Monday, December 24, 2012

മരണം ഒരു വല്ലാത്ത യാഥാര്‍ത്ഥ്യം , aboo zahid


بسم الله الرحمن الرحیم
മരണം ഒരു വല്ലാത്ത യാഥാര്‍ത്ഥ്യം തന്നെ.എന്തെന്തെല്ലാം കാര്യങ്ങള്‍ കണക്കു കൂട്ടി വെച്ച മനുഷ്യരാണ് വളരെ വളരെ പെട്ടെന്ന് എല്ലാം വിട്ടെറിഞ്ഞ്‌ മലക്കുല്‍ മൌത്തിന്റെ കൂടെ പോകേണ്ടി വരുന്നത്...!ആശകളും പ്രതീക്ഷകളുമായി അടുത്ത പുലരിയെ കാത്തിരിക്കുന്ന മനുഷ്യരിലേക്ക് ക്ഷണിക്കപ്പെടാത്ത വിരുന്നുകാരനായി മരണത്തിന്റെ മാലാഖ കടന്നു വരുന്നു.ഇത് ഹക്കീമായ തികഞ്ഞ യുക്തിയോടെ മാത്രം എല്ലാം സംവിധാനിക്കുന്ന അല്ലാഹുവിന്റെ നിയതിയാണ്‌.ആരുമാരും രക്ഷപ്പെടാത്ത തീരുമാനം.ജനിച്ചു എങ്കില്‍ ഒരു നാള്‍ മരിക്കും.നമ്മുടെ ജനനത്തിലും നമ്മുടെ മരണത്തിലും എല്ലാം അല്ലാഹുവിനു തികഞ്ഞ യുക്തിയും തീരുമാനങ്ങളും ആസൂത്രണങ്ങളും ഉണ്ട്.അല്ലാഹു നമുക്ക് മൌതും ഹയാത്തും ക്രമീകരിച്ചിരിക്കുന്നത് തന്നെ
ليبلوكم ايكم احسن عملا
'നിങ്ങളില്‍ ഏറ്റവും സല്ക്കര്‍മ്മകാരികള്‍ ആര്' എന്നറിയുന്നതിലെക്കാണ്.
മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും ചിന്തകളും ആട്ടനക്കങ്ങള്‍ മുഴുക്കെയും രക്ഷിതാവായ റബ്ബിന്റെ ത്വാഅതിലേക്ക് വരുത്താന്‍ മരണം എന്ന പ്രതിഭാസം ഇല്ലായിരുന്നു എങ്കില്‍ സാധ്യമാകും ആയിരുന്നില്ല.മരണ ഭയവും കിട്ടാന്‍ പോകുന്ന സൌഭാഗ്യങ്ങളുടെ പ്രതീക്ഷയും തന്നെയാണ് നന്മയുടെ മാനദണ്ഡം.
വിശ്രമം ഇല്ലാതെ ദുനിയാവ് നേടിയെടുക്കാനുള്ള ഓട്ടത്തിനിടെ എത്രയെത്ര പ്രയാസങ്ങള്‍ താണ്ടെണ്ടി വരുന്നു.ഒരു അടി പോലും മുന്നോട്ടു നീങ്ങാന്‍ കഴിയില്ല എന്ന് ചിന്തിച്ചു പോകുന്ന കടു കടുത്തപ്രയാസങ്ങള്‍.നമ്മുടെ മോഹവും ആശയുമാകട്ടെ ഒരു പ്രയാസവുമില്ലാത ജീവിതവും.പൂര്‍ണ്ണമായും പ്രയാസ രഹിതമായ ജീവിതം ആര്‍ക്കുമില്ല.പക്ഷെ അഭിമുഖീകരിക്കുന്നതിലെ വ്യത്യാസം അതിന്റെ പ്രതിഫലനതിലും പ്രകടമാകും.ദുനിയാവിലും ആഖിറത്തിലും.ഓരോ പ്രയാസങ്ങളും വരുമ്പോ അല്ലാഹുവിലേക്ക് അര്‍പ്പിച്ചു കൊണ്ടുള്ള ജീവിതത്തിനു ഈമാനിന്റെ തെളിച്ചവും വെളിച്ചവും വരുന്നു.അക്ഷമയും പൊറുതികേടും സല്‍ഫലങ്ങള്‍ തരുകയുമില്ല വിശ്വാസത്തിന്റെ ബലക്കുറവ് പ്രകടമാക്കുകയും ചെയ്യുന്നു.ഉടമയായ അല്ലാഹു അവന്റെ സൃഷ്ടിയുടെ പ്രത്യേകത തന്നെ വിവരിക്കുന്നത് ഇത് സാധൂകരിക്കുന്നു

