം, മീലാദാഘോഷം, ഇഹ്തിഫാൽ മൗലിദിന്നബിയ്യ് എന്നിവയെല്ലാം.

നബിദിനാഘോഷ വിരോധികളുടെ ഒരു തന്ത്രമാണ് നബിദിനാഘോഷത്തെ ഒരു നിയതമായ ഇബാദത്ത് എന്ന നിലയിൽ അവതരിപ്പിക്കൽ. സത്യത്തിൽ ഒരു പ്രത്യേക ചട്ടക്കൂടോ ഘടനയോ നിയമാവലികളോ ഉള്ള ഒരു കർമ്മമേ അല്ല നബിദിനാഘോഷം. 
ഭക്ഷണവും വസ്ത്രവും പാർപ്പിടവും തൊഴിലും വ്യവഹാരങ്ങളും 
പോലെ ഒരു മുസ്.ലിമിന്റെ ഏതു തരം ആഘോഷവും അനുവദിക്കപ്പെട്ടതിന്റെ പരിധി വിട്ടുകടക്കൽ നിഷിദ്ധം തന്നെ. 

നബിദിനാഘോഷത്തിൽ വിശ്വാസികൾ അനുഷ്ടിച്ചു വരുന്ന കർമ്മങ്ങളാകട്ടെ പരിശുദ്ധ പ്രമാണങ്ങളാൽ സ്ഥിരീകരിക്കപ്പെട്ട പുണ്യകർമ്മങ്ങളും. സൃഷ്ടിപ്പിൽ എല്ലാ പ്രവാചകന്മാരേക്കാളും മുൻകടന്ന മുഹമ്മദ് മുസ്ഥഫാ നബി(സ) നുബുവ്വത്ത് ദൗത്യവുമായി ഭൂലോകത്തേക്ക് പ്രവേശിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ചു കൊണ്ടുള്ള എല്ലാ പുണ്യകർമ്മങ്ങൾക്കും പൊതുവെ പറയുന്ന പേരു മാത്രമാണ് ആ പദങ്ങൾ. എന്നിട്ടും നബിദിനാഘോഷത്തെ ബിദ്അത്ത് എന്നു വിശേഷിപ്പിക്കുന്നത് തികഞ്ഞ അസംബന്ധം തന്നെ.

ദീനിൽ മുമ്പേ നിലവിലുള്ള ഇത്തരം പുണ്യകർമ്മങ്ങൾ റബീഉൽ അവ്വലിൽ സംഘടിതമായി അനുഷ്ടിക്കപ്പെടുന്ന രീതി പിൽക്കാലത്താണ് ഉടലെടുത്തത് എന്നത് കൊണ്ട് നബിദിനാഘോഷത്തെ ബിദ്അത്ത് എന്ന് ചരിത്രബോധമുള്ള ആരും പറയും - അതാകട്ടെ ഭാഷാപരമായ ബിദ്അത്ത് എന്ന അർത്ഥത്തിലാണ്. ഇത്തരം ബിദ്അത്തുകൾ അല്ല പിഴച്ച ബിദ്അത്തുകളെ പറ്റിയുള്ള ഹദീസിൽ പരാമർശിച്ചത് എന്ന കാര്യം ഇമാമുമാർ വ്യക്തമാക്കിയതാണ്. തഫ്സീർ ഇബ്നു കസീർ നോക്കുക:
وقوله تعالى: { بَدِيعُ ٱلسَّمَـٰوَٰتِ وَٱلأَرْضِ } أي: خالقهما على غير مثال سبق؛ قال مجاهد والسدي: وهو مقتضى اللغة، ومنه يقال للشيء المحدث: بدعة، كما جاء في صحيح مسلم: " فإن كل محدثة بدعة " والبدعة على قسمين: تارة تكون بدعة شرعية، كقوله:
"فإن كل محدثة بدعة وكل بدعة ضلالة"، وتارة تكون بدعة لغوية، كقول أمير المؤمنين عمر بن الخطاب عن جمعه إياهم على صلاة التراويح واستمرارهم: نعمت البدعة هذه، (تفسير إبن كثير – البقرة(

"ആകാശ ഭൂമികളുടെ സൃഷ്ടിപ്പുകാരന്‍” – (അല്ലാഹു) അഥവാ മുൻമാതൃക കൂടാതെ അവ രണ്ടിനെയും സൃഷ്ടിച്ചവന്‍. മുജാഹിദ്, സദ്‌യ്(റ) എന്നിവര്‍ പറഞ്ഞു ‘ഇത് ഭാഷയിലെ അനുയോജ്യമായ ഒരു പ്രയോഗമാകുന്നു. പുതുതായി നിര്മ്മിച്ച്‌ ഉണ്ടാക്കുന്നവയെ എല്ലാം ബിദ്അത്ത് എന്ന് വിളിക്കാം എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.’ ബിദ്അത്താകട്ടെ രണ്ടിനമുണ്ട്. സാങ്കേതികമായ (ശറഇയ്യായ) ബിദ്അത്തും ഭാഷാപരമായ ബിദ്അത്തും. ശറഇയ്യായ ബിദ്അത്തിനു ഉദാഹരണമാണ് ഇമാം മുസ്ലിം റിപ്പോര്ട്ട്ചെയ്ത "എല്ലാ പുതുതായി നിര്മ്മിച്ചവയും ബിദ്അത്താകുന്നു. എല്ലാ ബിദ്അത്തും പിഴച്ചതാകുന്നു" എന്ന ഹദീസിലെ ബിദ്അത്ത്. ഭാഷാപരമായ ബിദ്അത്തിനു ഉദാഹരണമാണ് അമീറുല്‍ മുഅമിനീന്‍ ഉമര്‍ ബിന് ഖത്താബിന്റെ(റ) പ്രയോഗം: സ്വഹാബികളെ തറാവീഹ് ജമാഅത്തിനു ഒരുമിച്ചു കൂട്ടി ആ ജമാഅത്തിനെ പരാമർശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു 'ഇത് എത്ര നല്ല ബിദ്അത്താകുന്നു'. (തഫ്സീറു ഇബ്നുകസീര്‍ - അല്‍ബഖറ:)

ഇതു തന്നെ ഇമാം ഷാഫി(റ) മറ്റൊരു വിധത്തിൽ പറയുന്നു:
قال الإمام الشافعي- رحمه الله المحدثات من الأمور ضربان: ما أحدث يخالف كتاباً أو سنة أو أثراً أو إجماعاً، فهذه بدعة ضلالة.وما أحدث من الخير لا خلاف لواحد من هذا، فهذه محدثة غير مذمومة. 

"ഇമാം ഷാഫി(റ)പറഞ്ഞു: പുതുതായി ഉണ്ടായ കാര്യങ്ങളെ രണ്ടായി വിഭജിക്കാം. ഒന്ന്: കിതാബ്, സുന്നത്, അസര്, ഇജ്മാ'അ തുടങ്ങിയ പ്രമാണങ്ങൾക്ക് വിരുദ്ധമായത്. ഇതാകുന്നു പിഴച്ച ബിദ്അത്ത്. രണ്ട്: മേൽ പറഞ്ഞ പ്രമാണങ്ങൾക്ക് വിരുദ്ധമാകാത്ത നിലയിൽ പുതുതായി ഉണ്ടായ നല്ല കാര്യങ്ങൾ. ഇവ ആക്ഷേപാർഹമല്ലാത്ത പുതിയ കാര്യങ്ങൾ ആകുന്നു. (അഥവാ നല്ല ബിദ്അത്ത്) - (ഫതാവാ സുയൂഥി 1/192)

പിഴച്ച ബിദ്അത്തിനെ അർത്ഥശങ്കക്കിടയില്ലാത്ത വിധത്തിൽ ഇബ്നു ഹജര്‍(റ) നിർവചിക്കുന്നു:
ما أحدث في الدين وليس له دليل عام ولا خاص يدل عليه (فتح الباري13/254)

‘പൊതുവായതോ പ്രത്യേകമായതോ ആയ തെളിവുകളൊന്നും ഇല്ലാത്ത നിലയിൽ ദീനിൽ പുതുതായി ഉണ്ടായവ’ (പിഴച്ച ബിദ്അത്താകുന്നു(.

