Sunday, January 20, 2013

നല്ല ഭൂമിയില്‍ മുളച്ച നല്ല സസ്യം..!, aboozahid


-------------------------------------------------
അര്‍ഹത പോലെ യുദ്ധമുതല്‍ വീതം വെക്കുകയാണ് ഖലീഫ ഉമര്‍ ഇബ്നു അബ്ദില്‍ അസീസ്‌(റ).കുറെ ആപ്പിളുകളും ഉണ്ടായിരുന്നു കൂട്ടത്തില്‍.ഖലീഫയുടെ കുഞ്ഞുമോന്‍ ഒരു ആപ്പിള്‍ എടുത്ത് അല്പം കടിച്ചു.കാഴ്ച കണ്ടു ഓടിയെത്തിയ അദ്ദേഹം വായിലേക്ക് വിരല്‍ കടത്തി ആപ്പിളിന്റെ കഷണങ്ങള്‍ എടുത്തു നീക്കി.കണ്ണീരോടെ കുഞ്ഞുമോന്‍ ഉമ്മ ഫാത്തിമയിലെക്ക് ഓടിപ്പോയി.ഇതൊരു മാതാവിന്റെയും മനസ്സ് പിടക്കും പോലെ അവിടെയും സംഭവിച്ചു.കയ്യില്‍ സൂക്ഷിപ്പ് ഉണ്ടായിരുന്ന പൈസയെടുത്ത് ആപ്പിള്‍ വാങ്ങി മോന് കൊടുത്തു.ഖലീഫ തിരിച്ചു വന്നപ്പോ വീട്ടില്‍ ആപ്പിളിന്റെ ഗന്ധം..!സംശയത്തോടെ കാര്യം അന്വേഷിച്ചപ്പോ നടന്നതെല്ലാം ഫാത്തിമ പറഞ്ഞു.പൊട്ടിക്കരഞ്ഞു കൊണ്ട് ഉമര്‍ പറഞ്ഞു:

"അല്ലാഹുവാണേ സത്യം,ഞാനെന്റെ കുഞ്ഞു പൈതലിന്റെ വായില്‍ കൈയിട്ടു ആ ആപ്പിളിന്റെ കഷണങ്ങള്‍ പുരതെദുക്കുംബൊ എന്റെ കരള്‍ പറിച്ചെടുക്കുന്നത് പോലെ ആണ് എനിക്ക് അനുഭവപ്പെട്ടത്.പക്ഷെ എന്ത് ചെയ്യാന്‍,പൊതു മുതലില്‍ പെട്ട ഒരാപ്പിളിന്റെ കാരണത്താല്‍ നാളെ റബ്ബിന്റെ കോടതിയില്‍ വശളാകരുതല്ലോ..!"

ഇതാണ് രണ്ടാം ഉമര് എന്നറിയപ്പെട്ട അഞ്ചാം ഖലീഫ എന്ന് വിളിക്കപ്പെട്ട ഉമര്‍ ഇബ്നു അബ്ദില്‍ അസീസ്‌.നല്ല ഭൂമിയില്‍ നിന്നെ നല്ല സസ്യം മുളക്കൂ എന്നത് എത്ര പരമാര്‍ത്ഥം..!ഓര്‍ക്കുന്നില്ലേ പാതിരാവിന്റെ ഇരുട്ടില്‍ പ്രജാക്ഷേമം അന്വേഷിച് നടക്കുകയായിരുന്ന രണ്ടാം ഖലീഫ ഉമര്‍(റ)വിനെ.അന്ന് പാലില്‍ വെള്ളം ചേര്‍ക്കാന്‍ പറഞ്ഞ ഉമ്മയോട് 'ഉമര്‍ കാണുന്നില്ലെങ്കിലും ഏകനായ അല്ലാഹു കാണുന്നുണ്ടല്ലോ' എന്ന് പറഞ്ഞ പെണ്ണിനെ ഓര്‍മ്മയില്ലേ..?

അന്ന് രാത്രി വീട്ടില്‍ തിരിച്ചെത്തിയ ഉമര്‍ ഇബ്നു ഖത്താബ്‌ തങ്ങള്‍ മകന്‍ ആസ്വിമിനെ വിളിച്ചു സംശുദ്ധയായ ആ പെണ്ണിനെ നിക്കാഹ് ചെയ്യിച്ചു.ആ ദാമ്പത്യത്തില്‍ 'ലൈല' എന്ന് പേരിട്ട കുഞ്ഞു മോള്‍ പിറന്നു.കാലത്തിന്റെ ഒഴുക്കില്‍ അവളും ദാമ്പത്യ ജീവിതത്തിലേക്ക് കാലെടുത്തു വെച്ചു.അതില്‍ പിറന്ന കുഞ്ഞു മോനാണ് സാത്വികരില്‍ സാത്വികരായ രണ്ടര വര്ഷം കൊണ്ട് മാതൃക ഭരണത്തിന്റെ പൊന്‍താളുകള്‍ ഇസ്ലാമിക ചരിത്രത്തില്‍ തുന്നിച്ചേര്‍ത്ത ഉമര്‍ ഇബ്നു അബ്ദില്‍ അസീസ്‌.