لقد خلقناالانسان في كبد(തീര്‍ച്ചയായും ക്ലേശത്തിലായിട്ടാണ് മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത്) (ഖുര്‍-ആന്‍ സൂറത്തുല്‍ ബലദ്).

ഇഹലോകത്തിന്റെ നിറം പിടിച്ച ജീവിത രീതിയില്‍ ഒരു വിധത്തിലും മറ്റുള്ളവന് പുറകില്‍ നില്‍ക്കരുത് എന്ന മത്സര ബുദ്ധിയോടെ ഓടി നടക്കുന്നു നാമെല്ലാം.പണം കൊടുത്തു വാങ്ങാവുന്ന സുഖങ്ങളെല്ലാം ഒരോരുത്തന്റെ സാമ്പത്തിക നിലക്കനുസരിച്ചു വാങ്ങിക്കൂട്ടുന്നു.എങ്ങു നോക്കിയാലും കളിയും ചിരിയും വിനോദവും മാത്രം.തമാശകളും പൊട്ടിച്ചിരികളും കൈ കൊട്ടലുകളും അലങ്കാരമെകുന്ന ആസ്വാദനങ്ങളുടെ നിമിഷങ്ങള്‍.കല്യാണ വീടുകള്‍,ആഘോഷ സ്ഥലങ്ങള്‍,നാട്ടുവഴിയിലെ ചായക്കട..എന്നിങ്ങനെയുള്ള സ്ഥിരം സൊറ പറയല്‍ വേദികള്‍-സത്യമോ കളവോ എന്ന് നോക്കാതെ,ഉള്ളതോ ഇല്ലാത്തതോ എന്ന് നോക്കാതെ ഗീബതോ നമീമതോ എന്ന് നോക്കാതെ നാമോരോരുത്തരും നമ്മുടെ സാന്നിധ്യം അറിയിക്കുന്നു.ചിലപ്പോള്‍ വാക്കുകള്‍ കൊണ്ട്,മറ്റു ചിലപ്പോള്‍ ചിരി കൊണ്ട്,ചിലപ്പോ കയ്യടി കൊണ്ട്.എവിടെയും നാമും ഉണ്ട് ഒരു പടി മുന്നില്‍.
അല്ലാഹു ഇതിനെ ശരിക്കും ഓര്‍മിപ്പിക്കുന്നു -

ما يلفظ من قول إلا لديه رقيب عتيد

(അവന്റെ അടുത്ത് സന്നിഹിതരായിരിക്കുന്ന നിരീക്ഷകര്‍ ഉണ്ടായിട്ടല്ലാതെ ഒരു വാക്കും അവന്‍ ഉച്ചരിക്കില്ല(റക്കീബ്,അതീദ് എന്ന രണ്ടു മലക്കുകള്‍ നമ്മോടൊപ്പം തന്നെ ഉണ്ട്.എല്ലാം രേഖപ്പെടുത്തിക്കൊണ്ട്)-സൂറത്ത് ഖാഫ്).