ഇനി നബിദിനാഘോഷത്തിന്റെ ഭാഗമായി വിശ്വാസികൾ അനുഷ്ടിച്ചു വരുന്ന കർമ്മങ്ങളുടെ മതപരമായ അടിസ്ഥാനങ്ങൾ പരിശോധിക്കാം.

(1) സന്തോഷപ്രകടനം:

സൂറത്ത് യൂനുസിലൂടെ അല്ലാഹു അരുളുന്നു:
( قُلْ بِفَضْلِ ٱللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُواْ هُوَ خَيْرٌ مِّمَّا يَجْمَعُونَ (
‘അല്ലാഹുവിന്റെ ഔദാര്യത്താലും കാരുണ്യത്താലും ആണെന്ന് പറയൂ നബിയേ. അതിനാൽ അവർ സന്തോഷിച്ചു കൊള്ളട്ടെ. അവർ ഒരുമിച്ചു കൂട്ടുന്ന എല്ലാ സന്തോഷങ്ങളേക്കാളും ഉത്തമമാണ് അതിനാലുള്ള സന്തോഷം’.

അല്ലാഹുവിൽ നിന്നുള്ള ഔദാര്യവും കാരുണ്യവും എന്ത് തന്നെയായാലും അതിന്റെ പേരിൽ സന്തോഷിക്കണം എന്നും ആ സന്തോഷപ്രകടനമാണ് മറ്റെല്ലാ ഭൗതികസുഖസൗകര്യങ്ങളിലുള്ള സന്തോഷപ്രകടനത്തേക്കാൾ ഉത്തമമായിട്ടുള്ളതെന്നും ആണ് ഈ ആയത്തിലൂടെ അല്ലാഹു പഠിപ്പിക്കുന്നത്. അപ്പോൾ അല്ലാഹുവിന്റെ അപാരമായ കാരുണ്യമായ നബി(സ)യുടെ പേരിലുള്ള സന്തോഷപ്രകടനം ഏറ്റവും മഹത്തായ ഒരു പുണ്യകർമ്മം തന്നെ എന്നു നിസ്സംശയം പറയാം. ഈ ആയത്തിന്റെ തഫ്സീറിൽ ഇമാം മാവറദി(റ) ഉദ്ധരിക്കുന്നത് നോക്കൂ:

فلتفرح قريش بأن محمداً منهم، قاله ابن عباس. (تفسير النكت والعيون/ الماوردي )
"മുഹമ്മദ് നബി(സ) അവരിൽ പെട്ടവരാണല്ലോ എന്നതിനാൽ ഖുറൈശികൾ സന്തോഷിക്കട്ടെ - ഇതു ഇബ്നു അബ്ബാസ്(റ) പറഞ്ഞതാണ്."

അപ്പോൾ നബി(സ)യുമായി ഉള്ള ബന്ധത്തിന്റെ പേരിൽ സന്തോഷിക്കാം. ബന്ധം ഈമാനികമാകാം, ഉമ്മത്തിയ്യ് ആകാം, ഗോത്രീയമാവാം, കൗടുംബികമാകാം, സ്ഥലീയവും കാലികവും ആകാം. ഏതു തരത്തിലുള്ള ബന്ധത്തിന്റെ പേരിലും സന്തോഷിക്കാം. ഒരു ബന്ധവും ഇല്ലാത്തവർ സന്തോഷിക്കേണ്ടതില്ല.

ആയത്തിൽ പറഞ്ഞ അല്ലാഹുവിന്റെ കാര്യണ്യം (رحمة) എന്നതു കൊണ്ടുള്ള വിവക്ഷ റസൂൽ(സ) തങ്ങൾ ആണെന്ന് മുഫസ്സിറുകളായ ഇബ്നു ജൗസി, അബൂഹയ്യാൻ, സുയൂഥി(റ) എന്നിവർ ഉദ്ധരിക്കുന്നുണ്ട്. ഇമാം സുയൂഥി(റ) 
( وما أرسلناك إلا رحمة للعالمين) الأنبياء: 107 
എന്ന ആയത്തും തെളിവായി തന്റെ 'ദുറുൽ മൻസൂർ' എന്ന തഫ്സീറിൽ കൊടുക്കുന്നുണ്ട്. എന്നാൽ അല്ലാഹുവിന്റെ ഔദാര്യം ( فضل) എന്നത് കൊണ്ടുള്ള ഉദ്ദേശ്യം ആണ് റസൂൽ(സ) എന്ന അഭിപ്രായം ഇബ്നു അഥിയ്യ(റ) തന്റെ തഫ്സീറിൽ ഉദ്ധരിക്കുന്നുണ്ട്. പഴുതടച്ച തഫ്സീറുകളാണ് ഈ വിഷയത്തിലുള്ളതെന്നർഥം.

മുഹമ്മദ് നബി(സ)യുടെ രിസാലത്തിനെ സംബന്ധിച്ച് അല്ലാഹു പറയുന്നത് കണ്ടില്ലേ?
(وَمَآ أَرْسَلْنَاكَ إِلاَّ رَحْمَةً لِّلْعَالَمِينَ)
‘പ്രപഞ്ചങ്ങൾക്കാകെയും കാരുണ്യമായി മാത്രമേ അങ്ങയെ നാം അയച്ചിട്ടുള്ളൂ നബിയേ’.

ഇബ്നു കസീർ(റ) വിശദീകരിക്കുന്നു:
وقوله: { وَمَآ أَرْسَلْنَـٰكَ إِلاَّ رَحْمَةً لِّلْعَـٰلَمِينَ } يخبر تعالى أن الله جعل محمداً صلى الله عليه وسلم رحمة للعالمين، أي: أرسله رحمة لهم كلهم، فمن قبل هذه الرحمة، وشكر هذه النعمة، سعد في الدنيا والآخرة، ومن ردها وجحدها، خسر في الدنيا والآخرة،
‘തീർച്ചയായും അല്ലാഹു സുബ്ഹാനഹു വതആലാ മുഹമ്മദ് നബി(സ)യെ ലോകങ്ങൾക്കാകെയും കാരുണ്യമായി നിശ്ചയിച്ചു കഴിഞ്ഞു. അഥവാ നബിയെ അവർക്കെല്ലാവർക്കും കാരുണ്യമായി അയച്ചിരിക്കുന്നു. ആരെങ്കിലും ഈ കാരുണ്യത്തെ സ്വീകരിക്കുകയും ഈ അനുഗ്രഹത്തിനു നന്ദി ചെയ്യുകയും ചെയ്താൽ അവൻ ദുൻയാവിലും ആഖിറത്തിലും വിജയിച്ചു. ആരെങ്കിലും അതിനെ നിരസിക്കുകയും നിഷേധിക്കുകയും ചെയ്താൽ അവൻ ദുൻയാവിലും ആഖിറത്തിലും പരാജയപ്പെട്ടു.’