ചരിത്രത്തിന്റെ തനിയാവര്‍ത്തനം പോലെ ആ ചോരയിലെ നന്മയുടെ വിത്തുകള്‍ മുളച്ചു കൊണ്ടേ ഇരുന്നു.ഭരണമേറ്റെടുത്ത ഉമറുബ്നു അബ്ദുല്‍ അസീസ്‌ തങ്ങള്‍ വീട്ടിലെത്തി സ്വസ്തമായോന്നു കിടന്നതേയുള്ളൂ.അതാ വരുന്നു മകന്‍ അബ്ദുല്‍ മലിക്ക്.വെറും 17 വയസ്സായ മോന്റെ ചോദ്യമാണ് ഉപ്പയോട്‌:

"എന്താണ് സംഭവിച്ചത്?ഉറങ്ങേണ്ട സമയമാണോ ഇത്?".അല്‍പ്പമൊന്നു വിശ്രമിക്കാന്‍ കിടന്നതാണെന്ന് പറഞ്ഞ ബാപ്പയോട് മകന്‍ വീണ്ടും: "മുതലുകള്‍ അതിന്റെ അവകാശികള്‍ക്ക് തിരിചെല്‍പ്പിക്കുന്നതിന്റെ മുമ്പ് നിങ്ങള്‍ ഉറങ്ങുന്നുവെന്നോ?".ഉമര്‍ മറുപടി പറഞ്ഞു:"ഇന്നലെ മുഴുവന്‍ ഉറക്കമിളച്ചു.ളുഹര്‍ നമസ്ക്കാരത്തിനു ശേഷം ബാക്കി പൊതു പ്രവര്‍ത്തനം ആകാം എന്ന് വിചാരിച്ചു.." . "പറ്റില്ല ഉപ്പാ,അത്രയും വരെ നിങ്ങള്‍ ആയുസ്സോടെ ഇരിക്കുമെന്ന് നിങ്ങള്‍ക്ക് എന്ത് ഉറപ്പാനുള്ളത്?".

ബാപ്പക്ക് ഒത്ത മകന്‍.ഹൃദയത്തിലേക്ക് വെളിച്ചത്തിന്റെ പ്രഭ പരത്തി തുളച്ചു കയറിയ വാക്കുകള്‍ കേട്ട് നിറഞ്ഞ മിഴികളോടെ പോന്നു മോനെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് ആ വാപ്പ പറഞ്ഞു:"ദീനിയ്യായ കാര്യത്തില്‍ എനിക്ക് സഹായകം ആയ മോനെ തന്ന അല്ലാഹുവിനു തീര്‍ത്താല്‍ തീരാത്ത നന്ദി.."പിന്നെ ആ ഭരണാധികാരിക്ക് വിശ്രമം തേടി പോകാന്‍ തോന്നിയില്ല.തഖ്‌വയുടെയും സുഹ്ദിന്റെയും പരമോന്നതിയില്‍ വിരാചിച്ച ഇസ്ലാമിക ലോകത്തെ അതുല്യ നക്ഷത്രം ഉമര്‍ ഇബ്നു അബ്ദില്‍ അസീസ്‌ മാറ്റത്തിന്റെ പുതിയ മുഖത്തേക്ക് കാലു വെച്ചു.എത്രത്തോളം എന്നോ...

വിളക്ക് കത്തിച്ചു വെച്ച് രാത്രി പ്രജകളുടെ പരാതികളുടെയും പ്രശ്നങ്ങളുടെയും രേഖകള്‍ പരിശോധിക്കുകയായിരുന്ന ഉമര്‍ ഇബ്നു അബ്ദില്‍ അസീസ്‌ തങ്ങളുടെ റൂമിലേക്ക് ഭ്രിത്യന്‍ എന്തോ കാര്യം പറയാന്‍ കടന്നു വന്നു.ഉടനെ മഹാന്‍ പറഞ്ഞു:"ആ വിളക്ക് അണക്കുക,എന്നിട്ട് കാര്യം പറയുക;മുസ്ലിംകളുടെ പൊതു ഫണ്ടില്‍ നിന്നുള്ള എണ്ണ കൊണ്ട് കത്തുന്ന വിളക്ക് പൊതുകാര്യത്തിനല്ലാതെ എന്റെ വീട്ട് കാര്യം പറയാന്‍ ഉപയോഗിക്കാന്‍ പാടില്ല"..!ഭൃത്യന്‍ വിളക്കണച്ചു,കാര്യം പറഞ്ഞു പോയി.ഖലീഫ വീണ്ടും വിളക്ക് കത്തിച്ചു.ഫയലുകള്‍ പരിശോധിക്കുന്നത് തുടര്‍ന്നു..