പക്ഷെ ഇടയില്‍ രംഗ ബോധമില്ലാതെ കടന്നു വരുന്ന മരണത്തിന്റെ തണുത്ത കരങ്ങളെ നാം മറക്കുകയാണ്.മനപ്പൂര്‍വ്വം ആകാം,ആകസ്മികം ആകാം.എങ്ങനെ ആയാലും നാം മറക്കാന്‍ ശ്രമിക്കുന്ന ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത മരണം നമ്മെ പിടി കൂടുക തന്നെ ചെയ്യും എന്നതിന് നാമോരോരുത്തരും എത്ര തവണ സാക്ഷിയായി..വേണ്ടപ്പെട്ട പലരും പോയി ആ വഴിയെ നാമും പോകും എന്നറിയാം. പക്ഷെ എന്തോ ഒരു ഇഷ്ടമില്ലായ്മ അത് ചിന്തിക്കാന്‍.'ഏതൊരു ശരീരവും മരണത്തെ ആസ്വദിക്കുന്നതാണ്' എന്ന ആയത്ത് കൊച്ചു കുട്ടികള്‍ക്ക് പോലും മനപ്പാടമാണ്.എത്ര മാറി നിന്നാലും ഓര്‍ക്കാതിരുന്നാലും മരണം തേടിയെത്തും.നിശ്ചയം.

قل إن الموت الذي تفرون منه فإنه ملاقيكم.
(നബിയെ-അവിടുന്ന് പറയുക,ഇതൊരു മരണത്തില്‍ നിന്നും നിങ്ങള്‍ ഓടി അകലുന്നുവോ ആ മരണം തീര്‍ച്ചയായും നിങ്ങളെ അഭിമുഖീകരിക്കുക തന്നെ ചെയ്യും-സൂറത്ത് ജുമുഅ).

എവിടെ എങ്ങനെ എപ്പോള്‍ എന്നറിയാതെ മരണം നമ്മെയും കാത്തിരിക്കുന്നു.ഒരു ദിവസം 70 പ്രാവശ്യം മരണത്തിന്റെ മാലാഖ നമ്മെ വിസിറ്റ് ചെയ്തു പോകുന്നുണ്ടത്രെ..!ആര്‍ക്ക് കഴിയും ആ മലക്കിനെ പ്രതിരോധിക്കാന്‍?നമ്മുടെ കളിചിരികളും തമാശകളും കണ്ട് അസ്രായീല്‍ ചിരിക്കുന്നുണ്ടാകണം-നമ്മുടെ വിഡ്ഢിത്തം ഓര്‍ത്ത്.അടുത്ത നിമിഷം മരിക്കാനുള്ള ഇവന്‍ ഇപ്പോഴും ദുനിയാവിന്റെ പളപ്പില്‍ ആടി തിമര്‍ക്കുന്നു എന്ന് പറഞ്ഞ്..!
ഒരു കവി പാടുന്നതിങ്ങനെ:

أما والله لو علم الأنام .. ... .. لم خلقوا لما غفلوا وناموا
(അറിയുക-അല്ലാഹുവാണേ,സൃഷ്ടികള്‍ തങ്ങള്‍ എന്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടിരുന്നു എന്ന് അറിയുന്നു എങ്കില്‍ അവര്‍ അശ്രദ്ധരാകുകയോ നിദ്രയിലാഴുകയോ ചെയ്യുമായിരുന്നില്ല)


لقد خلقوا لما لو أبصرته .. ... .. عيون قلوبهم لتاهوا وهاموا(ഏതൊരു കാര്യത്തിനു വേണ്ടിയാണോ താന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അതെങ്ങാനും അവന്‍ തന്റെ‍ അകക്കണ്ണ് കൊണ്ട് കാണുന്നു എങ്കില്‍ അവര്‍ സ്വന്തം വീട് പോലും വിട്ടു പോകുകയും പരിഭ്രാന്തരാകുകയും ചെയ്യുമായിരുന്നു.)


مماتٌ ثم قبرٌ ثم حشرٌ .. ... .. وتوبيخ وأهوالٌ عظامُ(മരണം,ശേഷം ഖബര്‍,പിന്നെ പുനര്‍ ജീവിതം,മഹ്ഷര്‍,വലിയ വലിയ ഭീകരമായ അനുഭവങ്ങള്‍).

