പരീക്ഷണം
അല്‍പമൊരു ഭയവും വിശപ്പും മൂലവും
സ്വത്തുക്കളിലും ആളുകളിലും ഫലങ്ങളിലുമുള്ള കുറവുമൂലവും നിങ്ങളെ നാം പരീക്ഷിക്കുക
തന്നെ ചെയ്യും . വല്ല വിപത്തും തങ്ങള്‍ക്കു നേരിടുമ്പോള്‍ “നിശ്ചയമായും
ഞങ്ങള്‍ അല്ലാഹുവിന്നുള്ളവരും അവങ്കലേക്ക് മടങ്ങുന്നവരും ആണ് “ എന്ന് പറയുന്ന
ക്ഷമാശീലന്മാര്‍ക്ക് താങ്കള്‍ സന്തോഷവാര്‍ത്ത അറിയിക്കുക.അവര്‍ തങ്ങളുടെ
രക്ഷിതാവിങ്കല്‍ നിന്ന് പാപമോചനങ്ങളും കാരുണ്യവുമുള്ളവര്‍ ആകുന്നു . അവര്‍ തന്നെയാണ്
നേര്മാര്‍ഗ്ഗം പ്രാപിച്ചവരും .(അല്‍ ബഖറ)
പരിശുദ്ധ ഇസ്ലാമിന്റെ വിജയത്തിനും നിലനില്‍പിന്നും
വേണ്ടി അല്ലാഹുവിന്‍റെ വഴിയില്‍ പരിശ്രമിക്കുന്നവര്‍ക്ക് യാതൊരുവിധ
ബുദ്ടിമുട്ടുകളും കഷ്ടനഷ്ടങ്ങളും കൂടാതെ ഉദ്ദേശ്യം നിറവേറുമെന്നു കരുതാന്‍
പാടില്ലെന്നും അവര്‍ പലവിധ കഷ്ടനഷ്ടങ്ങള്‍ക്കും പാത്രീഭാവിക്കുമെന്നും അതെല്ലാം
അല്ലാഹുവില്‍ നിന്നുള്ള ചില പരീക്ഷണങ്ങള്‍ ആണെന്നും അങ്ങനെയുള്ള പരീക്ഷണ
ഘട്ടങ്ങളില്‍ പാദം പതറാതെയും ചിത്തം ചിതറാതെയും ഏതു പ്രതിബന്ധങ്ങളെയും
മല്ലിടുവാനുള്ള ശക്തിയായ ക്ഷമ കൈകൊള്ളുന്നവര്‍ പരലോകത്ത് സൌഭാഗ്യവാന്മാര്‍
ആയിരിക്കുമെന്നും അവര്‍ അല്ലാഹുവിങ്കല്‍ നിന്ന് കരുണാകടാക്ഷങ്ങളും പാപപരിഹാരവും
ഉണ്ടായിരിക്കുമെന്നും ഈ വചനങ്ങള്‍ മൂലം അല്ലാഹു നമ്മെ ഉണര്‍ത്തിയിരിക്കുന്നു .
