Friday, December 28, 2012

ജീവിത യാത്ര:ചിന്തയും പഠനവും , aboozahid


മനുഷ്യന്റെ ജീവിതം തന്നെ യാത്രയാണ്.ഉമ്മയുടെ ഗര്‍ഭാശയത്തില്‍ നിന്നും പുറത്തു വന്നത് മുതല്‍ ആറടിമണ്ണിന്റെ ഇരുട്ടിലേക്ക് പോയി കിടക്കുന്നത് വരെയുള്ള യാത്രയാണ് ഒന്നാമത്തേത്.വളരെ തുച്ചമായകാലം.ഈ യാത്രയാകട്ടെ ഇതിനു ശേഷം വരാനിരിക്കുന്ന വളരെ ദീര്‍ഘമായ പ്രയാസമേറിയ യാത്രയില്‍ഉപയോഗിക്കാനുള്ള വിഭവങ്ങള്‍ ശേഖരിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്.ജീവിതമാകുന്ന യാത്ര ഒരിക്കലുംതന്നെ ഐച്ചികമായല്ല അല്ലാഹു സംവിധാനിചിട്ടുള്ളത്.പുറം തിരിഞ്ഞു നടന്നാല്‍ ലക്ഷ്യത്തിലേക്ക് നാംഎത്തുകയില്ല എന്ന് വിചാരിക്കുന്നത് കൊണ്ട് കാര്യമില്ല.പണ്ഡിതന്മാര്‍ ഇതിനെ ഉപമിച്ചിരിക്കുന്നത് തന്നെഒരു യാത്ര പോയിക്കൊണ്ടിരിക്കുന്ന ഒരു കപ്പലിനോടാണ്.ലക്ഷ്യത്തിലേക്ക് എത്തണ്ട എന്ന ചിന്തയോടെഒരു യാത്രക്കാരന്‍ തന്റെ കാലുകള്‍ ചങ്ങലയില്‍ ബന്ധിച്ചത് കൊണ്ട് എന്ത് നേട്ടം?അവനെയും വഹിച്ചുകപ്പല്‍ തുറമുഖം ആകുന്ന ലക്ഷ്യത്തിലേക്ക് എത്തുക തന്നെ ചെയ്യും.
ഇമാം ഗസ്സാലി(റ) പറയുന്നു:
إن للإنسان سفرين؛ سفر في الدنيا، وسفر من الدنيا
 
(മനുഷ്യന് രണ്ടു യാത്രകള്‍ ഉണ്ട്.ഒന്ന് ദുനിയാവിലൂടെ ഉള്ള യാത്ര,മറ്റൊന്ന് ദുനിയാവ് വിട്ടുള്ളയാത്ര)


വരാനിരിക്കുന്ന ദൈര്‍ഘ്യവും കഷ്ടപ്പാടുകളും ഏറിയ യാത്രയെ അപേക്ഷിച്ച് നോക്കുമ്പോള്‍ വളരെചുരുങ്ങിയതും പ്രയാസ രഹിതവും ആണ് ദുനിയാവിലൂടെ ഉള്ള യാത്ര.നൈമിഷിക ദുനിയാവിന്റെ യാത്രകളെപറ്റി തന്നെ ആലോചിച്ചു നോക്കൂ ,വളരെ ചുരുങ്ങിയ രണ്ടോ മൂന്നോ ദിവസത്തെ യാത്രപോകാനിരിക്കുകയാണ് നാമെങ്കില്‍ പോലും എന്തെല്ലാം ഒരുക്കങ്ങള്‍ നാം ചെയ്യുന്നു.വഴിയില്‍ കഴിക്കാനുള്ളഭക്ഷണം,ധരിക്കാനുള്ള വസ്ത്രം,യാത്ര ചെയ്യാനുള്ള വാഹനം..ഇങ്ങനെ എന്തെല്ലാം നാം ഒരുക്കി ശരിയാക്കിവെക്കുന്നു.എന്നാല്‍ തിരിച്ചു വരാത്ത ഒരു യാത്ര പോകാന്‍ അടുത്താണ് നാം എന്ന് ബോധം ഉണ്ടായിട്ടും ആയാത്രയില്‍ ഉപകരിക്കുന്ന വിഭവം നാം ശേഖരിക്കാന്‍ നില്‍ക്കുന്നില്ല.ദുനിയാവ് വിട്ടുള്ള രണ്ടാമത്തെയാത്രയിലെ വിഭവം തഖ്‌വ മാത്രമാണ്.അല്ലാഹുവിന്റെ വിശുദ്ധ ഖുര്‍-ആന്‍ തന്നെ ഇത് പഠിപ്പിക്കുന്നു :

وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَى
നിങ്ങള്‍ സാദുകള്‍ ശേഖരിച്ചു കൊള്ളുക - എന്നാല്‍ നിശ്ചയമായും ഏറ്റവും നല്ല വിഭവം തഖ്‌വയാകുന്നു(സൂറത്ത് അല്‍ബഖറ )

മരണം എന്ന അലംഘനീയ സത്യം ആകുന്ന ഒന്നാം യാത്രയുടെ തിരശീലയിലെക്ക് നാം എത്തിച്ചേരുകതന്നെ ചെയ്യും.ആ മരണത്തിനെ ഹബീബായ നബി തങ്ങള്‍ (സ്വ) നന്മയിലേക്കുള്ള ഉപദേശകന്‍ആയിട്ടാണ് പരിചയപ്പെടുത്തുന്നത്.

ഞാന്‍ നിങ്ങള്‍ക്ക് രണ്ടു ഉപദേശികളെ നിര്‍ത്തി പോകുന്നു.ഒന്ന് സംസാരിക്കും,മറ്റേത് മിണ്ടുകയില്ല.ശബ്ദിക്കുന്ന ഉപദേശി ഖുര്‍-ആണും മൌനിയായ ഉപദേശി മരണവും ആകുന്നു". 

ദുനിയാവിന്റെ പ്രലോഭനത്തിന്റെ വഴിയിലൂടെ യാത്രയുടെ ഗതി നിശ്ചയിക്കുന്നവന്‍ വിഭവങ്ങളില്ലാതെഉഴലുന്ന കാഴ്ചയാകും രണ്ടാമത്തെ യാത്രയില്‍ തെളിയുക.തിളങ്ങുന്ന വസ്ത്രവും ധരിച്ചു പ്രശോഭിതമായിപുഞ്ചിരിച്ചു കൊണ്ട് മാടി വിളിക്കുന്ന ഇഹലൊകതിന്റെ സൌന്ദര്യം വെറും പുറം മോടിമാത്രമാണ്.അതാകട്ടെ വളരെ ചുരുങ്ങിയ സമയത്തേക്ക് മാത്രവും.

നബി തങ്ങള്‍ (സ്വ) ഉണര്‍ത്തുന്നു : "രണ്ടു ദിനങ്ങള്‍,ഒന്ന് സുഖത്തിന്റെത്,മറ്റൊന്ന് ദു:ഖതിന്റെതും.ഇതാണ് ദുനിയാവ്.രണ്ടും നീങ്ങിപ്പോകും.അത് കൊണ്ട് നീങ്ങിപ്പോകുന്നത് വിട്ടു നീങ്ങി പോകാത്തതിനു(പാരത്രികം) വേണ്ടി പ്രവര്‍ത്തിക്കുക."