മരണത്തെ ഓര്ക്കേണ്ട പോലെ ഓര്ക്കുകയും മരണ ശേഷമുള്ള ഭീകരമായ അനുഭവങ്ങളെ പറ്റിയുള്ള ശരിയായ അവബൊധവുമാണ് എനിക്കും നിങ്ങള്ക്കും വേണ്ടത്.'എല്ലാ രസങ്ങള്ക്കും വിരാമമിടുന്ന മരണത്തെ നിങ്ങള് ധാരാളമായി ഓര്ക്കണം' എന്ന് നബി തങ്ങള് (സ്വ) ഒരവസരം പറയുകയുണ്ടായി.കളിച്ചു ചിരിച്ചു സൊറ പറഞ്ഞിരിക്കുന്ന സ്വഹാബതിന്റെ സദസ്സിലേക്ക് വന്നു ചേര്ന്ന നബി തങ്ങള് (സ്വ) ദേഷ്യത്തോടെ അവരെ ഉപദേശിച്ചു ഉപദേശിച്ചു പറഞ്ഞത് 'ഞാന് അറിഞ്ഞത് നിങ്ങള് അറിഞ്ഞിരുന്നു എങ്കില് വളരെ കുറച്ചു മാത്രം ചിരിക്കുകയും അധികം കരയുകയും ചെയ്യും' എന്നായിരുന്നു.എന്തെല്ലാം പ്രയാസകരമായ അനുഭവങ്ങള് വരാനിരിക്കുന്നു.എല്ലാത്തിലും വിജയി ആകണമെങ്കില് എത്ര ശ്രദ്ധയോടെ ജീവിക്കണം.എത്ര സുന്ദരമായി മരണത്തെ പുല്കണം.കാത്തിരിക്കാന്ž എവിടെ സമയം,'നാളതെക്ക് എന്ത് ഒരുക്കി വെച്ച് എന്ന് ഓരോരുത്തരും ചിന്തിക്കട്ടെ' എന്ന് അല്ലാഹു ഉല്ബോധിപ്പിക്കുന്നു നമ്മെ.മാനത്തെ പൊന് താരകങ്ങളായ സ്വഹാബാക്കള് എത്ര സൂക്ഷ്മാലുക്കളായിരുന്നു..!ഹസന്‍ (റ) പറഞ്ഞതിങ്ങനെ:"സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഒട്ടും വൈകിക്കരുത്,ജീവിതം എന്നാല്‍ കുറെ ശ്വാസങ്ങള്‍ മാത്രമാണ്.അവ നിലക്കുന്നതോടെ കര്‍മ്മങ്ങളും നിലക്കും'.