തുടർന്ന് നബി(സ) തന്നെ സ്വയം താൻ റഹ്.മത്ത് ആണ് എന്നു പറയുന്നത് ഇബ്നു കസീർ(റ) ഉദ്ധരിക്കുന്നു:
فبلغ ذلك رسول الله صلى الله عليه وسلم فقال: " والذي نفسي بيده لأقتلنهم ولأصلبنهم ولأهدينهم وهم كارهون، إني رحمة بعثني الله ولا يتوفاني حتى يظهر الله دينه، لي خمسة أسماء: أنا محمد، وأحمد، وأنا الماحي الذي يمحو الله بي الكفر، وأنا الحاشر الذي يحشر الناس على قدمي، وأنا العاقب " تفسير القرآن الكريم/ ابن كثير

'എന്റെ നഫ്സ് ആരുടെ കൈവശത്തിലാണോ ആ അല്ലാഹുവിനെ തന്നെ സത്യം. ഞാൻ അവരുമായി യുദ്ധം ചെയ്യുക തന്നെ ചെയ്യുമായിരുന്നു. ഞാൻ അവരെ കഠിനമായി കൈകാര്യം ചെയ്യുക തന്നെ ചെയ്യുമായിരുന്നു. അവർ വെറുക്കുന്ന ആ സന്മാർഗത്തിലേക്ക് ഞാൻ അവരെ കൊണ്ടു വരിക തന്നെ ചെയ്യുമായിരുന്നു. പക്ഷെ, നിശ്ചയം ഞാൻ കാരുണ്യമാണ്. അല്ലാഹു അങ്ങനെയാണ് എന്നെ അയച്ചത്. അല്ലാഹു അവന്റെ ദീനിനെ പ്രത്യക്ഷപ്പെടുത്താതെ എന്നെ മരിപ്പിക്കുകയില്ല. പഞ്ചനാമങ്ങളുടെ ഉടമയാണ് ഞാൻ. ഞാൻ മുഹമ്മദ് ആണ്. ഞാൻ അഹ്.മദ് ആണ്. ഞാൻ 'മാഹീ' ആണ്. അല്ലാഹു എന്നിലൂടെ കുഫ്.റിനെ മായ്ച്ചു കളയുന്നു. ഞാൻ 'ഹാഷിർ' ആണ്. അന്ന് ജനങ്ങളെല്ലാം എന്റെ കാൽ പാദങ്ങളിൽ ഒരുമിച്ചു കൂടും. ഞാൻ 'ആഖിബ്' (അനന്തരാവകാശി) ആണ്.'

(2) പ്രവാചക കീർത്തനങ്ങൾ അഥവാ മദ്.ഹു റസൂൽ

പരിശുദ്ധ ഖുർആനിൽ നിരവധി സ്ഥലങ്ങളിൽ അല്ലാഹു നബി(സ)യെ പുകഴ്ത്തി പറഞ്ഞതായി കാണാം. ഒരു ഉദാഹരണം മാത്രം.
وَرَ‌فَعْنَا لَكَ ذِكْرَ‌كَ
‘അങ്ങയുടെ സ്മരണ നാം ഉയർത്തിയിരിക്കുന്നു നബിയേ’

ഇമാം റാസി(റ)യുടെ വിശദീകരണത്തിൽ നിന്ന്:
واعلم أنه عام في كل ما ذكروه من النبوة، وشهرته في الأرض والسموات، اسمه مكتوب على العرش، وأنه يذكر معه في الشهادة والتشهد، وأنه تعالى ذكره في الكتب المتقدمة، وانتشار ذكره في الآفاق، وأنه ختمت به النبوة، وأنه يذكر في الخطب والأذان ومفاتيح الرسائل، وعند الختم وجعل ذكره في القرآن مقروناً بذكره

‘നിശ്ചയം നീ അറിയണം. ഈ വാചകം നുബുവ്വത്ത് സംബന്ധമായി പറയപ്പെട്ട എല്ലാം ഉൾകൊള്ളുന്ന ഒരു പൊതുവായ പ്രഖ്യാപനമാണ്. ഭൂമിയിലും ആകാശങ്ങളിലും ആ നബി പ്രശസ്തനാണ്. അർശിൽ ആ തിരുനാമം ഉല്ലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ശഹാദത്തിലും തശഹ്ഹുദിലും അല്ലാഹുവിനോടൊപ്പം ആ നാമവും പറയപ്പെടുന്നു. പൂർവിക ഗ്രന്ഥങ്ങളിലൊക്കെ അല്ലാഹു ആ നബിയെ കുറിച്ചു പറഞ്ഞിരിക്കുന്നു. ഉന്നതങ്ങളിൽ അവിടുത്തെ സ്മരണ പ്രസരിച്ചിരിക്കുന്നു. അവിടുത്തെ ആഗമനത്തോടെ നുബുവ്വത്തിനു പരിസമാപ്തി കുറിക്കപ്പെട്ടിരിക്കുന്നു. ഖുതുബയിലും ആദാനിലും സന്ദേശങ്ങളുടെ ആദ്യാന്ത്യങ്ങളിലും ആ നാമം പറയപ്പെടുന്നു. അല്ലാഹു ഖുർആൻ വചനങ്ങളിൽ അല്ലാഹുവിനെ പറയുന്നതോടൊപ്പം ആ നബിയെയും പറഞ്ഞിരിക്കുന്നു.’

أنه تعالى يقول: أملأ العالم من أتباعك كلهم يثنون عليك ويصلون عليك ويحفظون سنتك، بل ما من فريضة من فرائض الصلاة إلا ومعه سنة فهم يمتثلون في الفريضة أمري، وفي السنة أمرك وجعلت طاعتك طاعتي وبيعتك بيعتي
‘നിശ്ചയം അല്ലാഹു തആലാ പറയുന്നു: ലോകം മുഴുവനും അങ്ങയുടെ അനുയായികളാൽ ഞാൻ നിറക്കും നബിയേ. അവരെല്ലാം അങ്ങയുടെ മേൽ സ്തുതികൾ ചൊരിയും. അവർ അങ്ങേക്കു വേണ്ടി സ്വലാത്ത് ചൊല്ലും. അങ്ങയുടെ ചര്യ അവർ കാത്തു സൂക്ഷിക്കും. ഫർള് നിസ്കാരങ്ങളിലെ ഫർളുകൾക്കൊക്കെ സുന്നത്തുകളുമുണ്ട്. ഫർളുകൾ നിർവഹിക്കുമ്പോൾ അവർ എന്റെ കല്പന ശിരസ്സാവഹിക്കുന്നു. സുന്നത്തുകളിൽ അങ്ങയുടേതും. അങ്ങയോടുള്ള അനുസരണ എന്നോടുള്ള അനുസരണയാക്കി ഞാൻ നിശ്ചയിച്ചിരിക്കുന്നു. അങ്ങയെ ബൈഅത്തു ചെയ്യുന്നവൻ എന്നെയാണ് ബൈഅത്ത് ചെയ്യുന്നത്.’