അവസാനം രോഗിയായി ദിവസങ്ങളോളം കിടപ്പിലായി.വിഷ ബാധയെറ്റിരിക്കുന്നു.ആളുകള്‍ വന്നും പോയും കൊണ്ടിരിക്കുന്നു.ഖലീഫയുടെ വസ്ത്രമാണെങ്കില്‍ അഴുക്കില്‍ കുളിച്ചിരിക്കുന്നു.വസ്ത്രം മാറ്റിക്കൊടുക്കാന്‍ ഫാതിമയോടു വന്ന ഒരാള്‍ ആവശ്യപ്പെട്ടു.മഹതി ഇന്ഷാ അല്ലാഹ് പറഞ്ഞു.പിറ്റേന്നും വന്ന അയാള്‍ക്ക് ഖലീഫയെ അതെ വസ്ത്രത്തില്‍ കാണാന്‍ കഴിഞ്ഞപ്പോള്‍ ഫാതിമയോട് അന്വേഷിച്ചു.മഹതി പറഞ്ഞു:

"അല്ലാഹു സാക്ഷിയായി പറയട്ടെ,മാറ്റിയുടുക്കാന്‍ ഒരു വസ്ത്രം അദ്ദേഹത്തിനില്ല,ധരിച്ചിരിക്കുന്ന വസ്ത്രം മാത്രമേ ഉള്ളൂ...!"

ആടംബരത്തിന്റെ മടിത്തട്ടില്‍ പാറി നടന്നിരുന്ന ഉമര്‍ എന്ന യുവാവിനു അധികാര സിംഹാസനം ലഭിച്ചപ്പോള്‍ വന്നു പെട്ട മാറ്റമാണിത്.40000 ദിര്‍ഹം കൊണ്ട് ഒരു വര്‍ഷം ചെലവ് കഴിഞ്ഞിരുന്ന മഹാന്‍ വെറും 2 ദിര്‍ഹം കൊണ്ട് ഒരു ദിവസം കഴിഞ്ഞു കൂടി.അവസാനം എതോരുമാനുശ്യനും അഭിമുഖീകരിക്കേണ്ട മരണം എന്ന യാഥാര്‍ത്യം വന്നെതുമ്പോ ഖലീഫ ദാരിദ്ര്യത്തിന്റെ പരകോടിയിലായിരുന്നു.

താങ്കളുടെ മക്കളെ താങ്കള്‍ ദരിദ്രരാക്കിയിരിക്കുന്നു എന്ന് പറഞ്ഞ സുഹൃത്തിനോട്‌ മഹാന്‍ പറഞ്ഞത് 'എന്റെ മക്കള്‍ ഒന്നുകില്‍ തഖ്‌വയുള്ള സദ്‌വൃത്തരായിരിക്കും.എങ്കില്‍ അവരെ അല്ലാഹു സഹായിച്ചു കൊള്ളും,അല്ലെങ്കില്‍ അവര്‍ ദുര്‍വൃത്തര്‍ ആയിരിക്കും-എങ്കില്‍ അല്ലാഹുവിനെ ധിക്കരിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ എനിക്ക് കഴിയില്ല." എന്നാണു മഹാന്‍ പറഞ്ഞത്.

രണ്ടാം ഖലീഫ ഉമര്‍ ഇബ്നു ഖത്താബ്(റ) എന്ന സന്മാര്‍ഗ്ഗ ദീപത്തിന്റെ രക്തം ജീവിത വഴിയിലും ആവാഹിച്ച ,പാതിരാവിലും ഉറങ്ങാതെ എല്ലാം വീക്ഷിക്കുന്ന അല്ലാഹുവിനെ ഭയപ്പെട്ട ചെറുപ്പക്കാരിയുടെ വിശുദ്ധി കളയാതെ കാത്തു സൂക്ഷിച്ച ചരിത്രത്തില്‍ തുല്യതയില്ലാത്ത ആ താബിഈ നക്ഷത്രം ഹിജ്ര വര്ഷം 101 റജബ് മാസം 25 വെള്ളിയാഴ്ച ദിവസം തന്റെ 39ആം വയസ്സില്‍ ബര്‌സഖീ ലോകത്തേക്ക് നടന്നു നീങ്ങി...അവിടുത്തെ ദറജ അല്ലാഹു ഏറ്റി കൊടുക്കട്ടെ.അവരുടെ ബര്‍ക്കത്ത് കൊണ്ട് ഇരു വീട്ടിലും അല്ലാഹു നമ്മെ ഏവരെയും രക്ഷപ്പെടുതട്ടെ..ആമീന്‍..

No comments:

Post a Comment