ആഖിറമാകുന്ന ലോകത്തിലൂടെയുള്ള വളരെ ദൈര്‍ഘ്യമേറിയ രണ്ടാമത്തെ യാത്രയിലേക്ക് ഒരുങ്ങുന്നതിന്റെഭാഗമായി സ്വന്തം ജീവിതത്തെ പറ്റിയുള്ള വിചിന്തനവും ആലോചനയും വിലയിരുത്തലുകളും ഏറ്റവുംഅത്യാവശ്യമാണ്.കഴിഞ്ഞു പോയ ദിന രാത്രങ്ങള്‍ ഉഖ്രവിയ്യായ വിജയം പ്രദാനം ചെയ്യുന്നതാണോഅല്ലയോ എന്ന ശരിയായ കണക്കെടുപ്പ് നടത്തണം.മഹാന്മാരായ മുന്‍ഗാമികള്‍ പലരും അങ്ങനെഉള്ളവര്‍ തന്നെയായിരുന്നു.രണ്ടാം ഖലീഫ ഉമര്‍(റ) ഓരോ ദിവസവും രാത്രി തനിച്ചു സ്വന്തം ശരീരത്തെവിചാരണ ചെയ്യുകയും ചെയ്തു പോയ കാര്യങ്ങളെ ചൊല്ലി ശരീരത്തെ ഭേദ്യം ചെയ്യുകയും ചെയ്തിരുന്നതിന്റെപാടുകള്‍ മയ്യിത്ത് കുളിപ്പിക്കുന്ന സമയത്ത് ദ്രിശ്യമായത് ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നു.അത്തരംമഹാന്മാര്‍ ദുനിയാവ് വിട്ടുള്ള രണ്ടാമത്തെ യാത്രയിലേക്ക് വിഭവങ്ങള്‍ ശേഖരിച്ചു കടന്നു പോയി.ഉമര്‍(റ)പറയാറുണ്ടായിരുന്നത് ഇങ്ങനെ ആയിരുന്നു:

حاسبو قبل ان تحاسبو
നിന്റെ ശരീരത്തെ വിചാരണ ചെയ്യപ്പെടുന്നതിന്റെ മുമ്പ് സ്വയം നീ വിചാരണ ചെയ്യുക"

അന്നന്ന് ഉറക്കപ്പായയില്‍ കിടക്കുന്നതിന്റെ മുമ്പ് താന്‍ ചെയ്തു കൂട്ടിയ കര്‍മ്മങ്ങളെ പറ്റി ഒരു വിചാരണസ്വന്തം നഫ്സിനോട് നടത്തുകയും അതില്‍ നിന്നും നാളത്തെ ദിവസത്തെ മുക്തമാക്കും എന്ന് പ്രതിജ്ഞഎടുക്കുകയുമാണ് വേണ്ടതെന്നു മഹാന്മാര്‍ നമ്മെ ഉണര്‍ത്തുന്നു.ഇമാം ഗസ്സാലി (റ) നബി തങ്ങളെ തൊട്ടുഉദ്ധരിച്ച ഹദീസ് ദുനിയാവിലെ യാത്രയിലെ ഒരുക്കങ്ങളുടെ പ്രസക്തിയും സ്വശരീരത്തെ വിചാരണചെയ്യേണ്ടതിന്റെ ആവശ്യകതയുമാണ്‌.

علامة إعراض الله تعالى عن العبد؛ هو إشتغاله بما لا يعنيه فمن ذهبت ساعة من عمره فى غير ما خلق له جدير بأن تطول حسرته يوم القيامة ومن جاوز الأربعين ولم يغلب خيرُه شرّه فليتجهّز إلى النار 
"അല്ലാഹു ഒരു മനുഷ്യനില്‍ നിന്നും തിരിഞ്ഞു കളഞ്ഞു (അവനെ അവന്റെ ഇഷ്ടത്തിന് വിട്ടു) എന്നതിന്റെ അടയാളം അനാവശ്യമായ കാര്യങ്ങളില്‍ അവന്‍ മുഴുകലാണ്.ഒരു മനുഷ്യന്‍റെ ആയുസ്സില്‍ ചെറിയ ഒരു സമയം അവന്റെ സ്രിഷ്ടിപ്പിന്റെ ലക്ഷ്യമെന്തൊ അതിലല്ലാതെ നഷ്ടപ്പെട്ടു പോയാല്‍ അതിന്റെ പേരില്‍ ഖിയാമ നാളില്‍ അവന്റെ ഖേദം വളരെ വലുതായിരിക്കും.ഒരു മനുഷ്യന് 40 വയസ്സെത്തിയാല്‍ അവന്റെ ജീവിതത്തെ അവനൊന്നു വിശകലനം ചെയ്തിട്ട് തിന്മയെക്കാള്‍ നന്മ കൂടുതലായി അവനു മനസ്സിലാകുന്നില്ല എങ്കില്‍ പിന്നെ അവന്‍ നരകത്തിലേക്ക് ഒരുങ്ങി കൊള്ളട്ടെ."