മരിക്കാന്‍ കിടക്കുന്ന വ്യക്തി അനുഭവിക്കുന്ന പ്രയാസങ്ങളും യാതനകളും പൂര്‍ണ്ണമായും നമുക്ക് അനുഭവിച്ചറിയാന്‍ വഴിയില്ല.എന്നാല്‍ വളരെയേറെ വേദനാജനകം ആയ അനുഭവം തന്നെയാണ് മരണം.പ്രവാചകര്‍ ഈസാ നബി (അ)ഒരവസരം തന്റെ സമൂഹത്തിലെ ആളുകളുടെ ആവശ്യ പ്രകാരം നൂഹ് നബി(അ) യുടെ പുത്രന്‍ സാം നെ ജീവിപ്പിക്കുകയും അവരോടു അവരുടെ മരണത്തിന്റെ വേദനയെ പറ്റി ചോദിച്ചപ്പോള്‍ മഹാന്‍ പറഞ്ഞത്
'നബിയെ,നാലായിരം വര്‍ഷമായി ഞാന്‍ മരിച്ചിട്ട്,എന്നാല്‍ ഇന്ന് വരെ എന്റെ റൂഹ് അസ്രായീല്‍ പിടിക്കുന്ന സമയത്തുണ്ടായ വേദന എന്റെ തൊണ്ടയില്‍ നിന്നും പോയിട്ടില്ല'
എന്നത്രെ.ഇതില്‍ കൂടുതല്‍ ആ വേദനയെ പറ്റി ഒരു ഊഹം ലഭിക്കാന്‍ മറ്റൊന്നും തന്നെ വേണ്ടതില്ല.അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറ്റവും ലഘുവായി റൂഹ് പിടിക്കപ്പെട്ടത് ഹബീബായ നബി തങ്ങള്‍ (സ്വ) യാണെന്ന് നാമെല്ലാം പഠിച്ചവരാണ്.എന്നാല്‍ അവിടുന്ന് മരണ സമയത്ത് അനുഭവിക്കുന്ന വേദന കണ്ടിട്ട് സഹിക്കാന്‍ കഴിയാതെ ഫാത്തിമാ ബീവി പൊട്ടിക്കരഞ്ഞു പോയത് ചരിത്രത്തില്‍ എഴുതപ്പെട്ടു കിടക്കുന്നു.അത്രയേറെ പ്രയാസം.ഒഴിച്ച് കൂടാന്‍ കഴിയാത്ത ബുദ്ധിമുട്ടുകള്‍.
അത് വരെ അവന്റെ പ്രവര്തികല്‍ക്കൊക്കെ മൂക സാക്ഷികളായി എല്ലാം റെക്കോര്‍ഡ്‌ ആക്കി വെക്കുന്ന രണ്ടു മലക്കുകള്‍ അവന്റെ ചുമലില്‍ നിന്നും ഇറങ്ങി വന്നു അവനോടു സംസാരിക്കുന്നതും ഹബീബായ നബി തങ്ങള്‍ (സ്വ) നമുക്ക് പഠിപ്പിക്കുന്നു :
ما من ميت يموت حتى يتراءى له ملكان الكاتبان عمله- فإن كان مطيعا قالا له جزاك الله عنا خيرا- فرب مجلس صدق أجلستنا- و عمل صالح قد أحضرتنا- و إن كان فاجرا قالا لا جزاك الله عنا خيرا- فرب مجلس سوء قد أجلستنا- و عمل غير صالح قد أحضرتنا و كلام قبيح قد أسمعتنا
ഏതൊരു മനുഷ്യനും മരിക്കാന്‍ അടുത്ത സമയത്ത് അവന്റെ ചുമലിലുള്ള മലക്കുകള്‍ ഇറങ്ങി വന്നു നല്ല മനുഷ്യന്‍ ആണെങ്കില്‍ അവനോടു പറയും :അല്ലാഹു നിനക്ക് നന്മ തരട്ടെ,എത്ര എത്ര നല്ല സദസ്സുകളിലാണ് നീ ഞങ്ങളെ കൊണ്ട് പോയി ഇരുത്തിയത്,എത്ര സല്‍ക്കര്‍മ്മങ്ങള്‍ ആണ് നീ ഞങ്ങളെ കാഴ്ച്ചക്കാരനാക്കിയത്.ഇനി മരിക്കാന്‍ കിടക്കുന്ന വ്യക്തി മോശക്കാരന്‍ ആണെങ്കില്‍ അവനോടു മലക്കുകള്‍ പറയും:അല്ലാഹു നിനക്കൊരു നന്മയും തരാതിരിക്കട്ടെ,എത്ര മോശം സദസ്സുകളിലാണ് നീ ഞങ്ങളെ കൊണ്ട് പോയി ഇരുത്തിയത്?,എത്ര മോശം കര്മ്മങ്ങള്‍ക്കാണ് നീ ഞങ്ങളെ സാക്ഷിയാക്കിയത്?,എത്ര മോശം സംസാരങ്ങള്‍‍ക്കാണ് നീ ഞങ്ങളെ കേള്‍വിക്കാരനാക്കിയത്?''
ഇത്തരം വലിയ വലിയ അനുഭവങ്ങള്‍ നമ്മുടെ തൊട്ടു മുന്നില്‍ വെച്ച അനുഭവിച്ചു ഒരുക്കി വെച്ച നല്ലതോ ചീത്തയോ ആയ പ്രതിഫലതിലെക്ക് നമ്മില്‍ നിന്നും പലരും നടന്നു നീങ്ങി.വൈകാതെ നാമും പോകും.കളിയിലും ചിരിയിലും തമാഷകളിലും ഒപ്പം കൂടിയവര്‍ ആരും വരില്ല നമുക്ക് സഹായവുമായി ഖബ്രില്‌.ദുനിയാവില്‍ വാരിക്കൂട്ടിയതിനൊക്കെ പുതിയ അവകാശികള്‍ ആയി.നമുക്കുള്ളത് ആറടി മണ്ണ്- അതാകട്ടെ നമ്മുടെ ശരീരം ദ്രവിച്ചു കഴിഞ്ഞാല്‍ അന്യനു അവകാശപ്പെട്ട മണ്ണ്-,മൂന്നു കഷണം തുണി.ഒപ്പം പോരുന്നവരൊക്കെ തിരിച്ചു പോരും.നബി തങ്ങള്‍ പറഞ്ഞു:
يتبع الميت ثلاث فيرجع اثنان ويبقى واحد يتبعه أهله وماله وعمله فيرجع أهله وماله ويبقى عمله'
മൂന്നു കാര്യങ്ങള്‍ മയ്യിത്തിനെ അനുഗമിക്കും,രണ്ടെണ്ണം അവനെയും തനിച്ചാക്കി മടങ്ങി പോരും,ഒന്ന് മാത്രം ബാക്കിയാകും അവന്റെ ഒപ്പം.അവന്റെ കുടുംബക്കാരും അവന്റെ സമ്പത്തില്‍ ചിലതും തിരിച്ചു പോരും.അവന്റെ കര്‍മ്മങ്ങള്‍ അവനോടൊപ്പം ബാക്കിയാകും'.(ബുഖാരി)