ആദ്യ കാല മുസ്ലിങ്ങള്‍ ശത്രുക്കളില്‍ നിന്ന്
നിരവധി ദ്രോഹങ്ങള്‍ അനുഭവിക്കേണ്ടതായി വന്നിട്ടുണ്ടെന്ന ചരിത്ര യാഥാര്‍ത്ഥ്യം ആര്‍ക്കും
അജ്ഞാതമല്ല. ശത്രുക്കളുടെ ശല്യം അസഹനീയമായി സ്വദേശം വിട്ടു അവര്‍ ഓടിപ്പോയി . ക്രമപ്രകാരം
ഭക്ഷണാദികള്‍ കഴിക്കുവാനോ തങ്ങളുടെ സ്വത്തുകള്‍ ആയിരുന്ന കന്നുകാലികളെയോ ഫലവൃക്ഷാദികളെയോ
സംരക്ഷിക്കുവാനോ കാലദേശപ്പകര്ച്ചകള്‍ കൊണ്ട് ശരീരങ്ങള്‍ക്കുണ്ടാകുന്ന സുഖക്കേടുകള്‍ക്ക്
പരിഹാരം തേടുവാനോ കഴിയാതെ പലവിധ ദുരിതങ്ങളും അനുഭവിച്ചിരുന്നു അവര്‍ . കൂടാതെ
ഇടക്കിടക്ക് ശത്രുക്കളുമായി സമരം ചെയ്യാന്‍ നിര്‍ബന്ധിതര്‍ ആയിരുന്നതിനാല്‍
സ്വന്തം സഹോദരങ്ങളില്‍ പലരും നഷ്ടപ്പെടെണ്ടതായും വന്നിരുന്നു . അത്തരം
പരീക്ഷണഘട്ടങ്ങളില്‍ അവര്‍ക്കുണ്ടായിരുന്ന താങ്ങും തണലും അല്ലാഹുവിലുള്ള അടിയുറച്ച
വിശ്വാസവും അതിന്‍റെ ഫലമായ സഹനശക്തിയും ആയിരുന്നു . അത്
തന്നെയായിരുന്നു അവരുടെ വിജയരഹസ്യവും.ആ മഹാത്മാക്കളുടെ കാലടിപ്പാടുകള്‍ ഉള്‍കാഴ്ച്ചയോടെ
യഥായോഗ്യം പിന്‍പറ്റിയാല്‍ നമുക്ക് വിജയവും സൗഭാഗ്യവും ഉണ്ട്, നിശ്ചയം.
വല്ല വിപത്തുകളും നേരിടുമ്പോള്‍ അതെത്ര
ചെറിയതായാലും
إِنَّا لِلّهِ وَإِنَّـا
إِلَيْهِ رَاجِعون
എന്ന് ചൊല്ലണം . അത് ക്ഷമാശീലരുടെ
വിശേഷണമായാണല്ലോ ഇവിടെ പറഞ്ഞത്. ഇതിനു വമ്പിച്ച പ്രതിഫലം ഉള്ളതായി ഹദീസുകളില്‍ കാണാം. ഏതു വിപല്‍സന്ധിയിലും
അല്ലാഹുവിലുള്ള വിശ്വാസം മുറുകെപിടിക്കുവാന്‍ കഴിഞ്ഞുവെന്ന് മാത്രമല്ല തജ്ജന്യമായ
സഹനം വാക്കുകളിലൂടെ പ്രകടിപ്പിക്കാനും സര്‍വവും അല്ലാഹുവില്‍ അര്‍പിക്കുവാനും അവന്‍
സന്നദ്ധനായി എന്നാണതിന് കാരണം. ഒരിക്കല്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ) പറഞ്ഞു : “ഒരാളുടെ കുട്ടി മരണപ്പെട്ടാല്‍ അല്ലാഹു
മലക്കുകളോട് ചോദിക്കും : നിങ്ങള്‍ എന്‍റെ അടിമയുടെ മകന്‍റെ ആത്മാവ് പിടിച്ചോ ? മലക്കുകള്‍ : അതെ . അല്ലാഹു : നിങ്ങളവന്‍റെ
കരള്‍കഷണതിന്റെ ആത്മാവ് പിടിച്ചോ . മലക്കുകള്‍ : അതെ.
അല്ലാഹു : അപ്പോള്‍
അവനെന്തു പ്രതികരിച്ചു ? മലക്കുകള്‍ : അവന്‍ നിന്നെ സ്തുതിക്കുകയും ഇന്നാലില്ലാഹി ... ചൊല്ലുകയും
ചെയ്തു . അല്ലാഹു : അവനു നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ ഒരു മന്ദിരം പണിയുകയും അതിനു ‘ബൈത്തുല്ഹംദ്’ എന്ന് പേരിടുകയും
ചെയ്യുക . (അഹ്മദ് , തിര്‍മിദി).
ഏതു പ്രതിസന്ധികളിലും ക്ഷമ കൈകൊള്ളുകയും അല്ലാഹുവിലുള്ള
അചഞ്ചലവിശ്വാസം മുറുകെപ്പിടിക്കുകയും ചെയ്യുന്ന സൗഭാഗ്യവാന്മാരുടെ മികച്ച പ്രതിഫലം
ഇവിടെ വ്യക്തമാക്കി പറയുകയാണ് . അല്ലാഹുവിങ്കല്‍ നിന്നുള്ള മഹത്തായ പാപമോചനം അവര്‍ക്കുണ്ടായിരിക്കും. അവന്‍റെ
കരുണാകടാക്ഷം കൊണ്ട് സായൂജ്യമടയാനും അവര്‍ക്ക് കഴിയും.മാത്രമല്ല അവര്‍
സന്മാര്‍ഗപ്രാപ്തര്‍ ആണെന്നും സര്‍വശക്തന്‍ വ്യക്തമാക്കുകയാണ്.