فالقراء يحفظون ألفاظ منشورك، والمفسرون يفسرون معاني فرقانك، والوعاظ يبلغون وعظك بل العلماء والسلاطين يصلون إلى خدمتك، ويسلمون من وراء الباب عليك، ويمسحون وجوههم بتراب روضتك، ويرجون شفاعتك، فشرفك باق إلى يوم القيامة.
‘ഖാരിഉകൾ അങ്ങേക്ക് അവതരിപ്പിക്കപ്പെട്ട വചനങ്ങൾ ഹൃദിസ്ഥമാക്കുന്നു. മുഫസ്സിറുകൾ അങ്ങേക്ക് സമർപ്പിക്കപ്പെട്ട ഗ്രന്ഥത്തിന്റെ അർഥതലങ്ങൾ വിശദീകരിക്കുന്നു. വാഇളുകൾ അങ്ങയുടെ ഉപദേശങ്ങൾ പ്രചരിപ്പിക്കുന്നു. അതെ, ആലിമുകളും സുൽത്താന്മാരും അങ്ങയുടെ സേവനത്തിനായി കടന്നു വരുന്നു നബിയേ. അങ്ങയുടെ കവാടത്തിന്റെ പിന്നിൽ നിന്ന് അവര് അങ്ങേക്ക് സലാം ചൊല്ലുന്നു. അവരുടെ മുഖങ്ങൾ അങ്ങയുടെ റൗളയുടെ മണ്ണിൽ സ്പർശിക്കുന്നു. അവർ അങ്ങയുടെ ശഫാഅത്ത് തേടുന്നു. ഓ നബിയേ ... അന്ത്യനാൾ വരെയും അങ്ങയുടെ മഹത്വം നിലനിൽക്കുക തന്നെ ചെയ്യും’. (തഫ്സീറു റാസി)

അല്ലാഹുവിന്റെ റസൂല്‍ ഷഫീഉല്‌ വറാ(സ) തന്നെ അവിടുത്തെ മൌലിദ് പറയുന്നു......
أنه قد كان رسول الله صلى الله عليه وسلم مكتوباً عند الله خاتم النبيين، وإن آدم لمنجدل في طينته، ومع هذا قال إبراهيم عليه السلام { رَبَّنَا وَٱبْعَثْ فِيهِمْ رَسُولاً مِّنْهُمْ } الآية، وقد أجاب الله دعاءه بما سبق في علمه وقدره ولهذا جاء في الحديث أنهم قالوا: يا رسول الله أخبرنا عن بدء أمرك. فقال: " دعوة أبي إبراهيم عليه السلام، وبشرى عيسى بن مريم، ورأت أمي كأنه خرج منها نور أضاءت له قصور الشام " (تفسير إبن كثير – البقرة 125)

‘നിശ്ചയം, ആദം(അ) സൃഷ്ടിപ്പിന്റെ ആദ്യഘട്ടത്തില്‍ (കളിമണ്‍ രൂപത്തില്‍) ആയിരിക്കുമ്പോള്‍ തന്നെ, മുഹമ്മദ്‌ (സ) അന്ത്യ പ്രവാചകനാണെന്നുള്ള കാര്യം അല്ലാഹുവിന്റെ അടുക്കല്‍ എഴുതപ്പെട്ടതാണ് (നിശ്ചയിക്കപ്പെട്ടതാണ്).
അതോടു കൂടി തന്നെ (പിന്നീട്) ഇബ്രാഹീം(അ) പ്രാര്‍ഥിച്ചു: "റബ്ബേ, എന്റെ പിന്‍ഗാമികളില്‍ നിന്ന് അവർക്ക് നീ ഒരു ദൂതനെ അയക്കണേ" - തീര്‍ച്ചയായും, അല്ലാഹു തആലാ ഇബ്രാഹീം(അ)ന്റെ പ്രാര്‍ഥനയെ, തന്റെ മുന്‍കൂട്ടിയുള്ള അറിവിലും തീരുമാനത്തിലും ആയതു പ്രകാരം തന്നെ, സ്വീകരിക്കുകയും ചെയ്തു. അതിന്റെ ലക്ഷ്യത്തില്‍ ഹദീസ് വന്നിരിക്കുന്നു:
‘സ്വഹാബികള്‍ ആരാഞ്ഞു: അല്ലാഹുവിന്റെ റസൂലേ,, അങ്ങയുടെ നിയോഗത്തിന്റെ ആരംഭം വിവരിച്ചാലും. അവിടുന്ന് അരുളി:
“എന്റെ പിതാവ് ഇബ്രാഹീമിന്റെ(അ) പ്രാര്‍ഥനയുടെ സുകൃതം ആണ് ഞാന്‍. മര്‍യമിന്റെ പുത്രന്‍ ഈസായുടെ(അ) സുവിശേഷമാണ് ഞാന്‍.
ശാമിലെ കൊട്ടാരങ്ങളെ ആകമാനം പ്രഭാപൂരിതമാക്കിയ ഒരു
പ്രകാശം ബഹിര്‌ഗമിചതായി ദര്‍ശിച്ച എന്റെ ഉമ്മയുടെ സ്വപ്നം ആണ് ഞാന്‍.” (തഫ്സീറു ഇബ്നു കസീർ)

ഇനി നബി(സ) തന്നെ മറ്റുള്ളവരോട് തന്റെ മദ്.ഹ് പറയാൻ ആവശ്യപ്പെടുന്നു:
{وَلَقَدْ آتَيْنَا مُوسَىٰ ٱلْكِتَابَ وَقَفَّيْنَا مِن بَعْدِهِ بِٱلرُّسُلِ وَآتَيْنَا عِيسَى ٱبْنَ مَرْيَمَ ٱلْبَيِّنَاتِ وَأَيَّدْنَاهُ بِرُوحِ ٱلْقُدُسِ أَفَكُلَّمَا جَآءَكُمْ رَسُولٌ بِمَا لاَ تَهْوَىٰ أَنْفُسُكُمْ ٱسْتَكْبَرْتُمْ فَفَرِيقاً كَذَّبْتُمْ وَفَرِيقاً تَقْتُلُونَ} (البقرة 87)
والدليل على أن روح القدس هو جبريل، كما نص عليه ابن مسعود في تفسير هذه الآية، وتابعه على ذلك ابن عباس ومحمد ابن كعب وإسماعيل بن خالد والسدي والربيع بن أنس وعطية العوفي وقتادة، مع قوله تعالى:
{نَزَلَ بِهِ ٱلرُّوحُ ٱلأَمِينُ عَلَىٰ قَلْبِكَ لِتَكُونَ مِنَ ٱلْمُنْذِرِينَ}[الشعراء: 193 - 194]ما قال البخاري:
وقال ابن أبي الزناد، عن أبيه، عن أبي هريرة، عن عائشة: إن رسول الله صلى الله عليه وسلم وضع لحسان بن ثابت منبراً في المسجد، فكان ينافح عن رسول الله صلى الله عليه وسلم فقال رسول الله صلى الله عليه وسلم: "اللهم أيد حسان بروح القدس كما نافح عن نبيك"فهذا من البخاري تعليقاً، وقد رواه أبو داود في سننه عن ابن سيرين، والترمذي عن علي بن حجر وإسماعيل بن موسى الفزاري، ثلاثتهم، عن أبي عبد الرحمن بن أبي الزناد، عن أبيه وهشام بن عروة، كلاهما عن عروة، عن عائشة به، 
قال الترمذي: حسن صحيح، وهو حديث أبي الزناد، وفي الصحيحين من حديث سفيان بن عُيينة، عن الزهري عن سعيد بن المسيب، عن أبي هريرة: أن عمر ابن الخطاب مر بحسان وهو ينشد الشعر في المسجد، فلحظ إليه، فقال: قد كنت أنشد فيه، وفيه من هو خير منك، ثم التفت إلى أبي هريرة، فقال: أنشدك الله، أسمعت رسول الله صلى الله عليه وسلم يقول:
" أجب عني، اللهم أيده بروح القدس " فقال: اللهم نعم، وفي بعض الروايات: أن رسول الله صلى الله عليه وسلم قال لحسان: " اهجهم، أو هاجهم، وجبريل معك " (تفسير القرآن الكريم/ ابن كثير)