നാലാമത്തെ മാസം ഉമ്മയുടെ ഗര്‍ഭാശയത്തിലേക്ക് മലക്ക് വന്നു റൂഹ് ഊതുന്നതോടെ തുടങ്ങുന്നഒന്നാമത്തെ യാത്ര മരണത്തോടെ തീരുകയും രണ്ടാമത്തെ യാത്ര തുടങ്ങുകയും ചെയ്യുന്നു.എത്ര എത്ര വലിയവലിയ ആളുകള്‍ കഴിഞ്ഞു പോയി.പാല്‍ പുഞ്ചിരിയുമായി മരണത്തെ പുല്‍കിയ മഹാന്മാര്‍.ജീവിത കാലംമുഴുക്കെ ഒരു നിമിഷം പോലും പാഴാക്കാതെ വിഭവങ്ങള്‍ ശേഖരിച്ച ആളുകള്‍.അവരെയൊക്കെ ആയാത്രയില്‍ നാം കാണും. ദുനിയവിയ്യായ ജീവിതത്തെ വിഭവ ശേഖരണത്തിന് മാത്രമായി നീക്കി വെച്ചസാധാരണക്കാരും മഹാന്മാരുമായ ആളുകള്‍ അവരുടെ വിഭവ സമൃദ്ധിയില്‍ എളുപ്പവും പ്രയാസരഹിതമായും യാത്ര ചെയ്യുന്നത് കാണുമ്പോ നമ്മുടെ അവസ്ഥ എന്താകും.ഒന്നുമൊന്നും കയ്യിലില്ലെങ്കില്‍എന്ത് ചെയ്യും? കവി പാടുന്നതിങ്ങനെ:

إِذَا أَنْتَ لَمْ تَرْحَلْ بِزَادٍ مِنَ الْتَقَى


തഖ്‌വ
 എന്ന വിഭവവുമായല്ല നിന്റെ യാത്ര ദുനിയാവില്‍ വെച്ച് നീ പുറപ്പെടുന്നതെങ്കില്‍   
وَلاقَيْتَ بَعْدَ الْمَوْتِ مَنْ قَدْ تَزَوَّد
മരണശേഷം
 ഒരുപാട് വിഭവങ്ങളുമായി യാത്ര പോകുന്ന ആളുകളെ നീ കാണുകയും ചെയ്‌താല്‍   
نَدِمْتَ عَلَى أَلا تَكُونَ كَمِثْلِهِ

ഞാന്‍ ഇവരെ പോലെ ആയില്ലല്ലോ എന്ന് വിചാരിച്ചു നീ വിരല്‍ കടിക്കേണ്ടി വരും.

അന്ന്
വിരല്‍ കടിച്ചത് കൊണ്ടോ അലമുറ ഇട്ടത് കൊണ്ടോ യാതൊരു ഫലവും ഇല്ല.നാമും നമ്മുടെ കയ്യിലുള്ള തഖ്‌വയാകുന്ന വിഭവങ്ങളും മാത്രമേ ആ യാത്രയില്‍ നമുക്ക് സഹായകമായി ഉണ്ടാകൂ. തഖ്‌വയാകുന്ന വിഭവം ശേഖരിച്ചവരും അല്ലാത്തവരും പിന്നീടങ്ങോട്ട് ഒരു വലിയ യാത്ര ചെയ്യേണ്ടവര്‍.എന്തെന്തെല്ലാം പ്രയാസങ്ങള്‍.ഖബര്‍,അവിടുത്തെചോദ്യങ്ങള്‍, ഉയിര്‌തെഴുന്നെല്‌പ്പ്,ശേഷം മഹ്ശാര്‍,മീസാന്‍,സ്വിറാത്ത് പാലം..അങ്ങനെ അങ്ങനെ പോകുന്ന വലിയ കടുപ്പമേറിയ അവസരങ്ങളെ നേരിടേണ്ടി വരും.കയ്യില്‍ ആവശ്യത്തിനു വിഭവങ്ങള്‍ ഉള്ളവര്‍ പ്രയാസമില്ലാതെ മുന്നോട്ടു നീങ്ങുന്നു.ഖബ്രിലെ ചോദ്യമാകുന്ന പ്രയാസം അവര്‍ക്കറിയുന്നില്ല-കാരണം അവര്‍ക്കവിടെ അവരുടെ സല്‍ക്കര്‍മ്മങ്ങള്‍ സഹായിയായി എത്തുന്നു.ആ പ്രയാസവും കഴിഞ്ഞു മഹ്ശര്‍ എന്ന അതി കഠിനമായ വിചാരനയുടെ ഭൂമിയിലേക്ക് യാത്ര ചെന്നെത്തുന്നു.
يوم نحشر المتقين إلى الرحمن وفداً