ഉമര്‍ (റ) പറയുന്നു : ‘ഏതൊരു വിപത്ത്
വന്നെത്തുമ്പോഴും ഞാന്‍ അതില്‍ മൂന്നു അനുഗ്രഹങ്ങള്‍ കാണുന്നുണ്ട് . ഒന്ന്: ആ വിപത്ത് എന്‍റെ
മതകാര്യത്തില്‍ ആയിരിക്കില്ല . രണ്ടു: അതിന്‍റെ മുന്പ് സംഭവിച്ചതിനെ അപേക്ഷിച്ചു അത് ലഘുവായിരിക്കും. മൂന്നു: അല്ലാഹു അതിന്നു
മികച്ച പ്രതിഫലം നല്‍കും‘.
അനസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു : നബി (സ) അരുളി : “ അല്ലാഹു (സു) തആല പറഞ്ഞു : “എന്‍റെ അടിമയെ
അവനു ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു കണ്ണ് നഷ്ടപ്പെടുത്തി കൊണ്ട് ഞാന്‍
പരീക്ഷിക്കുകയും , അവന്‍ അതില്‍ ക്ഷമിക്കുകയും ചെയ്‌താല്‍ ഞാന്‍ അവന്നു സ്വര്‍ഗ്ഗം നല്‍കും " (ബുഖാരി)
അബൂസഈദില്‍ ഖുദ്രി അബൂഹുറൈറ (റ) നിന്ന് റിപ്പോര്‍ട്ട്
ചെയ്യുന്നു : നബി (സ) അരുളി : “ ഒരു മുസ്ലിമിന്നു
എന്തെങ്കിലും രോഗമോ ബുദ്ധിമുട്ടോ വരാനിരിക്കുന്ന കാര്യത്തെ കുറിച്ച് മുഷിപ്പോ , കഴിഞ്ഞ
കാര്യത്തെക്കുറിച്ച് മനോവേദനയോ എന്തെങ്കിലും പ്രയാസങ്ങളോ – കാലില്‍ ഒരു
മുള്ള് തറക്കുക പോലും ചെയ്‌താല്‍ അല്ലാഹു അവന്‍റെ പാപങ്ങള്‍ പൊറുത്തുകൊടുക്കും “. (ബുഖാരി , മുസ്‌ലിം)
അബൂഹുറൈറ(റ) തൊട്ടു ബുഖാരി
ഉദ്ധരിക്കുന്നു , നബി (സ) അരുളി : “ അല്ലാഹു ഒരു
അടിമക്ക് നന്മ ഉദ്ദേശിച്ചാല്‍ അവന്നു പരീക്ഷണങ്ങള്‍ നല്‍കും”
അനസ്(റ) നിന്ന് തിര്‍മിദി റിപ്പോര്‍ട്ട് ചെയ്യുന്നു , നബി (സ) അരുളി : “ ഒരു അടിമക്ക്
അല്ലാഹു നന്മ ഉദ്ദേശിച്ചാല്‍ അവന്‍ ചെയ്ത പാപത്തിനുള്ള ശിക്ഷ ദുനിയാവില്‍ വെച്ച്
തന്നെ നല്‍കും , തിന്മയാണ് അവനെ കൊണ്ട് ഉദേശിച്ചതെങ്കില്‍ ഖിയാമത്ത് നാളില്‍ ശിക്ഷ നല്‍കാന്‍
അവന്‍റെ പാപത്തെ പിന്തിച്ചു വെക്കും “ . (തിര്‍മിദി)
നബി (സ) അരുളി : “ പരീക്ഷണങ്ങളുടെ വലിപ്പം അനുസരിച്ച്
പ്രതിഫലത്തിന്റെ വലിപ്പം കൂട്ടും.അല്ലാഹു ഒരു
സമൂഹത്തെ സ്നേഹിച്ചാല്‍ അവര്‍ക്ക് പരീക്ഷണം നല്‍കും . അതില്‍
ക്ഷമിച്ചവര്‍ക്ക് അല്ലാഹുവിന്‍റെ തൃപ്തി ലഭിക്കും. കോപിച്ചവന്നു