"മൂസാനബി(അ)ക്ക് നാം ഗ്രന്ഥം നല്‍കി; അദ്ദേഹത്തിന് ശേഷം നാം പിന്‍ഗാമികളെയും പ്രവാചകന്മാരായി നിശ്ചയിച്ചു. ഈസാനബി(അ)ക്ക് നാം ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും അദ്ദേഹത്തെ 'റൂഹുല്‍ ഖുദ്സ്' മുഖേന ശക്തിപ്പെടുത്തുകയും ചെയ്തു.നിങ്ങളുടെ മനസ്സിനിണങ്ങാത്ത സന്ദേശങ്ങളുമായി ദൈവദൂതര്‍ നിങ്ങളെ സമീപിക്കുമ്പോള്‍ നിങ്ങള്‍ അഹങ്കരിക്കുകയും അവരില്‍ ചിലരെ നിങ്ങള്‍ തള്ളിപ്പറയുകയും ചിലരെ നിങ്ങള്‍ വധിച്ചു കളയുകയും ചെയ്യുകയാണോ?" (അല്‍ബഖറ: 87)

ഇബ്നു കസീറി(റ)ന്റെ വിശദീകരണത്തിൽ നിന്ന്:
'റൂഹുല്‍ ഖുദ്സ്' എന്നാല്‍ ജിബ്രീല്‍(അ) ആണെന്നതിന്റെ ലക്‌ഷ്യം സൂറത്ത് ശുഅറാഇലെ (193-194) ആയത്തും; ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസുമാകുന്നു. അബൂഹുറൈറ(റ)യെ തൊട്ടു അബിസ്സനാദില്‍ നിന്ന്‍ അദ്ദേഹത്തിന്റെ മകന്‍ ഉദ്ധരിക്കുന്നു. ആഇഷ(റ) പറഞ്ഞു: നിശ്ചയം;ഹസ്സാനു ബ്നു സാബിതി(റ)നു നബി(സ) പള്ളിയില്‍ ഒരു പ്രത്യേക മിമ്പര്‍ സ്ഥാപിച്ചു കൊടുത്തു. അദ്ദേഹത്തിന്റെ പതിവ് നബി(സ)യെ പ്രതിരോധിക്കലായിരുന്നു. (പ്രകീര്‍ത്തിച്ചു പാടലായിരുന്നു). നബി(സ) പ്രാര്‍ഥിച്ചു: “അല്ലാഹുവേ, നിന്റെ നബിയെ പ്രതിരോധിച്ചത് പോലെ ഹസ്സാനു ബ്നു സാബിതിനെ നീ 'റൂഹുല്‍ ഖുദ്സ്'മുഖേന ശക്തിപ്പെടുത്തേണമേ”
തിര്മിദിയും അബൂദാവൂദും(റ) ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. തിര്‍മിദി സ്വഹീഹ് ഹസന്‍ എന്ന് പറഞ്ഞിരിക്കുന്നു.
അബൂഹുറൈറ(റ)യെ തൊട്ടു ബുഖാരിയും മുസ്.ലിമും(റ) ഉദ്ധരിക്കുന്നു:
പള്ളിയില്‍ നബി(സ)യെ പ്രകീര്‍ത്തിച്ചു കവിത പാടിയിരുന്ന ഹസ്സാനു ബ്നു സാബിതി(റ)ന്റെ അരികില്‍ കൂടി ഉമര്‍(റ) നടന്നു പോയി. അദ്ദേഹം ഹസ്സന്(റ)വിനെ ശ്രദ്ധിച്ചു. എന്നിട്ട് പറഞ്ഞു: "താങ്കള്‍ അദ്ദേഹത്തെക്കുറിച്ച് (നബി(സ)) പ്രകീര്‍ത്തിച്ചു പാടുന്നവനായിരുന്നു. ആ കാര്യത്തില്‍ താങ്കളേക്കാള്‍ ഉത്തമനായവന്‍ വേറെ ആരുണ്ട്‌?" എന്നിട്ട് അദ്ദേഹം അബൂഹുറൈറ(റ)വിനു നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു: "അല്ലാഹുവിനെ തന്നെയാണ് സത്യം; അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞിരുന്നത് താങ്കള്‍ കേട്ടിട്ടില്ലേ- "(ഹസ്സാന്‍) എന്നെ തൊട്ടു മറുപടി പറയൂ, അല്ലാഹുവേ അദ്ദേഹത്തെ നീ 'റൂഹുല്‍ ഖുദ്സ്' മുഖേന ശക്തിപ്പെടുത്തണേ" അബൂഹുറൈറ(റ) പറഞ്ഞു: “ശരിയാണ്”. ചില റിപ്പോര്ടുകളില്‍ കാണാം: നബി(സ) ഹസ്സനോട്(റ) പറഞ്ഞു: "അവര്‍ക്ക് (ശത്രുക്കള്‍ക്ക്) ചുട്ട മറുപടി കൊടുക്കൂ, ജിബ്രീല്‍(അ) നിന്റെ കൂടെയുണ്ട്”.
(തഫ്സീറു ഇബ്നു കസീര്‍ - അല്‍ബഖറ: 87)

എത്ര മനോഹരമായ സങ്കലനം! ഇമാം ഇബ്നു കസീര്‍(റ) ഇമാം ബുഖാരി(റ)യെ ഉദ്ദരിക്കുന്നു. ഇമാം മുസ്ലിമും, അബൂദാവൂദും തിര്‍മിദിയും(റ) റിപ്പോര്‍ട്ട്‌ ചെയ്യുന്നു. അല്ലാഹുവിന്റെ റസൂലിന്റെ(സ) പ്രിയപത്നി ആഇഷ(റ)യില്‍ നിന്ന് അവിടുത്തെ പ്രിയപ്പെട്ട ശിഷ്യന്‍ അബൂഹുറൈറ(റ) ഉദ്ദരിക്കുന്നു. അവിടുത്തെ പ്രിയപ്പെട്ട ഖലീഫ ഉമര്‍(റ)വും, അവിടുത്തെ പ്രിയപ്പെട്ട കവി ഹസ്സാന് ബ്നു സാബിത്(റ)വും അണി നിരക്കുന്നു. മസ്ജിദുന്നബവിയില്‍ മദ്ഹുറസൂല്‍ സദസ്സ്! അല്ലാഹുവിന്റെ റസൂല്‍ അതിനു വേണ്ടി ഒരു മിമ്പര്‍ സ്ഥാപിക്കുന്നു. ഇതിലും മഹത്തായ ഒരു അടിത്തറ ഇനി മറ്റെന്തു വേണം ഞങ്ങള്‍ മുസലിംകള്‍ക്ക്?

(3) ജന്മദിനത്തെ അനുസ്മരിച്ചു പുണ്യകർമ്മങ്ങൾ:

നബി(സ)യുടെ ജന്മദിനത്തിനു പ്രത്യേകതയുണ്ട്. അതു കൊണ്ടാണല്ലോ തിങ്കളാഴ്ച നോമ്പ് സുന്നത്താക്കപ്പെട്ടത്. തിങ്കളാഴ്ചയുടെ പ്രത്യേകത അല്ലെങ്കിൽ അതിന്റെ പുണ്യം എന്നത് അതു നബി(സ)യുടെ ജന്മദിനമാണ് എന്നത് തന്നെയാണ്. അതു കൊണ്ടാണ് ആവർത്തിക്കപ്പെടുന്ന എല്ലാ തിങ്കളാഴ്ചയും മുസ്.ലിംകൾ പലരും, നബി(സ)യുടെ സുന്നത്തിനെ നിഷ്ടയോടെ പിൻപറ്റുന്നവർ അധികവും, ആ ദിവസം നോമ്പനുഷ്ടിച്ചു കൊണ്ട് ആഘോഷിക്കുന്നത്. മുസ്.ലിംകളുടെ ആഘോഷമെന്നാൽ അത് അല്ലാഹുവിനു ശുക്.ര് ചെയ്യലാണ്. അഥവാ പുണ്യകർമ്മങ്ങൾ ചെയ്യലാണ്. തിങ്കളാഴ്ച ദിവസം പ്രത്യേകം വ്യക്തമാക്കപ്പെട്ട പുണ്യകർമ്മം സുന്നത്ത് നോമ്പാണ്. അതു കൊണ്ട് അതു നിർവഹിക്കുന്നു. റബീഉൽ അവ്വലിലെ തിങ്കളാഴ്ചയും ഇതിൽ നിന്ന് ഒഴിവല്ല.