ونسوق المجرمين إلى جهنم ورداً
(
സൂറത്ത് മറിയം)
(
മുത്തഖികളായി ജീവിച്ചവരെ-തഖ്‌വ എന്നാ സാദുമായി എത്തിയവരെ-കരുണാനിധിയായറബ്ബിന്റെ മുമ്പിലേക്ക് വാഹനത്തില്‍ പുറപ്പെടുവിക്കുന്ന ദിവസം.തെമ്മാടികളായ ആളുകളെ-തഖ്‌വഎന്ന സാദ് കയ്യിലില്ലാത്ത- നരകത്തിലേക്ക് തെളിച്ചു വലിച്ചു കൊണ്ട് വരുന്ന ദിവസം)
  
അതാണ്‌
മഹ്ഷര്‍.കഠിന കടോരമായ ചൂടിന്റെ കീഴില്‍ ഒരോരുത്തന്റെ കര്‍മ്മങ്ങളും കയ്യിലുള്ള വിഭവവും അനുസരിച്ചുള്ള പ്രയാസങ്ങളുമായി ഓരോരുത്തര്‍ നില്‍ക്കുന്ന ദിവസം.മേലെ ഉദ്ധരിച്ച ആയത്ത്‌ വിവരിച്ചു കൊണ്ട് മഹാന്മാര്‍ പറയുന്നത്
 'സജ്ജനങ്ങളെ അതിഥികളെപ്പോലെ ആദരിച്ചും ദുഷ്ടന്മാരായ ആളുകളെ ദാഹിച്ചു വളഞ്ഞ മൃഗങ്ങളെ പോലെ ആട്ടിതെളിച്ചുമാണ് കൊണ്ട് വരിക' എന്നാണു.
ഇങ്ങനത്തെ പ്രയാസകരമായ അവസ്ഥയും കടന്നു രക്ഷിതാവായ അല്ലാഹു ഓരോരോ നിമിഷങ്ങളെ പറ്റിയും വിചാരണ ചെയ്യാന്‍ നില്‍പ്പിക്കുന്ന രംഗം.ആരുമാരും സഹായത്തിനില്ലാതെ ആരുടെ അടുത്തേക്ക് സഹായത്തിനായി ഓടിയാലും കൈ മലര്‍ത്തി അവരൊക്കെ തിരിച്ചയക്കുന്ന നിസ്സഹായമായ അവസ്ഥയാണവിടെ.
وكلهم آتيه يوم القيامة فردا 
എല്ലാവരെയും ഒറ്റ ഒറ്റയായി ഖിയാമത്ത് നാളില്‍ കൊണ്ട് വരപ്പെടും.(സൂറത്ത് മറിയം)

ആയിരക്കണക്കിന്,പതിനായിരക്കണക്കിനു ആളുകളെ നിരയായി നിര്‍ത്തിക്കൊണ്ടുള്ള ചോദ്യമല്ല-മറിച്ച്കോടാനുകോടി വരുന്ന ജന വിഭാഗത്തില്‍ നിന്നും ഓരോ ഓരോ ആളെ തനിച്ചു വിളിച്ചു കൊണ്ട് വന്നുനിര്‍ത്തിയുള്ള വിചാരണ.രഹസ്യമായും പരസ്യമായും അറിഞ്ഞും അറിയാതെയും ചെയ്തു കൂട്ടിയകര്‍മ്മങ്ങളൊക്കെ പര കോടികളുടെ മുമ്പില്‍ വായിക്കപ്പെടുന്ന നാണം കെട്ടു പോകുന്ന സമയം. 