അല്ലാഹുവിന്‍റെ കോപവും ഉണ്ടാകും” (തിര്‍മിദി)
അബൂഹുറൈറ(റ) തൊട്ടു തിര്‍മിദി
ഉദ്ധരിക്കുന്നു , അല്ലാഹുവിന്‍റെ റസൂല്‍ (സ) അരുളി ; “ സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാരുടെ ശരീരം സന്താനം സമ്പത്ത്
എന്നിവയില്‍ പരീക്ഷണം വന്നു കൊണ്ടേ ഇരിക്കും . ഇതില്‍
ക്ഷമിക്കുന്നവന്നു പാപങ്ങള്‍ പൊറുത്തു കൊടുത്തു അവന്‍ മരിക്കുമ്പോള്‍ അവന്‍റെ മേല്‍
ഒരു പാപവും ഉണ്ടാവുകയില്ല” . (തിര്‍മിദി)
അല്ലാഹുവിന്‍റെ റസൂല്‍ (സ) അരുളി “ ഏറ്റവും കൂടുതല്‍
പരീക്ഷണങ്ങള്‍ നേരിടുന്നവര്‍ അമ്പിയാക്കളും പിന്നെ ഔലിയാക്കളും പിന്നെ തഖ്‌വയില്‍
അവരോടു അടുത്തവരും ആയിരിക്കും “ .
ചുരുക്കത്തില്‍ പാപം ചെയ്‌താല്‍ അതിന്‍റെ
പേരില്‍ പരീക്ഷണം നല്‍കി അല്ലാഹു പൊറുക്കുമ്പോള്‍ , അമ്പിയാക്കള്‍ക്കും
പിന്നെ ഔലിയാക്കള്‍ക്കും
പരീക്ഷണങ്ങള്‍ നല്‍കി അല്ലാഹുവിലേക്ക് കൂടുതല്‍
അടുപ്പിക്കുകയും ചെയ്യുന്നു.
ഒരു മുസ്വീബത്ത് രണ്ടു മുസ്വീബത്ത്
ആക്കാതിരിക്കാന്‍ ശ്രദ്ധിക്കുക . ഒന്ന് അവന്‍ നേരിട്ട മുസ്വീബത്ത് രണ്ടു അവന്‍ അക്ഷമന്‍ ആയതിന്റെ പേരില്‍ വലിയ
പ്രതിഫലം നഷ്ടപ്പെടുക.
وَلَا يَظْلِمُ رَبُّكَ أَحَدًا
നബിയെ , അങ്ങയുടെ റബ്ബ് ആരോടും അനീതി
കാണിക്കുകയില്ല
അബൂഹുറൈറ (റ) പറയുന്നു : " അല്ലാഹുവിന്‍റെ റസൂല്‍ (സ) പറഞ്ഞതായി ഞാന്‍
കേട്ടിരിക്കുന്നു : " തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടിമയെ രോഗം കൊണ്ട് പരീക്ഷിക്കുക തന്നെ ചെയ്യും , ആ രോഗം അവന്‍റെ
മുഴുവന്‍ പാപങ്ങളെയും പരിഹരിക്കുന്നത് വരെ
". (ഹാക്കിം)
وَمَآ أَصَـبَكُمْ مِّن مُّصِيبَةٍ فَبِمَا
كَسَبَتْ أَيْدِيكُمْ وَيَعْفُواْ عَن كَثِيرٍ
നിങ്ങളെ എന്തെങ്കിലും വിപത്ത്
ബാധിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചത്
നിമിത്തമായിരിക്കും, പലതിനെക്കുറിച്ചും അവന്‍ നിങ്ങള്‍ക്ക് മാപ്പ് നല്‍കുകയും
ചെയ്യുന്നു.(അശൂറാ-30)
No comments:
Post a Comment