നബി(സ) പ്രസവിക്കപ്പെട്ട ദിവസത്തിനു പ്രാധാന്യമുണ്ടെങ്കിൽ പ്രസവിക്കപ്പെട്ട മാസത്തിനും പ്രാധാന്യമുണ്ട്. അതു കൊണ്ട് തന്നെ റബീഉൽ അവ്വലിനും പ്രാധാന്യമുണ്ട്. ഇത് ഇമാം സുയൂഥി(റ) യും ഇബ്നുൽ ഹാജും(റ) വിശദീകരിച്ചതുമാണ്. ഇമാമുമാർ യുക്തിവാദികളെ പോലെ തലയിൽ ഉദിച്ചത് വിളിച്ചു പറയുന്നവരല്ല. മുന്നിലുള്ള തെളിവുകൾ മനനം ചെയ്തു സൂക്ഷ്മതയോടെ കാര്യങ്ങൾ അവലോകനം ചെയ്തു കൊണ്ട് വിധി പറയുന്നവരാണ് ഇമാമുമാർ. അതുകൊണ്ടാണല്ലോ അവർ മുത്തഖികൾക്ക് ഇമാമുമാർ ആവുന്നത്. ഓർക്കുക - മുത്തഖികൾക്കാണ് ഇമാമുമാർ. അല്ലാതെ മുബ്തദിഉകൾക്കല്ല.
ഇമാം ഇബ്നുല്‍ ഹാജ്(റ)എഴുതുന്നു: “തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ സംബന്ധിച്ച് ചോദിച്ച വ്യക്തിക്കുള്ള മറുപടിയില്‍ ഈ മഹത്തായ മാസത്തിന്റെ (റബീഉല്‍അവ്വല്‍) പുണ്യത്തിലേക്ക് നബി(സ്വ)സൂചന നല്‍കുന്നു. നബി പറഞ്ഞു. അന്ന്(തിങ്കള്‍)ഞാന്‍ ജനിച്ച ദിവസമാണ്. അപ്പോള്‍ ഈ ദിവസത്തിന്റെ പുണ്യം നബി(സ്വ)ജനിച്ച മാസത്തിന്റെ പുണ്യത്തെ ഉള്‍പ്പെടുത്തുന്നു. അതിനാല്‍ അര്‍ഹമായ രൂപത്തില്‍ ഈ ദിവസത്തെ ബഹുമാനിക്കല്‍ നമുക്ക് നിര്‍ബന്ധമാകുന്നു. അല്ലാഹു അതിനെ ശ്രേഷ്ഠമാക്കിയ കാരണം മറ്റു മാസങ്ങളി ലുപരി നാമതിനെ ശ്രേഷ്ഠമാക്കുന്നു” (അല്‍മദ്ഖല്‍, വാ :2,പേജ്: 3)

എങ്കിൽ തിങ്കളാഴ്ചയെ പോലെ റബീഉൽ അവ്വൽ മുഴുവനും അങ്ങു നോമ്പ് നോൽക്കരുതോ എന്ന ചോദ്യം ഇപ്പോൾ വരും നബിദിന വിരോധിയുടെ തൊണ്ടയിൽ. നബി പിറന്ന ദിനം നോമ്പനുഷ്ടിക്കാൻ കല്പിക്കപ്പെട്ടതു പോലെ നബി പിറന്ന മാസം മുഴുവനും നോമ്പനുഷ്ടിക്കാൻ കല്പിക്കപ്പെട്ടിട്ടില്ല എന്നതു കൊണ്ട് തന്നെ തത്ക്കാലം നോമ്പു നോൽക്കുന്നില്ല എന്നു മാത്രം മറുപടി പറയുന്നു. കല്പിക്കപ്പെട്ടിരുന്നെങ്കിൽ പ്രവാചകപിറവിയുടെ സ്മരണയിൽ ആ മാസം മുഴുവനും നോമ്പനുഷ്ടിക്കാൻ പ്രവാചകപ്രേമികൾക്ക് സന്തോഷമേ ഉള്ളൂ.

എങ്കിൽ റബീഉൽഅവ്വലിൽ ചെയ്യുന്ന കാര്യങ്ങൾ എല്ലാം കല്പിക്കപ്പെട്ടതാണോ എന്നാവും അടുത്ത ചോദ്യം. എന്താണ് റബീഉൽ അവ്വലിൽ ചെയ്യുന്ന കാര്യങ്ങൾ? സ്വലാത്തോ? മദ്.ഹ് പ്രഭാഷണമോ? ഖുർആൻ പാരായണമോ? അനുസ്മരണമോ? നബികീർത്തനങ്ങളോ? എല്ലാം കല്പിക്കപ്പെട്ടതു തന്നെ. അല്ലെങ്കിൽ മാതൃകയുള്ളതു തന്നെ. ഇവയൊന്നും തന്നെ റബീഉൽ അവ്വലിൽ മാത്രം ചെയ്യരുതെന്ന ഒരു കല്പന ഇല്ല തന്നെ. അതെന്താ റബീഉൽ അവ്വലിൽ മാത്രം ഇതെല്ലാം കുറച്ചു ഓവറാകുന്നത് എന്നല്ലേ? പറഞ്ഞല്ലോ - അതു പ്രസ്ഥാനനായകന്റെ ജന്മം സംഭവിച്ച മാസമാണ്.

സ്വന്തം പ്രസ്ഥാനത്തെ കുറിച്ച് അല്ലെങ്കിൽ പത്രത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവൻ, പ്രസ്ഥാനത്തിന്റെ അല്ലെങ്കിൽ പത്രത്തിന്റെ വാർഷികം ആയാൽ പിന്നെ പറയുകയും വേണ്ട. പിടിച്ചാൽ കിട്ടില്ല. അത്രക്കും അധികപ്രസംഗി ആയി മാറിയിരിക്കും. അത്ര തന്നെ ഇതിലും കണ്ടാൽ മതി. വെറും സ്വാഭാവികം.

അതു മാത്രമല്ലല്ലോ നിങ്ങൾ ചെയ്യുന്നത്? മറ്റു മാസങ്ങളിലൊന്നുമില്ലാത്ത ഒരു സന്തോഷപ്രകടനം! ... കുട്ടികൾ പുതിയ ഉടുപ്പുകൾ ഇട്ടു കൊണ്ട് ജാഥ പോകുന്നതല്ലെ? മനസ്സിലായി. അതവരുടെ സന്തോഷം കൊണ്ട് തന്നെയാ. സ്കൂൾ ഡേക്കും സ്വന്തം ബെർത്ത്ഡേക്കും ഒക്കെ അവർ ഇടുന്ന പുത്തൻ ഉടുപ്പല്ലെ? ഈ പേരിലും അവർ അതൊന്ന് ഇടട്ടേന്നെ. വിഷയമാക്കണ്ട. വിഷയമാക്കിയാൽ പ്രശ്നമാണ്. സ്കൂൾ ഡേയും ബെർത്ത് ഡെയും അടിച്ചു പൊളിക്കാമെന്നും നബിദിനത്തിൽ രണ്ടടി നീങ്ങാൻ പാടില്ലെന്നും പ്രമാണം കൊണ്ട് തെളിയിക്കേണ്ടി വരും. യുക്തിവാദമെല്ലാം ചവറ്റുകുട്ടകൾ തേടി പോകും.