وَتَرَى الْمُجْرِمِينَ يَوْمَئِذٍ مُّقَرَّنِينَ فِي الأَصْفَادِ

سَرَابِيلُهُم مِّن قَطِرَانٍ وَتَغْشَى وُجُوهَهُمْ النَّارُ

അന്ന് കുറ്റവാളികളെ കൈകാലുകള്‍ ചങ്ങലക്ക് ബന്ധിക്കപ്പെട്ടതായി കാണാം.അവര്‍ താര്‍ കൊണ്ടുള്ള വസ്ത്രങ്ങള്‍ അണിഞ്ഞിരിക്കും.തീനാളങ്ങള്‍ അവരുടെ മുഖങ്ങളെ ആവരണം ചെയ്തിരിക്കും.(സൂറത്ത് ഇബ്രാഹീം)

അതും വിട്ടു മീസാനിങ്കല്‍ എത്തുന്നു.അശേഷം അനീതി കാണിക്കാത്ത അല്ലാഹുവിന്റെ പരമാധികാരത്തിനു കീഴില്‍ ഭൂമിയിലെ രാജാക്കന്മാരും നേതാക്കളും എന്ന് വേണ്ട സകലതും കീഴ് വണങ്ങി നില്‍ക്കുന്ന ആ സമയത്ത് നന്മ തിന്മകളുടെ ത്രാസിന് മുന്നില്‍ നില്‍ക്കുന്ന അവസ്ഥയും വല്ലാത്ത ഭയപ്പാടിന്റെത് തന്നെ.നന്മയാണോ തിന്മയാണോ തൂങ്ങുക.ഒരു അണുമണി തൂക്കത്തിന്റെ കനം എങ്കിലും നന്മ കൂടുതല്‍ തൂങ്ങിയാല്‍ രക്ഷപ്പെട്ടു.അല്ലാത്തവന്‍ തകരുകയും ചെയ്യും.
ചെയ്തു കൂട്ടിയ കര്‍മ്മങ്ങളെ ശരിയായി തൂക്കി വലതു കയ്യിലോ ഇടതു കയ്യിലോ കിതാബ് നല്‍കപ്പെടുന്നു.വലതു കയ്യില്‍ ലഭിച്ചവര്‍ സന്തോഷത്തിന്റെ ആളുകള്‍,ഇടതു കയ്യില്‍ ലഭിക്കെണ്ടവര്‍ നരകത്തിന്റെ അഗാധ ഗര്‍ത്തത്തിലേക്ക് വീഴേണ്ട ഹത ഭാഗ്യര്‍.

وَنَضَعُ الْمَوازِينَ الْقِسْطَ لِيَوْمِ الْقِيامَةِ فَلا تُظْلَمُ نَفْسٌ شَيْئًا وَإِنْ كانَ مِثْقالَ حَبَّةٍ مِنْ خَرْدَلٍ أَتَيْنا بِها وَكَفى بِنا حاسِبِينَ