നല്ലതോ ചീത്തയോ ആയ കര്‍മ്മങ്ങള്‍ അവന്റെത്‌ അവനൊപ്പം ബാക്കിയാകും.മറ്റുള്ളതെല്ലാം മുറിഞ്ഞു.നേരാം വണ്ണം വളര്‍ത്തിയ നല്ല മക്കള്‍ ഉണ്ടെങ്കില്‍ അവരുടെ പ്രാര്‍ഥനയും ജീവിത കാലത്ത് ചെയ്ത ജാരിയ്യായ സ്വദഖയും നാഫിആയ ഇല്മ് അവന്‍ നേടി പകര്‍ന്നു കൊടുത്തിരുന്നു എങ്കില്‍ അതും അവനിലേക്ക് നന്മകള്‍ എത്തിച്ചു കൊണ്ടേയിരിക്കും-മറ്റെല്ലാം എല്ലാം തീരും.തിരിച്ചു വരാത്ത ആ യാത്ര പോകാന്‍ അടുത്താണ് നാം.വളരെ അടുത്ത്.ചെരുപ്പിന്റെ വാറും വിരലുകളും എത്ര അടുതിരിക്കുന്നോ അത്രയും അടുത്ത്.സലീമായ ഖല്‍ബോട് കൂടി നാഥനെ കണ്ടെത്താന്‍ കഴിയണം.അവനിലേക്ക് മടങ്ങാന്‍ കഴിയണം.കളികളും ചിരികളും ഒരല്‍പം ആവാം.മനസ്സിനെ മന്ദീഭവിപ്പിക്കുന്ന ആഖിരത്തിന്റെ ഓര്‍മ്മകളെ ഇല്ലാതാക്കുന്ന രീതിയില്‍ ആകരുത്.മനസ്സിന് മടുപ്പ് വന്നാല്‍ അതിനു അന്ധത ബാധിക്കും എന്ന് അലി(റ) പറയുകയുണ്ടായി.നബി തങ്ങള്‍ (സ്വ) തന്നെ പറഞ്ഞു:


الهوا والعبوا ؛ فإني أكره أن يرى في دينكم غلظة(നിങ്ങള്‍ക്ക് അല്‍പ്പം കളിയും വിനോദവും ആകാം.നിങ്ങളുടെ മത നിഷ്ടയില്‍ പരുഷത കാണുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല-ബൈഹക്കി)

ഇതിന്റെയും അപ്പുറം രക്ഷിതാവിന്റെ ഓര്‍മ്മകളെയും അവന്റെ നിയമങ്ങളെയും കാറ്റില്‍ പറത്തുന്ന വെറും കളിയും ചിരിയും മുസ്ലിമിന് അന്യമാണ്.അല്ലാഹുവിന്റെ കലാം നമ്മെ ഒര്മപ്പെടുതുന്നത് ഇങ്ങനെ:وما الحياة الدنيا إلا لعب ولهو وللدار الآخرة خير للذين يتقون أفلا تعقلون(ഐഹിക ജീവിതം കളിയും വിനോദവും മാത്രമാണ്.പാരത്രീക ലോകമാണ് അല്ലാഹുവിനെ ഭയക്കുന്നവര്‍ക്ക് ഉത്തമം ആയിട്ടുള്ളത്.നിങ്ങള്‍ ചിന്തിക്കുന്നില്ലയോ?-സൂറത്തുല്‍ അന്‍ആം).

സന്തോഷത്തോടെ പുഞ്ചിരിയോടെ അല്ലാഹുവിന്റെ റഹ്മത്തിന്റെ മാലാഖമാരുടെ സാന്ത്വന വാക്കുകളും കേട്ട് കൊണ്ട് രക്ഷിതാവിലെക്ക് മടങ്ങി പോകണം.അത്തരക്കാര്‍ ആരാണെന്നും അല്ലാഹു തന്നെ വിവരിക്കുന്നു :
إن الذين قالوا ربنا الله ثم استقاموا تتنزل عليهم الملائكة ألا تخافوا ولا تحزنوا وأبشروا بالجنة التي كنتم توعدون
എന്റെ റബ്ബ് അല്ലാഹു ആണ് എന്ന് പറയുകയും അതനുസരിച്ച് മുസ്തക്കീം ആയ വഴിയിലൂടെ ജീവിക്കുകയും ചെയ്തവരുടെ മരണ സമയത്ത് അല്ലാഹുവിന്റെ റഹ്മത്തിന്റെ മലക്കുകള്‍ ഇറങ്ങി വന്നു അവനോടു പറയും,പേടിക്കുകയോ പ്രയാസപ്പെടുകയോ വേണ്ടതില്ല,അല്ലാഹു ഓഫര്‍ ചെയ്ത സ്വര്‍ഗീയ ലോകത്തേക്ക് നീ പ്രവേശിച്ചു കൊള്ളുക' .


ഇത്തരം സന്മാര്‍ഗികളുടെ മരണം അല്ലാഹു നമുക്ക് തരട്ടെ.അല്ലാഹുവേ,ഈമാന്‍ സലാമത്തായി സ്വര്‍ഗത്തിന്റെ ഫോട്ടോ കണ്ടു പുഞ്ചിരിയോടെ മരണത്തെ പുല്‍കാന്‍ ഞങ്ങളെ നീ തുണക്കണേ അല്ലാഹ്.ഞങ്ങളില്‍ നിന്നും മരിച്ചു പിരിഞ്ഞവരുടെ ഖബറിടം നീ സ്വര്‍ഗം ആക്കിക്കൊടുക്കണേ നാഥാ..ആമീന്‍ 

1 comment:

  1. Valare Nallath, allaahu Prathiphalam nalkatte Aameen !!

    ReplyDelete