അതെല്ലാം ഭൗതികവും ഇത് മതപരവും ആണെന്നോ? അതെ - നബിദിന വിരോധികളായ എല്ലാ പാമരന്മാരും പ്രചരിപ്പിക്കുന്ന ഏറ്റവും വലിയ അന്ധവിശ്വാസമാണ് ഇത്. ഒന്ന് ഭൗതികം! ഒന്ന് മതപരം! 
അന്ധവിശ്വാസങ്ങളുടെ കുത്തക പേറുന്ന ഇവരാണ് പാരമ്പര്യം മുറുകെ പിടിക്കുന്നവരെ അന്ധവിശ്വാസികളായി മുദ്രകുത്തുന്നത് എന്നത് വേറെ കാര്യം. ഇവർക്ക് മതമെന്നാൽ പള്ളിയും നിസ്കാരവും ഹജ്ജും നോമ്പും സകാത്തും മാത്രമാണ്. കാറിൽ പോകുന്നതും ഇലക്ട്രോണിക് മാധ്യമങ്ങൾ ഉപയോഗിക്കുന്നതും ഇവർക്ക് മതത്തിന്റെ പരിധിയിൽ വരില്ല. അതെല്ലാം മതത്തിനു പുറത്ത് മതനിയമങ്ങൾ ബാധകമല്ലാത്ത കുറെ സ്വന്തം കാര്യങ്ങളിൽ പെട്ടത്. അതു കൊണ്ട് തന്നെ സ്വന്തം കുട്ടിയുടെ ബെർത്ത് ഡേ ആഘോഷിക്കാമോ എന്നു ഇവരോട് ചോദിച്ചു പോകരുത്. ഇവർ കൊണ്ടാടിയ സലഫി ഫെസ്റ്റ് പോലും മതാചാരമല്ലാത്തതിനാൽ കുഴപ്പമില്ലെത്രെ. എങ്കിൽ പിന്നെ ഒരു കള്ളുകുടി ഫെസ്റ്റും കൂടി സംഘടിപ്പിക്കാമായിരുന്നില്ലേ. മതാചാരമാണെന്നും പറഞ്ഞ് ആരും ആ വഴിക്കേ വരില്ലല്ലോ? ഇവരുടെ ഈ താന്തോന്നിവാദങ്ങളുടെ മറപിടിച്ചു കൊണ്ട് തന്നെയാണ് മുസ്.ലിം നാമധാരികളായ സിനിമാ നടീ നടന്മാർ അവരുടെ തൊഴിലിനെ ന്യായീകരിക്കുന്നത് എന്നത് വേറെ കാര്യം.

പാപ്പരത്തം പേറുന്ന കുറെ പാമരന്മാരുടെ അന്നന്നത്തെ തോന്നലിനനുസരിച്ച് രൂപപ്പെടുന്ന മതം. അതു മാത്രമാണ് ഇവരുടെ കയ്യിലുള്ളത്. അല്ലാതെ ഇസ്.ലാമുമായി ഇവരുടെ വാദങ്ങൾക്കോ ആദർശങ്ങൾക്കോ ഒരു ബന്ധവുമില്ല. ഒരു മുസ്.ലിമിന്റെ ജീവിതത്തിൽ മതനിയമങ്ങളിൽ നിന്ന് ഒഴിവാകുന്നതായി ഒരു കർമ്മം പോലും ഇല്ല എന്നതാണ് യാഥാര്ത്ഥ്യം. എന്റെ നിസ്കാരവും സൽകർമ്മങ്ങളും ജീവിതവും മരണവും എല്ലാം അല്ലാഹുവിനുള്ളതാണ് എന്ന് പ്രഖ്യാപിക്കുവാനാണ് പ്രവാചകനോട് അല്ലാഹു കല്പിച്ചത്. മുസ്.ലിംകൾ പലപ്പോഴായി ആ പ്രഖ്യാപനം ഏറ്റു പറയുകയും ചെയ്യുന്നു.

قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّـهِ رَ‌بِّ الْعَالَمِينَ ﴿الأنعام ١٦٢﴾
നബിയേ പറയുക: തീര്‍ച്ചയായും എന്‍റെ പ്രാര്‍ത്ഥനയും, എന്‍റെ ആരാധനാകര്‍മ്മങ്ങളും, എന്‍റെ ജീവിതവും, എന്‍റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു. (Al An’aam 162)
ഒരാളുടെ ജീവിതത്തിലെ പ്രധാനഭാഗമാണ് അവന്റെ തൊഴിൽ സമയങ്ങൾ. ഒരാൾ തൊഴിലെടുക്കുന്നത് പോലും ഇബാദത്താണ്. തന്നോടും താൻ ചിലവിനു കൊടുക്കൽ നിര്ബന്ധമായവരോടുമുള്ള അനിവര്യമായ ബാധ്യത വീട്ടാൻ വേണ്ടി തൊഴിലെടുക്കൽ അനിവാര്യമാണെങ്കിൽ അത് അവനു നിർബന്ധമായി വരും. തൊഴിലെടുക്കാതെ തന്റെ ആശ്രിതരുടെ ബാധ്യത വീട്ടാതിരുന്നാൽ അവൻ ശിക്ഷാർഹനായി. മറ്റുള്ളവരുടെ കാരുണ്യത്തിൻ കീഴിൽ ജീവിക്കുക എന്നത് വെറുക്കപ്പെട്ടതാണ്. ദാനധർമ്മങ്ങൾക്കും അറിവു നേടുവാനും ആവശ്യമായ വക കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെ തൊഴിലെടുക്കൽ പുണ്യമായി മാറും. ഒരു ഉദ്ദേശ്യവുമില്ലാതെ തൊഴിൽ ചെയ്യുക എന്നത് അനുവദനീയം എന്നതിന്റെ പരിധിയിലും വരും. കർമ്മങ്ങളെല്ലാം ഉദ്ദേശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതെ സമയം സിനിമ പോലെ നിഷിദ്ധമായ തൊഴിലിൽ ഏർപ്പെടുക എന്നത് (അതിനു എത്ര സദുദ്ദേശ്യം ഉണ്ടായാലും ശരി) നിഷിദ്ധം തന്നെ. നിഷിദ്ധമായ ഉദ്ദേശ്യത്തോടെ സദ്കർമ്മങ്ങൾ ചെയ്യുന്നത് പോലെ തന്നെ. മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയുള്ള നിസ്കാരം ശിക്ഷാർഹമാണെന്നു ഖുർആനിൽ തന്നെയുണ്ടല്ലോ?

ചുരുക്കിപറഞ്ഞാൽ ഒരു മുസ്.ലിമിന്റെ ജീവിതത്തിൽ നിർബന്ധം, പുണ്യം, അനുവദനീയം, വിലക്കപ്പെട്ടത്, വെറുക്കപ്പെട്ടത് എന്നീ നിയമങ്ങളിലൂടെ അല്ലാതെ ചെറുതോ വലുതോ ആയ ഒരു കാര്യവും കടന്നു പോകുന്നില്ല തന്നെ. വിചാരണസമയത്തുള്ള ഒരു പ്രധാനചോദ്യം തന്നെ നിന്റെ സമയം നീ എങ്ങനെ ചിലവഴിച്ചു എന്നതാണല്ലോ? ദീനിന്റെ ഈ ബാലപാഠം പോലും അറിയാതെയാണ് പാമരന്മാർ മീലാദാഘോഷത്തിനെതിരെ ഉറഞ്ഞു തുള്ളുന്നത്.