ഖിയാമത്ത് നാളില്‍ എല്ലാം കൃത്യമായി തൂക്കി കണക്കാക്കപ്പെടുന്ന തുലാസുകള്‍ നാം സ്ഥാപിക്കുന്നതാണ്.കടുകുമണി തൂക്കത്തോളം ആണെങ്കിലും (അവന്റെ കര്‍മ്മങ്ങള്‍) അതും കൂടി നാം തൂക്കി നോക്കുന്നതായിരിക്കും.അന്നത്തെ ദിവസം ആരോടും അക്രമം പ്രവര്തിക്കപ്പെടുന്നതല്ല.കണക്കു നോക്കാന്‍ നാം തികച്ചും മതിയായവനാണ്.(സൂറത്ത് അമ്പിയാ)
എല്ലാമെല്ലാം തൂക്കി നോക്കി വിഭവങ്ങളുടെ തൂക്കവും കനവും നോക്കുന്ന ആ സമയത്ത് ഒരാളും മറ്റൊരാളെ ശ്രദ്ധിക്കുന്നില്ല.ഒരോരുത്തന്റെ നഫ്സിനെക്കാള്‍ മറ്റൊന്നിനെ നോക്കാന്‍ ആര്‍ക്കും കഴിയാത്ത ആരും തുനിയാത്ത മൂന്നു അവസരങ്ങളില്‍ ഒന്ന് മീസാനിങ്കല്‍ ആണെന്ന് ഹബീബായ നബി തങ്ങള്‍ (സ്വ) പറഞ്ഞതും എത്ര വ്യക്തം.!അവിടെയും പിന്നിട്ട് അതിലുമേറെ പ്രയാസകരമായ സ്വിറാത്ത് എന്ന പാലതിങ്കലെക്ക് അവന്‍ എത്തുന്നു.
കത്തിജ്വലിക്കുന്ന നരകത്തിന്റെ മുകളില്‍ സ്ഥാപിക്കപ്പെട്ട പാലം.സത്യ നിഷേധികള്‍ക്കും വിശ്വാസികളില്‍ തെറ്റുകാരായവര്‍ക്കും മുടിയെക്കാള്‍ നേര്മ്മയുള്ളതും വാളിനേക്കാള്‍ മൂര്ച്ചയുള്ളതുമായി അനുഭവപ്പെടുന്നു.എന്നാല്‍ തഖ്‌വ എന്ന സാദുമായി ഒന്നാമത്തെ യാത്ര വിട്ടു രണ്ടാം യാത്ര തുടങ്ങിയവാണ് വളരെ എളുപ്പം പാലവും കടന്ന്നു സുഖലോക സ്വര്‍ഗത്തെ പ്രാപിക്കാന്‍ കഴിയുന്നു.അല്ലാത്തവന്‍ ആഴമേറിയ കഠിന കടോരമായ നരകാഗ്നിയിലെ വിരകുകള്‍ ആയി വീണു പോകുന്നു.ഓരോരുത്തര്‍ക്കും അവരുടെ സല്ക്കര്‍മ്മത്തിനു അനുസരിച്ച് അവിടെ വെളിച്ചം നല്‍കപ്പെടും.ആ വെളിച്ചത്തിലൂടെ വിജയിയായ മനുഷ്യന്‍ അക്കരെ എത്തുന്നു.അല്ലാത്തവന്‍ കൂരിരുട്ടില്‍ വഴി തടഞ്ഞു അഗാധമായ ശിക്ഷയിലേക്ക് വീണു പോകുന്നു.അവിടെയും തഖ്‌വയില്‍ മുന്‍ നടന്നവര്‍ക്ക് പര്‍വത സമാനമായ വെളിച്ചം ലഭിക്കുമ്പോള്‍ അതില്‍ കുറവുള്ളവര്‍ക്ക് അതിനനുസരിച്ച് കുറഞ്ഞ ചിമ്മിനി വിളക്കിന്റെ തിരി പോലെയുള്ള വെളിച്ചം ലഭിക്കുന്നു.
അവിടെ വെച്ച് വേര്‍പിരിയുകയാണ്‌ അത് വരെ ഒന്നിച്ചു യാത്ര ചെയ്ത നല്ല നല്ല വിഭവങ്ങള്‍ ഉള്ളവരും ഇല്ലാത്തവരുമായ മനുഷ്യര്‍.ചിലര്‍ അവര്‍ക്കൊരുക്കി വെച്ചിരിക്കുന്ന സുഖലോക സ്വര്‍ഗത്തില്‍ നിത്യ താമസക്കാരായി വിജയിക്കുന്നു.മറ്റൊരു കൂട്ടര്‍ ഇതിന്റെ രണ്ടിന്റെയും ഇടയില്‍ അഅറാഫ് എന്ന മതിലില്‍ എത്തിച്ചേരുന്നു.നരക സ്വര്‍ഗങ്ങളുടെ നടുവില്‍.പ്രതിഫലങ്ങള്‍ അര്‍ഹിച്ചതനുസരിച്ചു നല്കപ്പെടുന്നതോട് കൂടെ യാത്രകള്‍ അവസാനിക്കുന്നു.മരണത്തോട് കൂടെ തുടങ്ങിയ നീണ്ട യാത്ര.