(4) ഭക്ഷണ വിതരണം:

സ്നേഹപ്രകടനത്തിന്റെ ഭാഗമായുള്ള ഭക്ഷണവിതരണത്തിന്റെ മാതൃക നബി(സ)യുടെ ജീവിതത്തിൽ തന്നെ കാണാവുന്നതാണല്ലോ.
സ്വഹീഹൈനിയിൽ വന്ന ഒരു ഹദീസ് കാണുക:
عن عائشة رضي الله عنها قالت ما غِرتُ على أحد من نساء النبي صلى الله عليه وسلم ما غرت على خديجة رضي الله عنها -وما رأيتها- ولكن كان النبي صلى الله عليه وسلم يكثر ذكرها وربما ذبح الشاة ثم يقطعها أعضاء ثم يبعثها في صدائق خديجة فربما قلت له كأنه لم يكن في الدنيا امرأة إلا خديجة فيقول إنها كانت وكانت وكان لي منها ولد (بخاري 1/ 535 /مسلم 284/2(

'ആഇഷ(റ) പറയുന്നു: ഖദീജ(റ)യുടെ കാര്യത്തിലുണ്ടായത് പോലുള്ള ഒരു തോന്നൽ മറ്റു നബിപത്നിമാരിൽ ആരോടും എനിക്ക് ഉണ്ടായിട്ടില്ല. ഞാനാണെങ്കിൽ അവരെ കണ്ടിട്ടുമില്ല. അവരെ കുറിച്ച് ധാരാളം പറയൽ നബി(സ)യുടെ പതിവായിരുന്നു. പലപ്പോഴും അവിടുന്ന് ആടിനെ അറുത്ത് ഓഹരികളാക്കി അവ ഖദീജ(റ)യുടെ തോഴിമാരിലേക്ക് കൊടുത്തയക്കാറുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഞാൻ ചോദിക്കും. ദുൻ.യാവിൽ ഖദീജ(റ) അല്ലാതെ വേറെ ഒരു സ്ത്രീയും ഇല്ലാത്തതു പോലെയാണല്ലോ നബിയേ. അപ്പോൾ അവിടുന്നു പറയും. അതെ, അതായിരുന്നു ഖദീജ. അവരിൽ നിന്ന് എനിക്ക് സന്തതികൾ ഉണ്ടായിട്ടുണ്ട്.'
വഫാത്തിനു ശേഷവും ഖദീജ ബീവി(റ)യോടുള്ള നബി(സ)യുടെ സ്നേഹത്തിന്റെ പ്രകടനമാണ് ഇവിടെ കണ്ടത്. ആ നബി(സ)യോടുള്ള സ്നേഹ പ്രകടനമായി വിശ്വാസി ലോകവും മൃഗങ്ങളെ അറുത്ത് അനുയായികൾക്കിടയിൽ വിതരണം ചെയ്യുന്നു. ഇതിനെ പരിഹസിക്കുന്ന വിഡ്ഡികൾ ആദ്യമായി പരിഹസിക്കുന്നത് നബി(സ)യെ തന്നെയാണ്. ഈ സ്നേഹപ്രകടനം ജന്മദിനത്തിൽ മാത്രം പാടില്ല എന്നൊരു നിയമം ഒരു പ്രമാണത്തിലും ഇല്ല.

(5) നബിദിന കാമ്പയിനുകളും പ്രഭാഷണപരിപാടികളും

ادْعُ إِلَىٰ سَبِيلِ رَ‌بِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ (النحل)
അല്ലാഹു വിശുദ്ധ ഖുര്ആനിലൂടെ അരുളുന്നു: ‘നബിയേ, നയചാതുരി കൊണ്ടും സദുപദേശങ്ങൾ കൊണ്ടും താങ്കളുടെ നാഥന്റെ മാർഗത്തിലേക്ക് ക്ഷണിക്കുക.'
ആ മാര്ഗം എന്നത് പ്രവാചക ജീവിതം തന്നെയാണ്. ആയത്തിൽ പറഞ്ഞത് എല്ലാ വിശ്വാസികളോടും ഉള്ള അനുശാസനം തന്നെ ആണല്ലോ. അപ്പോൾ അസാധാരണവും സംഭവ ബഹുലവും എങ്കിലും ലളിതമായ ആ പ്രവാചക ജീവിതം വിശ്വാസി-അവിശ്വാസി ഭേദമെന്യേ പൊതു സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുവാനുള്ള ഏറ്റവും അനുയോജ്യമായ അവസരം എന്ന നിലയിൽ നബിദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ഏതു തരം പ്രവാചക സന്ദേശ പ്രചാരണവും പ്രസ്തുത ആയത്തിന്റെ കല്പനയുടെ പരിധിയിൽ വരുന്നു.

(6) സ്വഹാബികളും ജന്മദിനവും:

നബിയുടെ ജന്മദിനം സ്വഹാബികളുടെ മനസ്സിൽ എന്നും ഉണ്ടായിരുന്നു. ഒരു അപ്രധാനമായ സംഗതിയായി അവർ അത് അവഗണിച്ചിരുന്നില്ല. ഒരു സംഭവം നോക്കൂ. ഖലീഫ ഉമർ(റ)ന്റെ ഭരണകാലം. ഒരു പുതിയ കലണ്ടർ ആവിഷ്കരിക്കാൻ വേണ്ടി പ്രമുഖ സ്വഹാബികളുടെ ശൂറ കൂടിയിരിക്കുന്നു. എവിടെ നിന്ന് തുടങ്ങണം എന്നതാണ് പ്രശ്നം. ഒരു സുപ്രധാന സംഭവം അടിസ്ഥാനമാക്കി വർഷാരംഭം കണക്കാക്കണം. അനുയോജ്യമായ നിർദ്ദേശങ്ങൾ ഖലീഫ ആരാഞ്ഞു. ഒരു പ്രധാന നിർദ്ദേശം പ്രവാചക ജന്മദിനം മുതൽ വർഷാരംഭമായി പ്രഖ്യാപിക്കാം എന്നായിരുന്നു. എന്നാൽ, പ്രവാചക ദൗത്യത്തിന്റെ ഒരു സുപ്രധാന നാഴികക്കല്ല് എന്ന നിലയിൽ പ്രവാചകന്റെ മദീന പ്രയാണം അടിസ്ഥാനമാക്കി കലണ്ടർ ഏകീകരിക്കാം എന്നു തീരുമാനിക്കുകയായിരുന്നു. അത് അലി(റ)യുടെ നിർദ്ദേശമായിരുന്നു. അങ്ങനെ ആയതു കൊണ്ട് നബിദിന വിരോധികൾ രക്ഷപ്പെട്ടു. അല്ലെങ്കിൽ കാണാമായിരുന്നു. വർഷാരംഭം ആരും അറിയാതെ കഴിഞ്ഞു പോകാൻ വേണ്ടി പെടുന്ന പെടാപാട്.

ഈ സംഭവം ഇബ്നു കസീർ(റ) തന്റെ 'അൽ ബിദായത്തു വന്നിഹായ'യിൽ ഉദ്ധരിക്കുന്നുണ്ട്.

No comments:

Post a Comment