ഒന്നാമത്തെ യാത്രയില്‍ കൃത്യമായി വിത്തുകള്‍ പാകി പരിപാലിച്ചു കൃഷി ചെയ്ത മുത്തഖികള്‍ മാത്രം ആയിരിക്കും വിജയികള്‍.അവരുടെ വിളവ്‌ അള്ളാഹു അവന്റെ റഹ്മത്തിനാല്‍ പൊതിഞ്ഞു ഇരട്ടി ഇരട്ടി ആയി നല്‍കുന്നു.അത്ഭുതങ്ങളുടെ ദുനിയാവിലെ ബുദ്ധിയോ ശക്തിയോ വെച്ച് നിരൂപിക്കാണോ സങ്കല്പ്പിക്കാണോ പറ്റാത്ത അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ വീടായ സ്വര്‌ഗമാനവരുടെ കാല കാലത്തെ താമസ സ്ഥലം.തഖ്‌വയുടെ സാദ് ശേഖരിക്കാതെ പരാജിതരായവരുടെ നരക ലോകമാകട്ടെ ആര്‍ക്കുമാര്‍ക്കും വിവരിക്കാന്‍ കഴിയാത്ത അത്രയും കടോരം.ചെയ്തു കൂട്ടിയതിന്റെ കണക്കനുസരിച്ചുള്ള ശിക്ഷയും അവന്‍ ഏല്‍ക്കേണ്ടി വരുന്നു.
ഇങ്ങനെ രക്ഷയുടെതാകട്ടെ ശിക്ഷയുടെതാകട്ടെ രണ്ടിന്റെയും നിദാനം ആകുന്നത് നമ്മുടെ ദുനിയാവിലൂടെ ഉള്ള ഒന്നാമത്തെ യാത്രയാണ്.ബുദ്ധിമാനായ മനുഷ്യന്‍ ഒരിക്കലും കാല കാലത്തെ സന്തോഷം വിറ്റ് ചെറിയ കാലത്തെ സുഖലോലുപത ആഗ്രഹിക്കില്ല.ഹബീബായ നബി തങ്ങള്‍ (സ്വ) തന്നെ ഇത് വിവരിച്ചതിങ്ങനെ:"സ്വശരീരത്തെ വിചാരണ ചെയ്യുകയും മരണാനന്തര ജീവിതത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനാണ് ബുദ്ധിമാന്‍.ശരീരത്തെ അതിന്റെ ഇച്ചകളുടെ പിന്നാലെ വിടുകയും അല്ലാഹുവില്‍ പലതരം മോഹങ്ങള്‍ വെച്ച് പുലര്‍ത്തുകയും ചെയ്യുന്നവനാണ് ചിന്താ ശൂന്യന്‍."(തുര്‍മുദി)
ആഖിറവും ഇഹലോകവും രണ്ടും ആസ്വദിക്കാന്‍ ആര്‍ക്കും കഴിയില്ല.ഒന്നിന് പിന്നാലെ പായുന്നവന് മറ്റേത് നഷ്ടപ്പെടുന്നു.
'ഇഹവും പരവും സഹ ഭാര്യമാരെ പോലെയാണ്.ഒരാളെ പ്രീതിപ്പെടുത്തിയാല്‍ മറ്റെയാള്‍ പിണങ്ങും'
എന്നായിരുന്നു മഹാനായ വഹബ് ഇബ്നു മുബഹ് (റ) പറഞ്ഞത്.
ياأيها الذين آمنوا اتقوا الله ولتنظر نفس ماقدمت لغدٍ واتقوا الله إن الله خبير بما تعملون
(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളത്തെക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി എല്ലാമെല്ലാം അറിയുന്നവനാകുന്നു.)
തഖ്‌വയാകുന്ന സാദുമായി അല്ലാഹുവിന്റെ സന്നിധിയിലേക്ക് യാത്രയാകുന്ന മുത്തഖീങ്ങളില്‍ നാഥാ നീ ഞങ്ങളെയും ചേര്‍ക്കണേ അല്ലാഹ്.ആഖിറം നഷ്ടപ്പെട്ടു പോകുന്ന പാപികളില്‍ ഞങ്ങളെ ചെര്‍ക്കല്ലേ റബ്ബേ.അവസാനം നിന്റെ സ്വര്‍ഗീയ ആരാമത്തില്‍ നീ ഞങ്ങളെ കടത്തി സന്തോഷിപ്പിക്കണേ തമ്പുരാനേ..
.''

No comments:

Post a Comment